ADVERTISEMENT

തിരുവനന്തപുരം ∙ പി.ടി.തോമസിന് ഭക്ഷണം മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞതിന് സൈബർ ആക്രമണം നേരിടുന്ന ഉമ തോമസിന് പിന്തുണയുമായി മുൻ സ്പീക്കർ ജി.കാർത്തികേയന്‍റെ ഭാര്യയും കേരള സർവകലാശാല മുൻ പരീക്ഷാ കൺട്രോളറുമായ എം.ടി.സുലേഖ. സമാധാനത്തിന് സഹായിക്കുന്ന എന്താണെങ്കിലും അത് ഉമ ചെയ്തോട്ടെയെന്നും അവരെ വിമർശിക്കുന്നത് ശരിയല്ലെന്നും സുലേഖ പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥിയായി തൃക്കാക്കരയിൽ മത്സരിച്ചു ജയിച്ച ശേഷവും ഉമയ്ക്കെതിരെ സൈബർ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു സുലേഖയുടെ പ്രതികരണം. ജികെ (ജി.കാർത്തികേയൻ) ഉള്ളപ്പോൾ എല്ലാ സിനിമയും തിയറ്ററിൽ പോയി കാണും. ജികെ പോയപ്പോൾ താൻ തിയറ്ററിനെ ഉപേക്ഷിച്ചു. ബലിയിടാൻ കറുകയും അരിയും മാത്രമല്ല, ഓർമകളുമുണ്ടെന്നും സുലേഖ പറഞ്ഞു.

മരണപ്പെട്ട പി.ടി.തോമസിനായി ഭാര്യ ഉമ തോമസ് ഒരു പ്ലേറ്റിൽ ഭക്ഷണം മാറ്റിവച്ചത് ‘ഓവർ’ ആയെന്ന തരത്തിൽ സമൂഹമാധ്യമത്തിൽ ചിലർ പരിഹസിച്ചിരുന്നു. ഈ വിഷയത്തിൽ തിരുവനന്തപുരം വിമൻസ് കോളജ് അസി.പ്രഫസർ രജിത് ലീല രവീന്ദ്രൻ എഴുതിയ ഫെയ്സ്ബുക് കുറിപ്പിനു താഴെയാണു തന്റെ നിലപാട് സുലേഖ കമന്റ് ചെയ്തത്.

pt-thomas-and-uma-thomas

സുലേഖയുടെ കമന്റ് ഇങ്ങനെ:

ഇതൊന്നും, ഈ ബന്ധങ്ങളുടെ ഇഴയടുപ്പമൊന്നും പലർക്കും മനസ്സിലാവില്ല. നഷ്ടപ്പെടലിന്റെ ആദ്യ ആഴ്ചയിലെ മരവിപ്പ്, എവിടെയൊക്കെയോ ഇപ്പോഴും കൂടെയുണ്ടെന്ന തോന്നൽ. കുറച്ചു കഴിഞ്ഞു ആ സത്യവുമായി പൊരുത്തപ്പെട്ടു കഴിയുമ്പോൾ, അതുവരെ ഹൃദയത്തിന് പുറത്തിരുന്ന കരിങ്കല്ല് ഹൃദയത്തിന് ഉള്ളിലേക്കു ഇറങ്ങുകയാണ്. താങ്ങാൻ കഴിയാതാവൽ അപ്പോൾ കൂടുന്നതേയുള്ളൂ. പുറത്തുള്ളവർക്ക് അതു മനസ്സിലാവില്ല എന്നു മാത്രം.

മുത്താണമ്മ: ഉമ തോമസ് വീട്ടിലെത്തിയപ്പോൾ, കെട്ടിപ്പിടിച്ചു മുത്തം നൽകുന്ന മക്കളായ വിവേക്, വിഷ്ണു, മരുമകൾ ബിന്ദു എന്നിവർ.
മുത്താണമ്മ: ഉമ തോമസ് വീട്ടിലെത്തിയപ്പോൾ, കെട്ടിപ്പിടിച്ചു മുത്തം നൽകുന്ന മക്കളായ വിവേക്, വിഷ്ണു, മരുമകൾ ബിന്ദു എന്നിവർ.

തിരുവനന്തപുരത്ത് ഏതു സിനിമ ഇറങ്ങിയാലും ഞങ്ങളെ കണ്ടില്ലെങ്കിൽ തിയറ്ററുകാർ ജികെയെ വിളിക്കും; സാറിനെയും ടീച്ചറിനെയും കണ്ടില്ലല്ലോ എന്ന അന്വേഷണവുമായി. ഞാൻ കണ്ടയത്ര സിനിമ എന്റെ പ്രായക്കാരികൾ ആരുംതന്നെ കണ്ടിരിക്കാനിടയില്ല. ജികെ പോയപ്പോൾ ഞാൻ തിയറ്ററിനെ ഉപേക്ഷിച്ചു. ശബരിയുടെ നിർബന്ധത്തിൽ വല്ലപ്പോഴും ആമസോണിലോ ഹോട്സ്റ്റാറിലോ അവൻ ഇട്ടു തരുന്ന സിനിമ കണ്ടാലായി.

ബ്രേക്ക്‌ ഫാസ്റ്റ് മുതൽ മീനും ഇറച്ചിയും ആസ്വദിച്ചിരുന്നു ഞങ്ങൾ. ഇല്ലാതെ പറ്റില്ല എന്ന അവസ്ഥ.. രോഗം പിടിമുറുക്കിയ കാലം മുതൽ ദാ ഇപ്പോൾ വരെ ഞാൻ വെജ് ആണ്. ഇനി ജന്മം മുഴുവനും. ബലിയിടാൻ കറുകയും അരിയും മാത്രമല്ല മോനേ ഉള്ളത്..അതിനായി ഓർമകളുണ്ട്... ഇഷ്ടങ്ങളുണ്ട്.. ശീലങ്ങളുണ്ട്. ഉമയും അവളുടെ ഇഷ്ടത്തിന് അതു ചെയ്യട്ടെ.. സമാധാനത്തിന് സഹായിക്കുന്ന എന്തും.. അത് ഏതോ ഒരു നിമിഷത്തിൽ പുറത്തുപറഞ്ഞതിന് അവരെ വിമർശിക്കുന്നത് ശരിയല്ല..

English Summary: MT Sulekha support Uma Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com