ADVERTISEMENT

തിരുവനന്തപുരം∙ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനു നേരെ പ്രതിഷേധിച്ചവർ മദ്യപിച്ചാണ് വന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. ഭീകര പ്രവർത്തനമാണ് നടന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇ.പി.ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ തള്ളി മാറ്റിയത് ഇ.പി.ജയരാജനായിരുന്നു. വിമാനം ലാൻഡ് ചെയ്തതിനു ശേഷമാണ് സംഭവമുണ്ടായതെന്ന് ഇപി പറഞ്ഞു. ആളുകൾക്ക് ഇറങ്ങാനുള്ള അനുമതിയായപ്പോൾ മുഖ്യമന്ത്രി എണീറ്റു. ഇവർ വിമാനത്തിന്റെ മുൻവശത്തുനിന്നാണ് വന്നത്. വെള്ളമടിച്ചതിനാൽ മര്യാദയ്ക്ക് സംസാരിക്കാൻ കഴിയുന്നില്ലായിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാൻ കുടിപ്പിച്ച് കയറ്റിവിടുകയായിരുന്നു. കോൺഗ്രസ് നേതാക്കൾ അറിയാതെ വിമാനത്തിൽ അക്രമം നടക്കില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

എന്തു ഡിമാൻഡ് വച്ചിട്ടാണ് പ്രതിപക്ഷം സമരം ചെയ്യുന്നതെന്നു ഇപി ചോദിച്ചു. ഒരു വർഷം പൂർത്തിയാക്കിയ എൽഡിഎഫ് സർക്കാർ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കുകയാണ്. വികസനം മുരടിപ്പിക്കാനാണ് അക്രമം അഴിച്ചുവിടുന്നത്. ജനങ്ങൾ ഈ അക്രമത്തെ എതിർക്കണം. ഇതിനെ പ്രോത്സാഹിപ്പിക്കരുത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരുകാരാണോ എന്ന് അറിയില്ല.

നടപടി സ്വീകരിക്കേണ്ടത് വിമാനത്താവള അധികൃതരാണ്. മുഖ്യമന്ത്രിക്കു വിമാനത്തിൽപോലും യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതി കോൺഗ്രസുകാരുണ്ടാക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ഭീകരവാദികൾ മാത്രമേ ഇങ്ങനെ ചെയ്തിട്ടുള്ളൂ. പൊലീസിനെ കബളിപ്പിച്ച് വിമാനത്തിൽ കയറിയത് ഭീകരപ്രവർത്തനമാണ്. നാളെ ഇവർ ബോംബെറിയും. ജനാധിപത്യ സമരം ക്ലച്ച് പിടിക്കുന്നില്ല. അതാണ് കോൺഗ്രസ് അക്രമം നടത്തുന്നതെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

English Summary: EP Jayarajan on Protest Against CM Pinarayi Vijayan in Flight
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com