ADVERTISEMENT

കോഴിക്കോട്∙ സമൂഹമാധ്യമങ്ങൾ വഴി പോരടിക്കുന്നതു തുടര്‍ന്ന് മുൻമന്ത്രി കെ.ടി ജലീലും മുസ്​ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബും. മൈദ പശയ്ക്ക് വേണ്ടി കടിപിടി കൂടുന്ന വളർത്തുമൃഗത്തോട് ഉപമിച്ചുള്ള റബ്ബിന്റെ പരിഹാസത്തിനു പിന്നാലെ റബ്ബ് തിരിയാത്ത കൂട്ടത്തിലാണെന്നും അതുകൊണ്ടാണ് ’ഗംഗ’യെന്നു പേരുള്ള ഔദ്യോഗിക വസതിയുടെ പേര് വരെ മാറ്റിയതെന്നും തലയില്‍ ആൾത്താമസമില്ലാത്ത ഇരുകാലികള്‍ക്കു കയറിക്കിടക്കാന്‍ കൂടുണ്ടായിട്ട് കാര്യമില്ലെന്നും ജലീല്‍ പരിഹസിക്കുന്നു. 

പോസ്റ്റിങ്ങനെ: ‘ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന് പേരിട്ട ഒദ്യോഗിക വസതിയിൽ താമസിച്ചാൽ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിന്‍റെ പേര് മാറ്റിയത്. തലയിൽ ആൾത്താമസമില്ലാത്ത ഇരുകാലികൾക്ക് കേറിക്കിടക്കാൻ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?' 

ലോക കേരള സഭ മുസ്‌ലിം ലീഗ് ബഹിഷ്ക്കരിച്ചതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ കെ.ടി ജലീലും പി.കെ. അബ്ദുറബ്ബും ഏറ്റുമുട്ടിയത്. ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാടിനെ ലോക കേരളസഭയിൽ പങ്കെടുത്ത് എം.എ. യൂസഫലി കടുത്ത ഭാഷയിൽ വിമർശിച്ചതിനു പിന്നാലെ പരോഷ വിമർശനവുമായി ലീഗ് നേതാവ് കെ.എം. ഷാജി രംഗത്തെത്തിയിരുന്നു. നരേന്ദ്രമോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണു ലീഗിനെ വിമർശിക്കുന്ന വ്യവസായിയെന്നും ലീഗിനെ വിമർശിക്കാൻ വന്നാൽ വിവരമറിയുമെന്നായിരുന്നു ഷാജിയുടെ വിമർശനം. 

എന്നാൽ ഈ പ്രസ്താവനയെ തള്ളി ലീഗ് നേതൃത്വം രംഗത്തെത്തി. യൂസഫലി ആദരണീയ വ്യക്തിത്വമാണെന്നും അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തിരുത്തി. പിന്നാലെ ആർക്കെങ്കിലും വിൽക്കാനും വിലക്കെടുക്കാനും ലീഗ് വാണിയങ്കുളം ചന്തയിലെ നാൽക്കാലിയല്ലെന്നാണു സാദിഖലി തങ്ങൾ പറഞ്ഞതിന്റെ പച്ച മലയാളത്തിലുള്ള അർഥം ചെലർക്ക് തിരിം. ചെലർക്ക് തിരീല്ലെന്ന് ജലീൽ പോസ്റ്റിട്ടു. പിന്നാലെയായിരുന്നു അബ്ദുറബ്ബിന്റെ മൈദ പശയ്ക്ക് വേണ്ടി കടിപിടി കൂടുന്ന വളർത്തുമൃഗമെന്ന പ്രയോഗം. 

കയറിക്കിടക്കാൻ കൂടു പോലുമില്ലാതെ, അങ്ങാടികളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടിസുകളിലെ മൈദ പശക്കു വേണ്ടിപോലും കടിപിടികൂടുന്ന ചില വളർത്തുമൃഗങ്ങളുമുണ്ട്...!അവയെയോർത്ത് സഹതാപം മാത്രം.ചെലോൽക്ക് തിരിം, ചെലോൽക്ക് തിരീല–  പി.കെ. അബ്ദുറബ്ബ് ജലീലിന് മറുപടിയായി കുറിച്ചു. പിന്നാലെയായിരുന്നു ജലീലിന്റെ കുറിപ്പ്.

English Summary: Spat between  P.K. Abdu Rabb and K. T. Jaleel in Social Media continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com