ADVERTISEMENT

തിരുവനന്തപുരം∙ വിവിധ ആക്ഷേപങ്ങള്‍ക്കിടയിലും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയെ തൊടാതെയാണു പൊലീസ് തലപ്പത്തു സർക്കാർ അഴിച്ചുപണി നടത്തിയത്. ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥർ ഒതുക്കപ്പെട്ടപ്പോൾ സർക്കാരിന്റെ ഗുഡ് ബുക്കിൽ കയറിയ ഉദ്യോഗസ്ഥർ പ്രധാന തസ്തികകളിലേക്കു തിരിച്ചെത്തി. തീരുമാനങ്ങളെല്ലാം പിഴച്ചെന്ന പഴികേൾക്കേണ്ടിവന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ നേതൃത്വത്തിൽ നടന്ന അഴിച്ചുപണിയുടെ ഫലമേതായാലും സർക്കാരിനു നിർണായകമാകും.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പ്രധാന തസ്തികകളിൽ നിയമനം നൽകാതിരുന്ന എഡിജിപി പദ്മകുമാറിനെ പൊലീസ് ആസ്ഥാനത്താണ് എഡിജിപിയായി നിയമിച്ചത്. യുഡിഎഫുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനെന്ന വിലയിരുത്തലിലായിരുന്നു പ്രധാന തസ്തികകളിൽനിന്ന് നേരത്തെ ഒഴിവാക്കിയത്.

സീനിയർ ഉദ്യോഗസ്ഥനായ എഡിജിപി യോഗേഷ് ഗുപ്തയെ വീണ്ടും പ്രധാന തസ്തികകളിൽനിന്ന് ഒഴിവാക്കി. ആറു മാസത്തിനിടെ അഞ്ചു സ്ഥലം മാറ്റമാണ് യോഗേഷ് ഗുപ്തയ്ക്കു ലഭിച്ചത്. നേരത്തെ ചുമതലയുണ്ടായിരുന്ന ബവ്റിജസ് കോർപറേഷന്‍ എംഡിയായാണ് യോഗേഷിനെ മാറ്റിയത്. ഡപ്യൂട്ടേഷൻ കഴിഞ്ഞു കേരളത്തിൽ മടങ്ങിയെത്തിയശേഷം പ്രധാന തസ്തികയൊന്നും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. 

എഡിജിപി യോഗേഷ് ഗുപ്ത
യോഗേഷ് ഗുപ്ത.

ഏറെക്കാലമായി പൊലീസ് ആസ്ഥാനത്ത് വിവിധ തസ്തികകളിൽ തുടർന്ന എഡിജിപി മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയെന്ന സുപ്രധാന തസ്തികയിൽ നിയമിച്ചു. പൊലീസിനു പുറത്ത് മനോജ് എബ്രഹാം സേവനം അനുഷ്ഠിക്കുന്നത് ഏറെനാളിനുശേഷമാണ്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്നയുമായി ബന്ധപ്പെട്ട ഫോൺവിളികളുടെ പേരിൽ ഒഴിവാക്കപ്പെട്ട എഡിജിപി എം.ആർ.അജിത് കുമാറിനെ ബറ്റാലിയൻ എഡിജിപിയുടെ പ്രധാന തസ്തികയിലേക്കു കൊണ്ടുവന്നു.

കേരള പൊലീസ് ആസ്ഥാന മന്ദിരം.
കേരള പൊലീസിന്റെ ആസ്ഥാനം.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം തടയുന്നതിൽ വീഴ്ച വരുത്തിയതാണ് വയനാട് എസ്പി അരവിന്ദ് സുകുമാറിനു വിനയായത്. ബവ്റിജസ് കോർപറേഷനിലെ അഴിമതി തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിനിടയിലാണ് ശ്യാംസുന്ദർ ഐപിഎസിനെ എംഡി സ്ഥാനത്തുനിന്നും മാറ്റിയത്.

English Summary: LDF government political interest reflects in Kerala Police's major reshuffle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com