ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ്‌ നേതാവ് രാമഭദ്രനെ പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്ന് കേസിലെ നാലാം സാക്ഷിയും രാമഭദ്രന്റെ ഭാര്യയുമായ ബിന്ദു കോടതിയിൽ മൊഴി നൽകി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.

വെട്ടു കൊണ്ട് ഓടിപ്പോയ രാമഭദ്രനെ പ്രതികൾ ഓടിച്ചിട്ട്‌ വെട്ടിയെന്നു ബിന്ദു പറഞ്ഞു. പത്തുപേർ അടങ്ങിയ സംഘമാണ് വീട്ടിൽ എത്തിയത്. തന്റെയും രണ്ടു പെണ്‍മക്കളുടെയും കഴുത്തിൽ വാൾ  വച്ചശേഷം ബഹളം ഉണ്ടാക്കരുതെന്നു പറഞ്ഞു. കൊലയ്ക്കുശേഷം പ്രതികൾ ജീപ്പിൽ കയറി പോയി. രാഷ്ട്രീയ വൈരാഗ്യം കൊണ്ടാണ് തന്നെ വെട്ടിയതെന്നു മരിക്കുന്നതിനു മുൻപായി രാമഭദ്രൻ പറഞ്ഞിരുന്നതായും ബിന്ദു മൊഴി നൽകി. 

വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികളായ ഷിബു, സുധീഷ്, ഷാൻ, രതീഷ്, ബിജു, രഞ്ജിത്, സാലി, റിയാസ്, മാർക്സൺ, യേശുദാസ് എന്നിവരെ സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു.12 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും അന്നത്തെ സംഭവങ്ങൾ മനസ്സിലുണ്ടെന്നും മറക്കാൻ കഴിയില്ലെന്നും കരഞ്ഞുകൊണ്ട് ബിന്ദു പറഞ്ഞു.

നാട്ടിലെ മുഴുവൻ ജനങ്ങൾക്കും രാഷ്ട്രീയം നോക്കാതെ താൻ സഹായം ചെയ്യാറുണ്ടെന്നും ഇതു കാരണം സിപിഎമ്മിൽനിന്നും നിരവധി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നതായും ഭർത്താവ് പറഞ്ഞിട്ടുണ്ടെന്ന് ബിന്ദു വ്യക്തമാക്കി. ഇതുകാരണം സിപിഎം നേതാക്കൾക്കു രാമഭദ്രനോട് വൈരാഗ്യം ഉണ്ടായിരുന്നു.

ജയ് മോഹൻ, ബാബു പണിക്കർ, സുമൻ, അഫ്സൽ, പത്മൻ, ഗിരീഷ് എന്നിവർക്ക് തന്നോട് വൈരാഗ്യം ഉണ്ടായിരുന്നതായി മരണത്തിനു തൊട്ടുമുൻപ് തന്നോട് പറഞ്ഞതായും ബിന്ദു മൊഴി നൽകി. സംഭവത്തിനു ശേഷം രാമഭദ്രന്റെ അമ്മയുടെ സംസാരശേഷി നഷ്ടപ്പെട്ടതായും ബിന്ദു പറഞ്ഞു.

രാമഭദ്രൻ കോൺഗ്രസ് പാർട്ടിയുടെ പ്രചാരം വർധിപ്പിച്ചതും സിപിഎം പ്രവർത്തകരെ കോൺഗ്രസ് പാർട്ടിയിലേക്കു കൊണ്ടുവരാൻ ശ്രമിച്ചതുമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സിബിഐ കേസ്.  

English Summary: Congress leader Ramabhadran murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com