സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചു; രോഗം വിദേശത്തുനിന്നെത്തിയ കൊല്ലം സ്വദേശിക്ക്
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു. ജൂലൈ 12ന് യുഎഇയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ ആളിലാണ് അസുഖം സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കേസാണിത്. മുൻപ് കോവിഡ് രോഗവും ഇന്ത്യയിൽ ആദ്യം കേരളത്തിലായിരുന്നു റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചയാളിന്റെ അച്ഛനും അമ്മയും, ടാക്സി – ഓട്ടോ ഡ്രൈവർ ഉൾപ്പെടെ 11 പേരാണു സമ്പർക്കത്തിൽ വന്നത്. കൊല്ലം ജില്ലയിൽനിന്നുള്ള ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽനിന്നാണു മെഡിക്കൽ കോളജിലേക്കു രോഗിയെ കൊണ്ടുവന്നത്. മെഡിക്കൽ കോളജിൽനിന്നാണു സാംപിൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. അടുത്ത സമ്പർക്കം ഉണ്ടെങ്കിൽ മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു രോഗം പടരും.
മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്കു വാനരവസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്കു രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളില്‍നിന്ന് മറ്റൊരാളിലേക്കു പകരും. പ്ലാസന്റ വഴി അമ്മയില്‍നിന്നു കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.
സാധാരണഗതിയില്‍ വാനര വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് 6 മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം. 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.
∙ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
മങ്കിപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡിനെ പോലെ മങ്കിപോക്‌സിനെയും പ്രതിരോധിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Monkeypox confirmed in Kerala