ചലച്ചിത്രോത്സവ വേദിയില്‍ പ്രതിഷേധം; സംവിധായിക കുഞ്ഞില മസിലമണി കസ്റ്റഡിയില്‍
Mail This Article
കോഴിക്കോട്∙ മൂന്നാമത് രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയില്‍ പ്രതിഷേധിച്ചതിനെ തുടർന്ന് സംവിധായിക കുഞ്ഞില മസിലമണി പൊലീസ് കസ്റ്റഡിയില്‍.‘കെ.കെ.രമ സിന്ദാബാദ്, ടി.പി.ചന്ദ്രശേഖരൻ സിന്ദാബാദ്, പിണറായി വിജയൻ എന്നെ അറസ്റ്റ് ചെയ്തു, മുഖ്യമന്ത്രി കസേരയിലിരിക്കാൻ ഞാനാണ് യോഗ്യ’ എന്നിങ്ങനെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ ഇവർ മുദ്രാവാക്യം മുഴക്കി. പൊലീസ് സ്റ്റേഷനിൽ എസ്‌ഐയുടെ തൊപ്പിവച്ച് ഇവർ ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു.
ഫെസ്റ്റിവലിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന് കുഞ്ഞില ആരോപിച്ചിരുന്നു. എന്നാൽ ചെയർമാൻ അടക്കമുള്ളവർ പ്രതികരിച്ചിരുന്നില്ല. ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റിലെ തന്റെ ചിത്രമായ അസംഘടിതർ, റത്തിന സംവിധാനം ചെയ്ത പുഴു തുടങ്ങിയ മലയാളി വനിതാ സംവിധായകരുടെ സിനിമകൾ ഫെസ്റ്റിവലിൽ ഉൾപ്പെടുത്താതിനെതിരെയാണ് ഇവർ ഫിലിം ഫെസ്റ്റിവൽ വേദിയിൽ പ്രതിഷേധിച്ചത്. സ്റ്റേജിൽ കയറി പ്രതിഷേധിച്ച കുഞ്ഞിലയെ വനിതാ പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ, തന്റെ ചിത്രമായ അസംഘടിതർ മേളയിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് പ്രതിഷേധം രേഖപ്പെടുത്തുമെന്ന് കുഞ്ഞില ഫെയ്‌സ്ബുക്കിൽ കുറിച്ചിരുന്നു. രഞ്ജിത്തിനോട് തന്റെ ചിത്രം ഒഴിവാക്കിയതിനെ കുറിച്ച് വാട്‌സാപ്പിൽ ചോദിച്ച മെസേജും ഇവർ പുറത്തുവിട്ടു. തനിക്ക് വേദിയിൽ പ്രസംഗിക്കാൻ അവസരം തരണമെന്നും മേളയുടെ പാസ് അനുവദിക്കണമെന്നും മെസേജിൽ ആവശ്യപ്പെട്ടിരുന്നു.
ശേഷം, മേള വേദിയിലെത്തിയ ഇവർ, തന്റെ മെസേജ് കണ്ടോയെന്നും അതേപ്പറ്റി എന്താണ് പറയാനുള്ളതെന്നും രഞ്ജിത്തിനോട് ചോദിച്ചു. എന്നാൽ താൻ മെസേജ് കണ്ടില്ലെന്നും ഫെയ്‌സ്ബുക്ക് ലൈവ് അവസാനിപ്പിച്ചു വന്നാൽ വിഷയം ചർച്ച ചെയ്യാമെന്നും രഞ്ജിത്ത് മറുപടി നൽകി. ഇതിന് ശേഷം ഇവർ വേദിയിൽ കയറി പ്രതിഷേധിക്കുകയായിരുന്നു.
English Summary: Womens film festival: Director Kunjila Masilamani in Police custody