പ്രസിഡന്റ് തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക പിൻവലിച്ച് സജിത് പ്രേമദാസ, നാടകീയ നീക്കം
Mail This Article
കൊളംബോ∙ ശ്രീലങ്കയിൽ നാളെ പാർലമെന്റിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കുന്നതായി പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ. എസ്എൽപിപിയുടെ (ശ്രീലങ്ക പൊതുജന പെരമുന) വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപെരുമയ്‌ക്കു പിന്തുണ നൽകുന്നതിനായാണു സജിത് പ്രേമദാസയുടെ പിൻമാറ്റം.
10 എംപിമാരുമായി എസ്എൽപിപി വിട്ട മുൻവാർത്താവിതരണ മന്ത്രി ഡള്ളസ് അലഹപെരുമയെ പിന്തുണയ്ക്കുന്നതായി സജിത് പ്രേമദാസ അറിയിച്ചു. പ്രേമദാസയെ 50 എംപിമാർ പിന്തുണച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കുന്നതായി സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു സജിത് പ്രേമദാസയുടെ പ്രഖ്യാപനം.
ഭരണകക്ഷിയുടെ പിന്തുണയോടെ റനിൽ വിക്രമസിംഗെ (യുഎൻപി), ജനത വിമുക്തി പെരമുനയുടെ (ജെവിപി) അനുര കുമാര ദിസനായകെ, എസ്എൽപിപി (ശ്രീലങ്ക പൊതുജന പെരമുന)യുടെ വിഘടിത വിഭാഗം നേതാവ് ഡള്ളസ് അലഹപ്പെരുമ എന്നിവരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. റനിൽ വിക്രമസിംഗെയെ കൂടി പുറത്താക്കിയാൽ മാത്രമേ രാജപക്സെ കുടുംബത്തെ അധികാരത്തിൽനിന്ന് പൂർണമായും പുറത്താക്കാൻ സാധിക്കുകയുള്ളൂവെന്നും രാജപക്സെ കുടുംബത്തിന്റെ നയങ്ങളാണ് റനിൽ പിന്തുടരുന്നതെന്നും സജിത് പ്രേമദാസ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
റനിൽ വിക്രമസിംഗെയ്ക്കെതിരെ പോരാട്ടം കടുപ്പിക്കാനാണ് ഡള്ളസ് അലഹപ്പെരുമയെ പിന്തുണയ്ക്കാനുള്ള തീരുമാനം. 225 അംഗ പാർലമെന്റിൽ, രാജ്യംവിട്ട മുൻപ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ കക്ഷിയായ എസ്എൽപിപിക്കാണു ഭൂരിപക്ഷം. റനിലിനെ പിന്തുണയ്ക്കുമെന്നു എസ്എൽപിപി വ്യക്തമാക്കി. മത്സരരംഗത്തുള്ള വിമതനേതാവ് ഡള്ളസ് അലഹപ്പെരുമയെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് സജിത് പ്രേമദാസയുടെ നിർണായക നീക്കം. പാർലമെന്റിൽ റനിലിന്റെ പാർട്ടിക്കു മറ്റ് അംഗങ്ങളില്ല. പ്രതിപക്ഷ കക്ഷികൾക്കൊപ്പം ചേർന്ന് ഡള്ളസ് അലഹപ്പെരുമയുടെ വിജയം ഉറപ്പാക്കുമെന്നും സജിത് പ്രേമദാസ പറഞ്ഞു.
English Summary: Sajith Premadasa withdraws candidacy; SJB to support Dullas for Presidency