കണ്ണൂരിൽ കല്യാണത്തിന് കാവലിന് 4 പൊലീസുകാർ; സേനയിൽ കടുത്ത അമർഷം
Mail This Article
തിരുവനന്തപുരം∙ കണ്ണൂരിൽ കല്യാണത്തിന് 4 പൊലീസുദ്യോഗസ്ഥരെ വാടകയ്ക്കു നൽകിയ സംഭവത്തിൽ പൊലീസിനുള്ളിൽ കടുത്ത അമർഷം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പരാതി നൽകി. പൊലീസിനെ പ്രദർശന വസ്തുവാക്കരുതെന്ന് ഓഫിസേഴ്സ് അസോസിയേഷൻ പറഞ്ഞു.
ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങിന് എത്തുന്ന വിഐപി, അയാളെ സംബന്ധിച്ചു മാത്രമാണ് വിഐപി. സംസ്ഥാന പൊലീസിന് അവർ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവർ അതിനു ശേഷം ആരോപണ വിധേയരാകുന്നതും പിന്നീട് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിതെന്നും പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു പറഞ്ഞു.
സി.ആർ.ബിജുവിന്റെ ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം
കണ്ണൂർ ജില്ലയിലെ ഒരു സ്വകാര്യ ചടങ്ങിന് 4 പൊലീസ് ഉദ്യോഗസ്ഥന്മാരെ അനുവദിച്ച ഡിപ്പാർട്ട്മെന്റ് നടപടി മാധ്യമ വാർത്തകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. നിയമപരമല്ലാത്ത ഒരു കാര്യത്തിനും പൊലീസിനെ ഉപയോഗിക്കാൻ പാടില്ല എന്നത് തർക്കമറ്റ കാര്യമാണ്. ഇന്ത്യക്ക് തന്നെ മാതൃകയായ പൊലീസ് ആക്ടാണ് കേരളത്തിനുള്ളത്. ഈ പൊലീസ് ആക്ടിൽ ജനപക്ഷ ചിന്തയിൽ, മികച്ച പൊലീസിങ്ങിനും പൊലീസ് സേവനത്തിനും ആവശ്യമായ എല്ലാം നിലവിലുണ്ട്. അതിന് വിരുദ്ധമായ സാഹചര്യത്തിലേക്ക് പൊലീസ് സേനയെ ഉപയോഗിക്കാതിരിക്കാനും വ്യക്തമായ സെക്‌ഷനുകൾ പൊലീസ് ആക്ടിലുണ്ട്.
കേരള പൊലീസ് ആക്ട് സെക്‌ഷൻ 62 ഈ കാര്യം വ്യക്തമായി പരാമർശിക്കുന്നുണ്ട്. സെക്‌ഷൻ 62(2) ൽ ഒരു സ്വകാര്യ വ്യക്തിക്കോ സ്വത്തിനോ മാത്രമായി സൗജന്യമായോ ഫീസ് ഈടക്കിക്കൊണ്ടോ പ്രത്യേക പൊലീസിനെ ഉപയോഗിക്കാൻ ആർക്കും അവകാശമില്ല എന്ന് വ്യക്തമായി പറയുന്നുണ്ട്.
എന്നാൽ മറ്റ് സർക്കാർ വകുപ്പുകളിൽ എന്ന പോലെ പൊലീസ് വകുപ്പിന്റെയും സ്ഥലമോ സാമഗ്രികളോ ഉപയോഗിക്കേണ്ടി വന്നാൽ അതിന് കൃത്യമായ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവും നിലവിലുണ്ട്. കാലങ്ങളായി നിലനിൽക്കുന്ന ഈ ഉത്തരവ് അവസാനമായി പരിഷ്കരിച്ച് 15/06/2022 ൽ GO(MS ) 117/2022/ ആഭ്യന്തരം ഉത്തരവാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്.
പൊലീസിന് മാത്രമായി കൈവശമുള്ള സംവിധാനങ്ങൾ ആവശ്യമായ ഘട്ടങ്ങൾ ഉണ്ടായാൽ അത് ആവശ്യക്കാർക്ക് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. പൊതുപരിപാടികളിലെ മൈക്ക് ഉപയോഗത്തിനുള്ള അനുമതി, ഇത്തരം പ്രചാരണ വാഹനത്തിനുള്ള അനുമതി, അതുപോലെ സിനിമാ - സീരിയൽ തുടങ്ങിയവയുടെ നിർമ്മാണ ആവശ്യങ്ങൾക്ക് പൊലീസ് വയർലസ് സെറ്റ്, പൊലീസ് ഡോഗ്, പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, പൊലീസ് വാഹനങ്ങൾ, പോലീസ് സേനാംഗങ്ങൾ എന്നിവ നിശ്ചിത നിരക്കിൽ വിട്ട് നൽകാനും ഈ ഉത്തരവ് കൃത്യമായി പറയുന്നു.
കൂടാതെ സ്വകാര്യ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സുരക്ഷ ആവശ്യമാണ് എന്ന് ബോധ്യപ്പെടുന്ന പക്ഷം അത്തരക്കാർക്കും സ്ഥാപനങ്ങൾക്കും സുരക്ഷ നൽകാൻ പണം കൊടുത്ത് ഉപയോഗിക്കാൻ ഉതകുന്ന സ്റ്റേറ്റ് ഇന്റസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ( SISF) രൂപീകരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. അല്ലാതെ ഏതെങ്കിലും വ്യക്തിയുടെ മക്കളുടെ ആഡംബര വിവാഹത്തിനോ പേരക്കുട്ടിയുടെ നൂലുകെട്ടിനോ ഉപയോഗിക്കേണ്ടവരല്ല സംസ്ഥാനത്തെ ക്രമസമാധാന പരിപാലനത്തിന് ഉപയോഗിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ. ഇത്തരത്തിൽ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന് കേരള നിയമസഭ പാസാക്കിയ കേരള പൊലീസ് ആക്ട് വ്യക്തമായി പറയുന്നു എന്ന കാര്യം വിസ്മരിക്കേണ്ടതില്ല.
ഇനി, ഇത്തരം സ്വകാര്യ ചടങ്ങുകളിൽ പങ്കെടുന്നതിൽ സുരക്ഷ നൽകേണ്ട ഏതെങ്കിലും വ്യക്തികൾ ഉണ്ടെങ്കിൽ അവർക്ക് സുരക്ഷ നൽകാൻ നിലവിൽ തന്നെ വകുപ്പുകൾ ഉണ്ട്. അത് കൃത്യമായി പൊലീസ് നൽകി വരുന്നുമുണ്ട്.
ഒരു വ്യക്തിയുടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്ന വിഐപിമാരുടെ സുരക്ഷ എന്നതും ഗൗരവമായി കാണേണ്ടതാണ്. ആ വ്യക്തിയുടെ വിഐപി, അയാളെ സംബന്ധിച്ച് മാത്രമാണ് വിഐപി. സംസ്ഥാന പൊലീസിന് അവർ വിഐപി ആകണമെന്നില്ല. ഇങ്ങനെ പലപ്പോഴും വിഐപി പരിവേഷം ഉണ്ടായിരുന്നവർ അതിന് ശേഷം ആരോപണ വിധേയരായി മാറുന്നതും പലരും ആരോപണങ്ങൾ ശരിവച്ച് ജയിലിലാകുന്നതും കണ്ടുവരുന്ന കാലമാണിത് എന്ന് കൂടി ഓർക്കേണ്ടതുണ്ട്.
ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചില മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തതോടെ ഇത്തരത്തിൽ പൊലീസ് സേവനത്തിനായി സമീപിക്കുന്ന അല്പന്മാരുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. തന്റെ വലുപ്പം മറ്റുള്ളവരെ അറിയിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥന് 1400 രൂപ എന്നതിന് പകരം ഒരു ലക്ഷം വരെ അടയ്ക്കാനും തയ്യാറുള്ളവർ ഉണ്ടാകും. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായ ഈ നടപടി ആവർത്തിക്കാതിരിക്കേണ്ടതാണ്.
ഇങ്ങനെ പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്യുന്ന ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാരിന്റേയും ഡിപ്പാർട്ട്മെന്റ് മേലധികാരികളുടേയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു.
ഈ വിഷയത്തിൽ ബഹു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും സംഘടന നിവേദനം നൽകിയ വിവരം കൂടി അറിയിക്കട്ടെ.
English Summary: officers association against security for wedding events