ADVERTISEMENT

തിരുവനന്തപുരം ∙ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ 4.33 കോടി രൂപയുടെ ഫണ്ട് വകമാറ്റിയ നടപടിയെ സാധൂകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയതിനു പിന്നാലെ, അനുമതിയില്ലാതെ ടെക്നോപാര്‍ക്കില്‍ പൊലീസുകാരെ സുരക്ഷയ്ക്കു നിയോഗിച്ച് കോടികളുടെ ബാധ്യത വരുത്തിയതിലും ബെഹ്റയെ സംരക്ഷിക്കാനൊരുങ്ങി സര്‍ക്കാര്‍. ബെഹ്റയുടെ ഭാര്യ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന കാലത്താണ് 18 വനിതാ പൊലീസുകാരെ അധികമായി സുരക്ഷയ്ക്ക് വിട്ടുനല്‍കിയത്. ഇതു മൂലമുണ്ടായ മൂന്നു കോടിയോളം രൂപയുടെ ബാധ്യത ബെഹ്റയില്‍ നിന്ന് ഈടാക്കണമെന്ന വ്യവസായ സുരക്ഷാ സേനയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

സംസ്ഥാന വ്യവസായ സുരക്ഷാ സേനയില്‍ നിന്ന് 22 പൊലീസുകാരെയായിരുന്നു ടെക്നോപാര്‍ക്ക് ആവശ്യപ്പെട്ടത്. അവര്‍ക്കൊപ്പം 18 വനിതാ പൊലീസുകാരെക്കൂടി ബെഹ്റ നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചു. സര്‍ക്കാര്‍ അനുമതി വാങ്ങാതെയുള്ള ഈ സൗജന്യ സേവനം 2017 മുതല്‍ ബെഹ്റ വിരമിക്കുന്ന 2020 വരെയുള്ള മൂന്നു വര്‍ഷം തുടര്‍ന്നു. പിന്നാലെ ടെക്നോപാര്‍ക്കുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ ആവശ്യപ്പെടാതെ നല്‍കിയ സുരക്ഷയുടെ പണം നല്‍കാനാവില്ലെന്ന നിലപാടാണ് കൈകൊണ്ടത്.

പണം ഈടാക്കേണ്ടത് അനധികൃതമായി വനിതാ പൊലീസുകാരെ നിയമിച്ചവരില്‍ നിന്നാണെന്ന് വ്യവസായ സുരക്ഷാ സേനയും സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ബെഹ്റയില്‍ നിന്ന് പണം ഈടാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ല. ഫണ്ട് വകമാറ്റത്തിന് ധനവകുപ്പിന്റെ എതിര്‍പ്പു മറികടന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അംഗീകാരം നല്‍കിയതുപോലെ ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തിന് നല്‍കിയ അധിക സുരക്ഷയുടെ ബാധ്യതയും സംസ്ഥാനം ഏറ്റെടുക്കാനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

പൊലീസിന്റെ ആധുനികവൽക്കരണത്തിനായി 30 ക്വാർട്ടേഴ്സുകൾ നിർമിക്കാനായി അനുവദിച്ച 4.33 കോടിരൂപ സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാംപ് ഓഫിസ്, സീനിയർ പൊലീസ് ഓഫിസർമാർക്കുള്ള വില്ല, അനുബന്ധ ഓഫിസുകൾ എന്നിവ നിർമിക്കാൻ ഉപയോഗിച്ച കേസിൽ ബഹ്റയുടെ നടപടി മന്ത്രിസഭ സാധൂകരിക്കുകയായിരുന്നു. ഡിജിപിയുടെ നടപടിയെ സിഎജിയും രൂക്ഷമായി വിമർശിച്ചിരുന്നു. സിഎജി റിപ്പോർട്ടിനു ലോക്നാഥ് ബെഹ്റ നൽകിയ മറുപടി നിയമസഭാ സമിതിക്കു സമർപ്പിച്ചിട്ടുണ്ട്. സമിതിയാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്.

English Summary: Behera deployed addl security personnel to wife's workplace in Technopark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com