മദ്യത്തിന് ‘ജവാൻ’ എന്ന പേര് സൈനികർക്ക് നാണക്കേട്; മാറ്റണമെന്ന് നിവേദനം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് നിവേദനം. സ്വകാര്യ വ്യക്തി നികുതി വകുപ്പിനു നൽകിയ നിവേദനം പതിവു നടപടിക്രമങ്ങൾ അനുസരിച്ച് എക്സൈസ് കമ്മിഷണർക്കു കൈമാറി. സെക്രട്ടേറിയറ്റിൽ ലഭിക്കുന്ന ഏതു തരത്തിലുള്ള പരാതിയും ബന്ധപ്പെട്ട വകുപ്പുകൾക്ക് നടപടിയെടുക്കാനായി കൈമാറുന്നതാണ് രീതി.
പരാതിയിൽ കഴമ്പുണ്ടെങ്കിൽ തുടർനടപടികളിലേക്കു സർക്കാർ കടക്കും. ഇല്ലെങ്കിൽ നടപടികൾ അവസാനിപ്പിക്കും. ജവാനെന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്കു നാണക്കേടാണെന്ന് പരാതിയിൽ പറയുന്നു. സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടിയുണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഉൽപാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാൻഡായതിനാൽ പരാതി തള്ളാനാണ് സാധ്യത.
തിരുവല്ലയിലാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് സ്ഥിതി ചെയ്യുന്നത്. നിലവിൽ 4 ലൈനുകളിലായി 7500 കെയ്സ് ജവാൻ മദ്യമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. 6 ഉൽപാദന ലൈനുകൾ കൂടി അനുവദിക്കണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണനയിലാണ്. 6 ലൈൻ കൂടി വന്നാൽ പ്രതിദിനം 10,000 കെയ്സ് അധികം ഉൽപാദിപ്പിക്കാൻ കഴിയും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപ ചെലവാകുമെന്നാണ് കമ്പനിയുടെ കണക്ക്. ജവാന്റെ 1.50 ലക്ഷം കെയ്സ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്.
English Summary: Plea to rename Jawan Rum