ADVERTISEMENT

ഐഎൻഎസ് വിക്രാന്ത് – ഇന്ത്യൻ നാവികസേനയ്ക്കു കരുത്തുപകരുന്ന പുതിയ വിമാനവാഹിനി കപ്പൽ. സെപ്റ്റംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി ഈ കപ്പൽ രാജ്യത്തിനു സമർപ്പിക്കും. നിർമാണം പൂർത്തിയായി കഴിഞ്ഞ മാസമാണ് ഈ കപ്പൽ കൊച്ചി കപ്പൽശാല നാവികസേനയ്ക്കു കൈമാറിയത്. നാവികസേനയ്ക്കു കൈമാറുന്നതിനു തൊട്ടുമുൻപ് ഈ വമ്പൻ വിമാനവാഹിനിക്കപ്പലിന്റെ ഉള്ളറകൾ ആദ്യമായി ഒരു മാധ്യമത്തിനു പകർത്താൻ അവസരം ലഭിച്ചത് മലയാള മനോരമയ്ക്കാണ്. ഈ ക്ഷണത്തിന്റെ ഭാഗമായി മനോരമ ഓൺലൈൻ സംഘം പകർത്തിയ ദൃശ്യങ്ങളാണ് ഇതോടൊപ്പമുള്ള വിഡിയോയിൽ.

അനുമതി കൂടാതെ ഒരീച്ചയ്ക്കു പോലും കടന്നുചെല്ലാനാകാത്തത്ര സുരക്ഷ!, ഐഎന്‍എസ് വിക്രാന്തിന്റെ കാഴ്ചകള്‍ പകര്‍ത്താന്‍ ക്ഷണം ലഭിച്ചു ചെല്ലുമ്പോള്‍ കൊച്ചി കപ്പല്‍ നിര്‍മാണ ശാലയുടെ കവാടം മുതല്‍ അനുഭവപ്പെട്ടത് ഇതായിരുന്നു. ചെല്ലുന്നത് ആരാണെന്നൊ എത്ര വലിയ ആളാണെന്നതൊ പ്രസക്തമല്ല, കയ്യിലുള്ള പേനമുതല്‍ മൊബൈല്‍ ഫോണും ക്യാമറയും വരെ കണക്കില്‍പ്പെടുത്തി ഗേറ്റില്‍ എഴുതി വയ്ക്കണം.

തിരിച്ചുപോരുമ്പോള്‍ എല്ലാം കൈവശമുണ്ടെന്നതു ബോധ്യപ്പെടുത്തി മാത്രമേ പുറത്തിറങ്ങാനുമാകൂ. വിക്രാന്തിലേയ്ക്കു പ്രവേശിക്കുമ്പോള്‍ അതിലും കടുപ്പമാണ് കാര്യങ്ങള്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടിമുടി പരിശോധിച്ചു ബാഗുകളും ക്യാമറയും മൊബൈല്‍ ഫോണും വരെ സ്‌കാന്‍ ചെയ്തു മാത്രം പ്രവേശനം. നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ എല്ലാവരെയും നിര്‍ബന്ധമായി ഹെല്‍മറ്റ് ധരിപ്പിച്ച ശേഷമായിരുന്നു പ്രവേശനം.

vikrant
ഐഎന്‍എസ് വിക്രാന്ത് കടലിൽ:ചിത്രം: ഇ.വി .ശ്രീകുമാർ∙മനോരമ

ഓരോ ഡക്കിന്റെയും വിവരങ്ങള്‍ പങ്കുവയ്ക്കാനും കപ്പല്‍ കോണികളിലൂടെ നൂണ്ടിറങ്ങുമ്പോഴും ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ളയ്ക്കൊപ്പം കപ്പലിലെ തന്നെ ഉദ്യോഗസ്ഥരിൽ കുറച്ചു പേരുമുണ്ടായിരുന്നു. പാലുകാച്ചലിനു തലേദിവസം വീട്ടില്‍ നടക്കുന്ന മിനുക്കുപണികളെ ഓര്‍മപ്പെടുത്തുന്നതായിരുന്നു ഓരോ ഡക്കിലെയും തിരക്കുപിടിച്ച പണികള്‍. വെല്‍ഡിങ്, പെയിന്റിങ് തൊഴിലാളികള്‍ ധൃതിപിടിച്ചു പണിതീര്‍ക്കുകയാണ്. ഓഗസ്റ്റ് 15നു മുമ്പു പ്രധാനമന്ത്രി വന്നു കപ്പല്‍ കമ്മിഷന്‍ ചെയ്യുമെന്നായിരുന്നു വിവരം. എന്നാല്‍ തീയതി ലഭിക്കാതെ വന്നതോടെ നീണ്ടു. സെപ്റ്റംബര്‍ രണ്ടിനു പ്രധാനമന്ത്രി കൊച്ചിയിലെത്തി കപ്പല്‍ കമ്മിഷന്‍ ചെയ്യുന്നതോടെ ഐഎന്‍എസ് വിക്രാന്ത് എന്ന പടക്കപ്പല്‍ പൂര്‍ണമായും ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകും.

aircraft-carrier
നാവിക സേനാംഗങ്ങൾ വിക്രാന്തിന്റെ എൻജിൻ പ്രവർത്തനം വിലയിരുത്തുന്നു: ചിത്രം: ഇ.വി .ശ്രീകുമാർ∙മനോരമ

ഇനി ഒരു യുദ്ധമുണ്ടായാല്‍, പോര്‍മുനയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നട്ടെല്ലാകാന്‍ പോകുന്ന കപ്പല്‍. ഏതു നിര്‍ണായക ഘട്ടത്തിലും കടലിനു നടുവില്‍ എല്ലാ സംവിധാനങ്ങളുമുള്ള കൊച്ചു നഗരമായിരിക്കും ഐഎന്‍എസ് വിക്രാന്ത്. യുദ്ധനിരയുടെ മധ്യഭാഗത്തു മറ്റു പടക്കപ്പലുകള്‍ക്കും സൈനികര്‍ക്കും വിമാനങ്ങള്‍ക്കും വേണ്ട എല്ലാ സംവിധാനങ്ങളും നല്‍കി വിക്രാന്തുണ്ടാകും. ആറു പതിറ്റാണ്ടു മുമ്പു നാം കണ്ടു തുടങ്ങിയ സ്വപ്നമാണ് സെപ്റ്റംബര്‍ രണ്ടിനു സേനയുടെ ഭാഗമാകുന്നത്. ഒരു ചെറുനഗരത്തിനു വേണ്ടതിലും ഏറെ സംവിധാനങ്ങളുമുള്ള, 14 നില വരുന്ന ഒരു കൂറ്റന്‍ കെട്ടിട സമുച്ചയം എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ വിമാനവാഹിനി പടക്കപ്പലാണ് ഇത്. 

inside-vikrant
വിക്രാന്തിന്റെ ഹാംഗർ ചിത്രം: ഇ.വി .ശ്രീകുമാർ∙മനോരമ

കപ്പല്‍ സൈന്യത്തിന്റെ ഭാഗമാകുമ്പോള്‍ അതിന്റെ നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ച കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനും നാവിക സേനയ്ക്കുമൊപ്പം മുഴുവന്‍ മലയാളികളും അഭിമാനത്തിന്റെ നെറുകയിലാകുമെന്നു നിസംശയം പറയാം. തദ്ദേശീയമായി വിമാന വാഹിനി രൂപകല്‍പന ചെയ്തു നിര്‍മിക്കാന്‍ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടമാണ് നമ്മള്‍ കൈവരിക്കുന്നത്. വിമാനവാഹിനി നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയെന്ന നേട്ടത്തിലേക്കെത്തുകയാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്.

ins-ship-kochi
ഐഎന്‍എസ് വിക്രാന്ത്: ചിത്രം: ഇ.വി .ശ്രീകുമാർ∙മനോരമ

കപ്പലിന്റെ പ്രധാന കണ്‍ട്രോള്‍ സെന്ററാണ് ബ്രിഡ്ജ്. വിക്രാന്തിന്റെ ക്യാപ്റ്റനും കമാന്‍ഡിങ് ഓഫിസറുമായ കമ്മഡോര്‍ വിദ്യാധര്‍ ഹാര്‍കെ "വെല്‍കം ഓണ്‍ ബോര്‍ഡ് ജെന്റില്‍മെന്‍" എന്നു പറഞ്ഞു സ്വീകരിച്ചു. ഏതു പ്രതിസന്ധിഘട്ടത്തെയും അതിജീവിക്കാനുള്ള ഐഎന്‍എസ് വിക്രാന്തിന്റെ ശേഷി പരീക്ഷണങ്ങളിലൂടെ ഉറപ്പുവരുത്തിയെന്ന ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം സ്വാഗതമോതിയത്. തനിക്കായി ഒരുക്കിയ സീറ്റിലിരുന്ന് അദ്ദേഹം കാമറയ്ക്കു പോസ് ചെയ്തു. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതും നിര്‍ദേശങ്ങള്‍ നല്‍കുന്നതും എങ്ങനെയെന്നു വിശദീകരിച്ചു. 

ins-ship
ഐഎന്‍എസ് വിക്രാന്തിലെ യുദ്ധവിമാനം: ചിത്രം: ഇ.വി .ശ്രീകുമാർ∙മനോരമ

ഇനി ഒരു യുദ്ധ സാഹചര്യമുണ്ടായെന്നിരിക്കട്ടെ..! കാഴ്ചകളുടെ വിശാലലോകമായ ബിഡ്ജില്‍ നിന്നു ക്യാപ്റ്റന്‍ അരണ്ട നീല വെളിച്ചമുള്ള ഓപ്‌സ് റൂമിലെത്തും. കപ്പലിലെ ഏറ്റവും സുരക്ഷിതമായ ഇടം. ക്യാപ്റ്റന്റെ ചുറ്റുമുള്ള സ്‌ക്രീനുകളിലൂടെ കപ്പലിലെ മുഴുവന്‍ വിവരങ്ങളും കാഴ്ചകളും റഡാര്‍ സന്ദേശങ്ങളുമെത്തും. ഇതു വിലയിരുത്തിയാണ് പിന്നെ നിര്‍ദേശങ്ങള്‍ നല്‍കുക. ഇവ ഏതു ഡെക്കിലാണെന്നോ ഏതു ഭാഗത്താണെന്നോ പുറത്തു പറയുന്നതിനു വിലക്കുണ്ടെന്ന് അതുല്‍ പിള്ളയുടെ നിര്‍ദേശം. 

ഐഎന്‍എസ് വിക്രാന്ത് കടലിൽ:ചിത്രം: ഇ.വി .ശ്രീകുമാർ∙മനോരമ

എസ് സിസി അഥവാ ഷിപ്‌സ് കണ്‍ട്രോള്‍ സെന്ററാണു കപ്പലിന്റെ തലച്ചോര്‍. കപ്പലുകളെ കടലിലൂടെ സുഗമമായി മുന്നോട്ടു നയിക്കുന്നത് ഫോര്‍വേഡ് ത്രോട്ടില്‍ കണ്‍ട്രോള്‍ റൂം എന്നും അറിയപ്പെടുന്ന ഭാഗമാണ്. കപ്പലിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന യന്ത്രങ്ങളുടെയെല്ലാം പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും എസ് സിസിയില്‍ നിന്നായിരിക്കും. 

inside-ins-vikrant
ഐഎന്‍എസ് വിക്രാന്തിലെ സ്കാനിങ് യന്ത്രം: ചിത്രം: ഇ.വി .ശ്രീകുമാർ∙മനോരമ

യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പറന്നുയരുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യുന്ന ഫ്ളെറ്റ് ഡെക്ക് വിശാലമായ കാഴ്ചയാണു സമ്മാനിക്കുന്നത്. ടേക്ക് ഓഫ് വേളയില്‍ 14 ഡിഗ്രിയില്‍ സ്‌കീ ജംപിനുതകുന്ന നീണ്ടു വളഞ്ഞ മൂക്കാണു വിക്രാന്തിന്റെ പ്രധാന ആകര്‍ഷണം. പറന്നുയരാന്‍ വിമാനങ്ങള്‍ക്ക് ആവശ്യമായ വായുമര്‍ദം വളരെ പെട്ടെന്നു ലഭിക്കാനാണ് ഇത്തരത്തിലുള്ള നിര്‍മാണം. ഡെക്കില്‍ മൂന്നു റണ്‍വേകളുണ്ട്. 

runway-vikrant
ഐഎന്‍എസ് വിക്രാന്തിൽ നിന്നുള്ള റൺവേയുടെ ദൃശ്യം: ചിത്രം: ഇ.വി .ശ്രീകുമാർ∙മനോരമ

ഹാങ്ങര്‍ എന്ന വിമാനങ്ങളുടെ വര്‍ക് ഷോപ്പില്‍ ഒരു കാമോവ് കെഎ 31 ഹെലികോപ്റ്ററും മിഗ് 29 കെ യുദ്ധവിമാനവും പരീക്ഷണങ്ങള്‍ക്കും അറ്റകുറ്റപണിക്കും പരീക്ഷണങ്ങള്‍ക്കുമായുണ്ട്. വിമാനങ്ങള്‍ കപ്പലിലേക്കു പറന്നിറങ്ങാനുള്ള സംവിധാനം പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ കപ്പല്‍ശാലയിലെത്തിച്ചു ക്രെയിന്‍ ഉപയോഗിച്ച് ഉള്ളിലെത്തിച്ചതാണ്. ഭാരപരിശോധനയും മറ്റുമാണു ലക്ഷ്യം. 

ദിവസത്തിന്റെ 20 മണിക്കൂറും പ്രവര്‍ത്തനനിരതമായ കുക്ക് ഹൗസ് അല്ലെങ്കില്‍ ഗാലിയിലെ കാഴ്ചകള്‍ കണ്ണും ഒപ്പം മനസും നിറയ്ക്കുന്നതാണ്. ഏതു യുദ്ധസാഹചര്യത്തിലും സൈനികര്‍ക്കു സമൃദ്ധമായ ഭക്ഷണമെത്തിക്കുന്ന ദൗത്യമാണ് ഇവിടെ. രാവിലെ മൂന്നിന് അടുക്കള ഉണരും. ആരോഗ്യകരവും ഏറ്റവും രുചികരവുമായ ഭക്ഷണം നല്‍കണമെന്ന കാര്യത്തില്‍ പ്രതിരോധസേനയിൽ ഇളവില്ല. ചെറിയൊരു സൂപ്പര്‍ സ്‌പെഷല്‍റ്റി ആശുപത്രി തന്നെയുണ്ടു വിക്രാന്തില്‍. സിടി സ്‌കാന്‍ സൗകര്യമുള്ള, രാജ്യത്തിന്റെ ആദ്യ നാവികക്കപ്പലാണു വിക്രാന്ത് എന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. മെഡിക്കല്‍ ജനറല്‍ വാര്‍ഡ്, ഐസലേഷന്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, കാഷ്വല്‍റ്റി, ഐസിയു, മോര്‍ച്ചറി എല്ലാം സുസജ്ജം. കപ്പലൊന്നു ചുറ്റിക്കാണാന്‍ മാത്രം എട്ടു കിലോമീറ്റര്‍ നടക്കണം. ഇനിയും കണ്ടുതീരാത്ത ഡെക്കുകളും പറഞ്ഞുതീരാത്ത വിശേഷങ്ങളുമുണ്ടു വിക്രാന്തില്‍. രാജ്യസുരക്ഷ മുന്‍നിര്‍ത്തി പകര്‍ത്താനാവാതെ പോയ ദൃശ്യങ്ങള്‍ വേറെയും.

English Summary: Indigenous aircraft carrier INS Vikrant ready for commissioning at Kochi - Exclusive Visuals 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com