ADVERTISEMENT

രാഷ്ട്രീയവൃത്തങ്ങളിലും മാധ്യമങ്ങളിലും മുതൽ സാധാരണക്കാർക്കിടയിൽവരെ ഒട്ടേറെ അഭ്യൂഹങ്ങൾക്കു വഴിവച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തിയത്. എൻടിആറിന്റെ സ്മരണയുണർത്തി തെലുങ്കുദേശം പാർട്ടിയുടെ (‍ടിഡിപി) സ്വാധീനമേഖലകളിൽ കടന്നുകയറുകയാണോ പാർട്ടിയും ബിജെപിയും തമ്മിലുള്ള വിടവു നികത്തുകയാണോ ബിജെപി ലക്ഷ്യമിടുന്നതെന്നു വ്യക്തമല്ല. ഇന്ത്യയിലെ ശക്തരായ രാഷ്ട്രീയനേതാക്കളിൽ ഒരാളായ അമിത് ഷായെ കാണാൻ പറ്റില്ലെന്ന് ജൂനിയർ എൻടിആറിനും പറയാനാകില്ല. ദക്ഷിണേന്ത്യയിലേക്കുള്ള കടന്നുവരവിൽ കർണാടകയിൽ മാത്രമായി ഒതുങ്ങിപ്പോയ ബിജെപിക്ക് മറ്റൊരു സംസ്ഥാനത്തു കൂടി ഭരണംപിടിച്ചേ പറ്റൂ. അവിഭക്ത ആന്ധ്രയിലെ പ്രധാന രാഷ്ട്രീയപാർട്ടിയായ ടിഡിപിയുടെ വോട്ടുബാങ്കിന്റെ കരുത്തിൽ ആന്ധ്രയിലും ഒപ്പം തെലങ്കാനയിലും സ്വാധീനം വർധിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തൽ.

‌ഞായറാഴ്ചയാണ് അമിത് ഷാ ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തിയത്. ഹൈദരാബാദിലെ നൊവോട്ടൽ ഹോട്ടലിൽ 20 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. ആന്ധ്രയിൽ രാഷ്ട്രീയ അടിസ്ഥാനം ഉണ്ടാക്കാനുള്ള അമിത് ഷായുടെ നീക്കങ്ങളാണ് കൂടിക്കാഴ്ചയ്ക്കു പിന്നിലെന്ന് അഭ്യൂഹങ്ങൾ ഉയർന്നുകഴിഞ്ഞു. അതേസമയം, ജൂനിയർ എൻടിആറും റാംചരണും അഭിനയിച്ച ‘ആർആർആർ’ സിനിമ അമിത് ഷാ അടുത്തിടെ കണ്ടെന്നും അതിൽ അഭിനന്ദനം അറിയിക്കാനാണ് കൂടിക്കാഴ്ചയെന്നുമാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് റാംചരണിനെ അദ്ദേഹം കണ്ടില്ലെന്ന ചോദ്യവും ഉയരുന്നുണ്ട്.

∙ നിർണായകം മുനുഗോഡ്; ഷായുടെ തന്ത്രമെന്ത്?

തെലങ്കാന സംസ്ഥാനത്തെ നാൽഗോണ്ട ജില്ലയിലെ മുനുഗോഡിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അമിത് ഷായുടെ ഔദ്യോഗിക സന്ദർശനം. കോൺഗ്രസിൽനിന്നു രാജിവച്ച കെ. രാജഗോപാൽ റെഡ്ഡി എംഎൽഎ സ്ഥാനം രാജിവച്ചതിനെത്തുടർന്ന് അവിടെ ഉപതിരഞ്ഞെടുപ്പു നടക്കാൻ പോകുകയാണ്. അമിത് ഷായുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്ന റെഡ്ഡിയാണ് ബിജെപിക്കുവേണ്ടി മത്സരിക്കുന്നത്. കോണ്‍ഗ്രസും ടിആർഎസും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

അമിത് ഷാ (Photo - PIB)
അമിത് ഷാ (Photo - PIB)

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, ജനമനസ്സ് തങ്ങൾക്കൊപ്പമാണെന്ന് എല്ലാ പാർട്ടികൾക്കും കാണിക്കണം. അതിനായി മുനുഗോഡിൽ വിജയിച്ചേ തീരൂ. പല്ലും നഖവും ഉപയോഗിച്ച് സീറ്റ് നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കുമ്പോൾ ഭരണകക്ഷിയായ ടിആർഎസിനു ബദൽ തങ്ങളാണെന്നു തെളിയിക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യം. എന്നാൽ ഭരിക്കുന്നവർക്കൊപ്പമാണ് ജനമെന്നു തെളിക്കാനുള്ള ശ്രമത്തിലാണ് ടിആർഎസ്. തെലങ്കാനയിൽ നിലവിൽ രണ്ട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ചും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പിൽ മികവാർന്ന പ്രകടനംകൊണ്ടും രണ്ടുവർഷമായി തിളങ്ങിനിൽക്കുകയാണ് ബിജെപി. ചന്ദ്രശേഖർ റാവുവിന്റെ ‘കുടുംബാധിപത്യ’വും ഭരണവിരുദ്ധവികാരവും മുനുഗോഡ് സീറ്റ് കൈയിൽ എത്തിക്കുമെന്ന വിശ്വാസവും ബിജെപിക്കുണ്ട്. എന്നാൽ എട്ടു വർഷമായി നടത്തുന്ന വികസന, ക്ഷേമ പദ്ധതികൾ കൊണ്ട് സീറ്റ് നേടാമെന്ന പ്രതീക്ഷയിലാണ് ടിആർഎസ്.

‘ആർആർആർ’ സിനിമയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദിനെ (സംവിധായകൻ രാജമൗലിയുടെ പിതാവ്) അടുത്തിടെ ബിജെപി രാജ്യസഭാ എംപിയാക്കിയിരുന്നു. തെലങ്കാനയിലെ ആന്ധ്രാ വംശജരെ ലക്ഷ്യമിട്ടാണ് ഈ രണ്ടു നീക്കങ്ങളെന്നും വിലയിരുത്തപ്പെടുന്നു.

∙ ‘ആന്ധ്രയിൽ ഇത്തവണ സിനിമയേക്കാൾ വലിയ ത്രില്ലർ’

ജൂനിയർ എൻടിആറുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ചയെക്കുറിച്ച് അവസാനനിമിഷം വരെ സംസ്ഥാന നേതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. ഒരുമണിക്കൂർ മുൻപുമാത്രമാണ് ഇക്കാര്യം തെലങ്കാനയിലെ നേതാക്കൾ അറിഞ്ഞത്. നൊവോട്ടലിലെ കൂടിക്കാഴ്ചയിൽ തനിക്കൊപ്പമുണ്ടായിരുന്ന കേന്ദ്ര മന്ത്രി കിഷൻ റെഡ്ഡിയെപ്പോലും അമിത് ഷാ അകത്തുകയറ്റിയില്ലെന്നാണു വിവരം. ഹോട്ടലിലെ അത്താഴവിരുന്നിലേക്കായി ജൂനിയർ എൻടിആറിനോടു മാത്രമാണു വരാൻ ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്. അതേസമയം ജൂനിയർ എൻടിആറിനോടു പാർട്ടിയിൽ ചേരണമെന്ന് അമിത് ഷാ അഭ്യർഥിച്ചെന്ന അഭ്യൂഹങ്ങൾ പാർട്ടിവൃത്തങ്ങൾ തള്ളിക്കളഞ്ഞു. സിനിമയിൽ വളരെയധികം ഭാവിയുള്ള ജൂനിയർ എൻടിആറിന് നിലവിലെ സാഹചര്യത്തിൽ ബിജെപിയിൽ ചേരാനോ പാർട്ടിയെ പിന്തുണയ്ക്കാനോ കഴിയില്ലെന്നാണു വിലയിരുത്തൽ. 2009ലെ തിരഞ്ഞെടുപ്പിൽ ടി‍ഡിപിക്കായി സജീവ പ്രചാരണത്തിന് ഇറങ്ങിയിരുന്ന ജൂനിയർ എൻടിആർ പിന്നീട് രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു.

ബിജെപിയും ടി‍ഡിപിയും തമ്മിലുള്ള വിടവു നികത്താനുള്ള നീക്കങ്ങളുടെ ഭാഗമാണിതെന്നും സംശയമുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച കമ്മിറ്റിയിൽ ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേ അംഗമാക്കിയിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന് ടിഡിപിയുടെ പിന്തുണയും ലഭിച്ചിരുന്നു. നിലവിൽ ആന്ധ്ര ഭരിക്കുന്ന വൈഎസ്ആർസിപിയും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും ബിജെപിയെയാണ് പിന്തുണയ്ക്കുന്നത്. വൈഎസ്ആർസിപിയെ അധികാരത്തിൽനിന്നു മാറ്റുക എന്നതാണ് ടിഡിപിയുടെ പ്രഖ്യാപിത ലക്ഷ്യവും. ഇതിനായി നടനും രാഷ്ട്രീയക്കാരനുമായ പവൻ കല്യാണിന്റെ പിന്തുണയോടെ ബിജെപിയുമായി ടിഡിപി ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം, ഇത്തവണ ആന്ധ്രയിൽ ബിജെപി അധികാരത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞതും ഇതിനൊപ്പം ചേർത്തുവായിക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ആന്ധ്രാ പ്രദേശിൽ പലരുടെയും സ്വപ്നങ്ങൾക്ക് അതീതമായി അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിജെപി എപ്പോഴും വിശദമായ ആക്‌ഷൻ പ്ലാൻ ഉണ്ടാക്കാറുണ്ടെന്നും ഇത്തവണ ആന്ധ്രയിലേത് സിനിമകളിൽ കണ്ടതിനേക്കാൾ വലിയ ത്രില്ലർ ആയിരിക്കുമെന്നുമാണ് സംസ്ഥാന ബിജെപി പ്രസിഡന്റ് സോമു വീരരാജു പറയുന്നത്.

English Summary: What is behind in Amit Shah's meeting with Junior NTR?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com