ADVERTISEMENT

സാധാരണ 3 മാസത്തിലൊരിക്കൽ കൂടാറുള്ള സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തിങ്കളാഴ്ച അടിയന്തരമായി വിളിച്ചു ചേർത്തത് എന്തിന് ? ഞായറാഴ്ച (28) ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ചർച്ച ചെയ്തു സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കു വയ്ക്കുന്ന സുപ്രധാന അജൻഡകൾ എന്തൊക്കെ ? രണ്ടാഴ്ച മുൻപു സംസ്ഥാന കമ്മിറ്റി യോഗം ചേർന്നതിനു തൊട്ടുപിന്നാലെ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ പങ്കെടുത്തു സംസ്ഥാന സെക്രട്ടേറിയറ്റ്– സംസ്ഥാന കമ്മിറ്റി യോഗങ്ങൾ കൂടുന്നതു സംബന്ധിച്ചു അഭ്യൂഹങ്ങൾ ഏറെ പ്രചരിക്കുന്നുണ്ടെങ്കിലും സുപ്രധാനമായ പല തീരുമാനങ്ങൾക്കും ഈ യോഗങ്ങൾ വേദിയാകുമെന്നാണു വിവരം. സിപിഎം നേതൃത്വത്തിലും ഭരണത്തിലും വൻ അഴിച്ചുപണി നടത്തുന്നതിനെക്കുറിച്ചും ഉന്നത തലത്തിൽ ആലോചന തുടങ്ങിയതായി വിവരമുണ്ട്. പാർട്ടി കേന്ദ്രങ്ങൾ ഇതു സ്ഥിരീകരിക്കുന്നില്ല. ഇക്കഴിഞ്ഞ 8 മുതൽ 12 വരെ 5 ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ്– സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നു. രാഷ്ട്രീയ–ഭരണ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്ത ഈ യോഗങ്ങൾക്കു പിന്നാലെ ഞായറാഴ്ച (28) സംസ്ഥാന സെക്രട്ടേറിയറ്റും 29നു സംസ്ഥാന കമ്മിറ്റിയും അടിയന്തരമായി വിളിച്ചതാണ് അഭ്യൂഹങ്ങൾക്കു വഴിമരുന്നിടുന്നത്. യച്ചൂരിക്കു പുറമെ പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവർ മുഴുവൻ സമയവും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും അടിയന്തരമായി വിളിച്ചു ചേർക്കാൻ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്. ലോകായുക്ത നിയമഭേദഗതി ഇടതുപക്ഷത്തിന്റെ അഴിമതി വിരുദ്ധ നിലപാടിനെ ദുർബലപ്പെടുത്തുകയാണെന്ന വിമർശനം ഉയർന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ കൂടി നിർദേശപ്രകാരം നേതൃയോഗം വിളിച്ചതാണെന്നാണു സിപിഎം കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണമെങ്കിലും പുതിയ സംസ്ഥാന സെക്രട്ടറി, പാർട്ടിയുടെ പുതിയ മന്ത്രിമാർ എന്നിവരെക്കുറിച്ചു ചർച്ച ചെയ്യാനാണെന്നാണു വിവരം. 

∙ കോടിയേരി മാറുമോ? പുതിയ മന്ത്രിമാർ ആരൊക്കെ?

അനാരോഗ്യം മൂലം വിശ്രമിക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിയാനുള്ള സന്നദ്ധത പാർട്ടി കേന്ദ്ര നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെയും നേരത്തേ അറിയിച്ചിരുന്നു. ചികിത്സയിലായിരുന്ന കോടിയേരി കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. 

കോടിയേരി ബാലകൃഷ്ണൻ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
കോടിയേരി ബാലകൃഷ്ണൻ. ചിത്രം : റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

കോടിയേരിക്കു പകരം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തദ്ദേശ സ്വയം ഭരണ മന്ത്രി എം.വി ഗോവിന്ദന്റെ പേരാണു സെക്രട്ടറി സ്ഥാനത്തേക്കു സജീവമായി പരിഗണിച്ചിരുന്നത്. കോടിയേരിക്കു പകരം കണ്ണൂരിൽ നിന്നു പാർട്ടി സെക്രട്ടറി വേണമെന്ന വാദത്തിനാണു പാർട്ടിയിൽ മേൽക്കൈ. 75 വയസ്സ് എന്ന പ്രായപരിധിയും ഗോവിന്ദൻ മാസ്റ്റർക്കു (69) തടസ്സമാകുന്നില്ല. പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ എ. വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ എന്നിവരെ പേരുകളും ചർച്ചയിലുണ്ടെങ്കിലും എം.വി ഗോവിന്ദനെത്തന്നെ പരിഗണിക്കാനാണു സാധ്യത കൂടുതൽ. മാർച്ചിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണു പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ കോടിയേരി ബാലകൃഷ്ണൻ മൂന്നാമതും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരിൽ ആരെയൊക്കെയാണു മാറ്റേണ്ടതെന്നതു സംബന്ധിച്ചും ഉന്നത തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു. സ്പീക്കർ എം.ബി രാജേഷിനെ രാജിവയ്പിച്ചു മന്ത്രിയാക്കുമെന്നു ശ്രുതിയുണ്ട്. പകരം ആരോഗ്യമന്ത്രി വീണാ ജോർജ് സ്പീക്കറായേക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാനാണ് ആലോചന. വിദ്യാഭ്യാസ വകുപ്പ് എം.ബി രാജേഷിനു നൽകിയേക്കും. എം.വി ഗോവിന്ദൻ ഒഴിയുന്ന തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം, എക്സൈസ് വകുപ്പുകളും ആരോഗ്യ വകുപ്പും ആർക്കു നൽകണമെന്നതു സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും പാർട്ടി കേന്ദ്രങ്ങൾ ചർച്ചകൾ സ്ഥിരീകരിക്കുന്നില്ല. ഒന്നാം പിണറായി സർക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

ഭരണഘടന സംബന്ധിച്ച വിവാദ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാനു പകരം മന്ത്രിയും നിയമിച്ചിട്ടില്ല. ഈ ഒഴിവ് നികത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. ആലപ്പുഴയിൽ നിന്നു സിപിഎമ്മിനു ഇപ്പോൾ മന്ത്രിമാരില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തീരമേഖലയിലെ വിവിധ പ്രശ്നങ്ങൾ എന്നിവ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മേഖലയുമായി ബന്ധമുള്ളയാളെ മന്ത്രിയാക്കണമെന്നു പാർട്ടിയിൽ ചർച്ചയുണ്ട്.

കെ.കെ. ശൈലജ
കെ.കെ. ശൈലജ

∙ മികവ് കാട്ടാത്ത മന്ത്രിമാരെ ‘കണ്ടു വച്ചു’ 

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരിൽ ഭൂരിഭാഗം പേരുടെയും പ്രവർത്തനം പോരെന്നു ഭരണപരിചയത്തിൽ പിന്നോട്ടാണെന്നും കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഉയർന്നുവരുന്ന പ്രശ്നങ്ങളുടെ ഗൗരവം ഉൾക്കൊള്ളാനോ ഉടൻ പരിഹരിക്കാനോ ഉള്ള ശ്രമം മിക്ക മന്ത്രിമാരും നടത്തുന്നില്ല. തീരുമാനങ്ങളെടുക്കുന്നതിലും പല മന്ത്രിമാരും പരാജയമാണെന്നും എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിക്കു വിടുകയാണെന്നുമായിരുന്നു വിമർശനത്തിന്റെ കാതൽ. 

ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യം, പൊതുമരാമത്തു വകുപ്പുകൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഇപ്പോൾ മന്ത്രി വീണാ ജോർജിന്റെ പ്രവർത്തനം പരാജയമാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക റോഡുകളും കുണ്ടും കുഴിയുമായി.

സംസ്ഥാന നേതൃയോഗങ്ങൾക്കു ശേഷം മാധ്യമങ്ങളെ കണ്ട സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിമർശനങ്ങൾ ഉണ്ടായെന്ന വിവരം തുറന്നു സമ്മതിച്ചു. മന്ത്രിമാരുടെ പോരായ്മകളും അദ്ദേഹം സമ്മതിച്ചു. സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനം അവലോകനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച റിപ്പോർട്ടിലെ വിമർശനങ്ങൾ ഏറ്റുപിടിച്ചായിരുന്നു സംസ്ഥാന കമ്മിറ്റിയിലെ വിമർശനങ്ങൾ. മന്ത്രിസഭയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ പരിശോധിച്ചതായി കോടിയേരി മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. പുതിയ മന്ത്രിമാർ എന്നതിന്റെ പ്രശ്നങ്ങളുണ്ട്. ഓഫിസ് മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിയുണ്ട്. പരിപാടികളെല്ലാം ഓൺലൈനിലാക്കുന്നു. ഇതിലെല്ലാം മാറ്റം വരുത്തണമെന്നു നിർദേശിച്ചതായും കോടിയേരി തുറന്നു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരെയും സംസ്ഥാന കമ്മിറ്റിയിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതും കോടിയേരി സ്ഥിരീകരിച്ചു. 

കാനം രാജേന്ദ്രൻ (File Photo: Reju Arnold)
കാനം രാജേന്ദ്രൻ (File Photo: Reju Arnold)

∙ സിപിഐയും പറഞ്ഞു, ഭരണവും മന്ത്രിമാരും പോരെന്ന്

സിപിഐയുടെ ജില്ലാ സമ്മേളനങ്ങളിലും രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചു രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയെപ്പോലെയാണു ഭരിക്കുന്നതെന്നും സിപിഐയുടെ വകുപ്പുകളിൽ കൈകടത്തുന്നുവെന്നും പല ജില്ലാ സമ്മേളനങ്ങളിലും വിമർശനം ഉയർന്നിരുന്നു. 

അധികാരം വ്യക്തിയിലും പാർട്ടിയിലും കേന്ദ്രീകരിച്ചാൽ അതിന്റെ വിപത്തു വളരെ വലുതായിരിക്കുമെന്നു സിപിഐ യുടെ കൊല്ലം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ട് സിപിഎമ്മിനും ഭരണത്തിനുമുള്ള മുന്നറിയിപ്പായിരുന്നു.  മുന്നണി മര്യാദകൾക്കപ്പുറം രാഷ്ട്രീയ യജമാനന്മാരായി മാറാൻ ശ്രമിക്കുന്നതും കൂട്ടായ ആലോചനകളില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നതും  മുന്നണിയുടെ വിശ്വാസ്യതയെ ലംഘിക്കുമെന്നു രാഷ്ട്രീയ റിപ്പോർട്ട് കുറ്റപ്പെടുത്തി.

പിണറായി വിജയൻ
പിണറായി വിജയൻ

ഏകാധിപത്യ രീതിയിൽ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനങ്ങളെ മന്ത്രിസഭയിൽ എതിർക്കാൻ സിപിഐ മന്ത്രിമാർക്കു കഴിയുന്നില്ലെന്ന പാർട്ടിയിലെ വിമർശനങ്ങൾക്കു പിന്നാലെയാണു, മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനെ ഉൾപ്പെടെ രാഷ്ട്രീയ റിപ്പോർട്ട് വിമർശിച്ചത്. ഇടതുമുന്നണിയിൽ ആലോചിക്കാതെ സിപിഎം സ്വന്തം തീരുമാനങ്ങൾ സർക്കാരിന്റേതായി നടപ്പാക്കുന്നുവെന്ന മുന്നണിയിലെ വിമർശനങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു സിപിഐ യ്ക്കു രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കൊല്ലത്തെ സമ്മേളനത്തിൽ അവതരിപ്പിച്ച  രാഷ്ട്രീയ റിപ്പോർട്ട്. 

∙ ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്തിയ റിപ്പോർട്ട്

സിപിഐയുടെ രാഷ്ട്രീയ റിപ്പോർട്ട് ഇങ്ങനെ തുടർന്നു, ‘ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടു പല പോരായ്മകളും സംഭവിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം ഭരണത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചു. തെറ്റു സംഭവിച്ചാൽ അതു തിരുത്തി മുന്നോട്ടുപോകാനുള്ള ആർജവം ഉണ്ടാകണം. മുന്നണി ഭരണത്തിൽ എല്ലാ ഘടകകക്ഷികളെയും ഒരുമിച്ചു നിർത്തണം. അവരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചു വേണം ഭരണം മുന്നോട്ടു കൊണ്ടുപോകാൻ’. 

1248-mb-rajesh
എം.ബി. രാജേഷ്.

ഇടതുമുന്നണിയുടെ രാഷ്ട്രീയ ദൗത്യങ്ങൾ കൃത്യമായി നിറവേറ്റേണ്ടതു പാർട്ടിയുടെ മുഖ്യകടമയാണെന്നു റിപ്പോർട്ട് പറയുന്നു. എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തിൽ വ്യതിയാനമുണ്ടാകുമ്പോൾ തിരുത്താൻ പാർട്ടി ശക്തമായ തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ഇത്തരം സമീപനം ആവശ്യമായി വന്നാൽ ഇനിയും കൈക്കൊള്ളും. അതു മുന്നണി ബന്ധത്തിൽ ഭിന്നിപ്പുണ്ടാക്കാനോ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടിയുള്ളതോ ആകില്ല...’ സി. അച്യുതമേനോൻ സർക്കാരിന്റെ കാലത്താണു കേരളം തുടർഭരണത്തിന് ആരംഭം കുറിച്ചതെന്നും കേരളത്തിന്റെ ദീർഘകാല വികസനത്തിന് ഭാവനാപൂർണമായ അടിസ്ഥാന ശില പാകിയത് അച്യുതമേനോൻ ആണെന്നും  റിപ്പോർട്ട് എടുത്തു പറയുന്നു. 

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം തീരെ മോശമാണെന്നും സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമർശനം ഉയർന്നിരുന്നു.  ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയായി. പൊതുമരാമത്തു വകുപ്പിൽ നോക്കാനും കാണാനും ആളില്ല. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യം, പൊതുമരാമത്തു വകുപ്പുകൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഇപ്പോൾ മന്ത്രി വീണാ ജോർജിന്റെ പ്രവർത്തനം പൂർണ പരാജയമാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക റോഡുകളും കുണ്ടും കുഴിയുമായി. ജനങ്ങൾക്കു വഴി നടക്കാൻ വയ്യാതായി. നോക്കാനും കാണാനും ആ വകുപ്പിൽ ആളില്ല. സർക്കാർ വകുപ്പുകളിൽ കരാർ– ബന്ധുനിയമനങ്ങൾ വ്യാപകമായി അരങ്ങേറുന്നു. പലയിടത്തും സ്വന്തക്കാരെ തിരുകിക്കയറ്റുന്നു. ഇതു സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതായും വിമർശിച്ച പ്രതിനിധികൾ മന്ത്രിസഭാ പുനഃസംഘടന വേണമെന്നും ആവശ്യപ്പെട്ടിരുന്നു. 

 

English Summary: CPM State Secretariat to be held on Sunday? Ministerial Reshuffle Awaited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com