ADVERTISEMENT

ന്യൂഡ‍ൽഹി∙ ജമ്മു കശ്മീരിൽ ഉറി സെക്ടറിനു സമീപം നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റം നടത്തിയ ഭീകരരിൽനിന്ന് ചൈനീസ് നിർമിത തോക്ക് കണ്ടെത്തി. വ്യാഴാഴ്ച നടന്ന സംഭവത്തിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു. അതേസമയം, ചൈനീസ് നിർമിത തോക്ക് കണ്ടെത്തിയത് പതിവില്ലാത്തതാണെന്ന് സൈന്യം അറിയിച്ചു. എകെ സീരിസിൽപ്പെട്ട രണ്ട് ആയുധങ്ങൾ, ഒരു ചൈനീസ് എം–16 തോക്ക്, വെടിക്കോപ്പുകൾ തുടങ്ങിയവയാണ് ഉറിയിലെ കമാൽകോട്ട് മേഖലയിൽ കൊല്ലപ്പെട്ട ഭീകരരിൽനിന്നു കണ്ടെത്തിയത്.

‘‘എകെ സീരിസിലുള്ളവയാണ് സാധാരണ കണ്ടെത്തുന്നത്. ചിലപ്പോൾ എം–4 റൈഫിളുകളും (യുഎസ് നിർമിതം) ലഭിക്കാറുണ്ട്. എന്നാൽ ഇത് ചൈനീസ് നിർമിത എം–16 എന്ന 9 എംഎം കാലിബർ തോക്കാണ്. ഈ കണ്ടെത്തൽ അസാധാരണമാണ്. ഒരു പാക്ക് നിർമിത ബാഗും 4 സിഗററ്റ് പായ്ക്കറ്റുകളും 11 ആപ്പിളുകളും ഡ്രൈഫ്രൂട്ട്സും ഉൾപ്പെടെയുള്ളവയും ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്നു കണ്ടെടുത്തു’’ – സൈന്യത്തിന്റെ 19 ഇൻഫൻട്രി ഡിവിഷൻ, ജനറൽ ഓഫിസർ കമാൻഡിങ് (ജിഒസി) മേജർ ജനറൽ അജയ് ചന്ദ്പുരി വടക്കൻ കശ്മീരിലെ ബാരാമുള്ളയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

അതേസമയം, പാക്കിസ്ഥാന്‍ സൈന്യവും ഭീകരരും ചൈനീസ് സൈന്യവും തമ്മിൽ ബന്ധമുണ്ടെന്ന് ഇപ്പോഴത്തെ ഘട്ടത്തിൽ പറയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘ശരിയായ അന്വേഷണവും പരിശോധനകളും നടത്തിയശേഷമേ അങ്ങനൊരു അനുമാനത്തിലെത്താനാകൂ. രഹസ്യ വിവരം അനുസരിച്ച് നുഴഞ്ഞുകയറ്റത്തിനുവേണ്ടി നിയന്ത്രണരേഖയോടു ചേർന്നുള്ള 15–20 ലോഞ്ച്പാഡുകളിലായി പാക്കിസ്ഥാൻ 100–120 ഭീകരരെ തയാറാക്കി നിർത്തിയിട്ടുണ്ട്. ഇത് ഉറി സെക്‌ടറിലെ കണക്കാണ്. നിയന്ത്രണരേഖയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള ജനങ്ങളുടെ സൈര്യജീവിതത്തിനുവേണ്ടിയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റത്തിന് ശ്രമം നടത്തുകയാണ്.

നുഴഞ്ഞുകയറ്റത്തെ ഇല്ലാതാക്കാൻ ശക്തമായ നീക്കം ഇന്ത്യ നടത്തുമ്പോഴും വീണ്ടും ഭീകരരെ അതിർത്തി കടത്താനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. 740 കിലോമീറ്ററിനുമേലുണ്ട് നിയന്ത്രണരേഖ. വളരെ ബുദ്ധിമുട്ടേറിയ മേഖലയാണിത്. രൂക്ഷമായ കാലാവസ്ഥയും. പരിശോധന എത്ര കർശനമാക്കിയാലും വീഴ്ചകളുണ്ടാക്കാം. അതു മുതലാക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യയും മറ്റും ഉപയോഗിക്കുന്നതിനാൽ നുഴഞ്ഞുകയറ്റം ഗണ്യമായി കുറയ്ക്കാനായി’’ – അജയ് ചന്ദ്പുരി കൂട്ടിച്ചേർത്തു.

English Summary: Jammu & Kashmir: In a first, the Indian Army recovers Chinese ammo from terrorists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com