ADVERTISEMENT

കൊച്ചി ∙ കേരളത്തിൽ ബിജെപി സർക്കാർ വരുന്നത് വികസനത്തിനു ഗുണം ചെയ്യുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിൽ എവിടെയെല്ലാം ബിജെപി സര്‍ക്കാരുണ്ടോ, അവിടെയെല്ലാം വികസനം അതിവേഗം മുന്നോട്ടു പോകുകയാണ്. അവിടെ എല്ലാം ഇരട്ട എൻജിൻ സർക്കാരാണ്. കേരളത്തിലും ഇരട്ട എൻജിൻ സർക്കാരുണ്ടാകുന്നതാണു ഗുണകരം. കേരളത്തിൽ ബിജെപി ശക്തി കാണിക്കും. രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി, നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം. Photo: @PIBTvpm / Twitter
കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം. Photo: @PIBTvpm / Twitter

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവർ സ്വീകരിച്ചു. നെടുമ്പാശേരിയിൽ പ്രവർത്തകരുടെ ആഹ്ലാദ ആരവങ്ങൾ‌ക്കിടയിലേക്കു പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ കരുതിവച്ചതു മലയാളത്തിലുള്ള ഓണാശംസകളും പ്രസംഗവരികളും. ‘‘എല്ലാവരെയും കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കേരളം സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും മനോഹരപ്രകൃതിയും കൊണ്ട് അനുഗൃഹീതമാണ്. ഓണക്കാലത്തു വരാനായത് സൗഭാഗ്യമായി കരുതുന്നു. എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു.’’ – മലയാളത്തിൽ പ്രധാനമന്ത്രി പറയുമ്പോൾ പ്രവർത്തകർ കരഘോഷം മുഴക്കി.

കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി  നരേന്ദ്രമോദിയെ വിമാനത്താവള പരിസരത്ത് സ്വീകരിക്കാൻ കാത്തുനിൽക്കുന്ന ബിജെപി പ്രവർത്തകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമാനത്താവള പരിസരത്ത് സ്വീകരിക്കാൻ കാത്തുനിൽക്കുന്ന ബിജെപി പ്രവർത്തകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

‘‘സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം നമ്മള്‍ പൂര്‍ത്തിയാക്കി. ആസാദി കാ അമൃത് കാലഘട്ടം രാജ്യത്തെ വികസനത്തിന്റെ കാലമാക്കി മാറ്റാന്‍ വേണ്ടി നമ്മള്‍ പ്രവര്‍ത്തിക്കണം. ഇക്കാര്യത്തിൽ കേരളത്തിലെ അധ്വാനശീലരായ ജനങ്ങള്‍ക്കു വളരെ സംഭാവന ചെയ്യാനുണ്ട്. എല്ലാവരുടെയും അധ്വാനവും വിശ്വാസവും ആര്‍ജിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി സര്‍ക്കാര്‍ വലിയ ലക്ഷ്യവുമായാണു മുന്നേറുന്നത്. കേന്ദ്രത്തിന്റെ ഏറ്റവും പ്രധാനലക്ഷ്യം ദരിദ്രര്‍ക്ക്, ദലിതര്‍ക്ക്, ആദിവാസികള്‍ക്ക്, ചൂഷിതര്‍ക്ക് സൗകര്യങ്ങൾ ഒരുക്കുക എന്നതാണ്. അതിനായി അടിസ്ഥാന സൗകര്യമൊരുക്കുകയാണ് കേന്ദ്രം.

ബിജെപി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും മനസ്സിലാക്കിയുള്ള പ്രവർത്തനമാണ് മുന്നോട്ടു വയ്ക്കുന്നത്. ദരിദ്രര്‍ക്കു സുരക്ഷിതരായി വസിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജനയുടേതായി രണ്ടു ലക്ഷം വീടുകളുടെ നിര്‍മാണത്തിനു വേണ്ട നടപടികളാണു പുരോഗമിക്കുന്നത്. ഒരു ലക്ഷം വീടുകളുടെ പണി പൂര്‍ത്തിയായി. കേരളത്തിലെ ദരിദ്രര്‍ക്കു ഗുരുതരരോഗം വന്നാല്‍ ചികിത്സിക്കാന്‍ സാഹചര്യമില്ലായിരുന്നു. 36 ലക്ഷം രോഗികള്‍ക്ക് ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമായി ചികിത്സയ്ക്ക് 3,000 കോടി രൂപ ഇതിനകം ചെലവഴിച്ചു. ഓരോ ജില്ലയിലും ഓരോ മെഡിക്കല്‍ കോളജുകള്‍ വീതമെങ്കിലും സ്ഥാപിക്കുന്നതിനാണ് ശ്രമിക്കുന്നത്.

കേരളത്തിലെ കണക്ടിവിറ്റിക്കു കേന്ദ്രം വളരെ പ്രാധാന്യമാണ് നല്‍കുന്നത്. കൊച്ചി മെട്രോയുടെയും റെയില്‍വേയുടെയും ഭാഗമായ നിരവധി പദ്ധതികള്‍ ജനങ്ങൾക്കു സമര്‍പ്പിക്കുകയാണ്. ശിലാസ്ഥാപനവും നടത്തുന്നുണ്ട്. റോഡുകളും ഹൈവേകളും നിർമിക്കുന്നു. കേരളത്തിലെ ഹൈവേയുമായി ബന്ധപ്പെട്ട് 50,000 കോടിയിലേറെ രൂപ പദ്ധതികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റോഡ് വികസനത്തിന് 3,000 കോടിയുടെ അധിക വികസന പ്രവർത്തനങ്ങളാണ് ചെയ്തത്. കേരളത്തിലെ ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നതിനു ശ്രമിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും ഒപ്ടിക്കല്‍ ഫൈബര്‍ ബന്ധിപ്പിക്കുന്നതിനു ശ്രമം നടക്കുകയാണ്.

കൃഷിക്കാര്‍ക്കും മത്സ്യത്തൊഴിലാളികൾക്കും അവരുടെ ക്ഷേമത്തിനുമായാണു സർക്കാർ പ്രവര്‍ത്തിക്കുന്നത്. കൃഷിക്കാര്‍ക്കു കൊടുക്കുന്നതു പോലെ മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് കൊടുക്കുകയാണ്. മത്സ്യത്തൊളിലാളികള്‍ക്ക് സാമൂഹികസുരക്ഷ നല്‍കുന്നതാണ് അത്. ആധുനിക വള്ളങ്ങള്‍ കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമായി നമുക്കിടയിലേക്കു വന്നു. വലിയ രാജ്യങ്ങള്‍ ഭക്ഷ്യധാന്യ ക്ഷാമവും വിലവര്‍ധനയും മൂലം തളർന്നിരിക്കുകയാണ്. ഈ കാലത്തു പിഎം ഗരീബ് യോജനയുടെ ഭാഗമായി കേരളത്തിലെ ഒന്നരക്കോടി ജനങ്ങൾക്കു സൗജന്യ റേഷന്‍ നല്‍കി. കേന്ദ്ര സര്‍ക്കാര്‍ 6,000 കോടി രൂപ അധികം ചെലവഴിച്ചു.

കോവിഡ് കാലത്തും രാജ്യം വികസനത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. രാജ്യത്ത് ജിഡിപി ഉയരുന്നു. തൊഴിലവസരം വര്‍ധിക്കുന്നു. ദുരന്ത കാലത്തും ജിഎസ്ടിയുെടെ വളര്‍ച്ച കാണാന്‍ സാധിക്കും. വികസനക്കാര്യത്തില്‍ കേന്ദ്രം എല്ലാ രംഗത്തും മുതല്‍മുടക്ക് നടത്തി മുന്നേറുകയാണ്. കേരള ജനത ബിജെപിയെ പുതിയ പ്രതീക്ഷയോടെ കാണുകയാണ്. ബിജെപി ഈ രാജ്യത്തു വികസനം കൊണ്ടുവരാന്‍ സത്യസന്ധമായ പ്രവർത്തനം കാഴ്ചവയ്ക്കുന്നതായി മനസ്സിലാക്കുന്നു. ഇന്നു യുവാക്കളുടെ പ്രതീക്ഷയില്‍ ഏറ്റവും വലിയ തടസ്സം അഴിമതിയാണ്. അഴിമതിക്കെതിരെ നിര്‍ണായകയുദ്ധം നടത്തേണ്ട സമയ‌മാണെന്നു കഴിഞ്ഞ ദിവസം പറയുകയുണ്ടായി.

എപ്പോഴൊക്കെ സർക്കാർ അഴിമതിക്കാര്‍ക്കെതിരെ നടപടി എടുത്തോ, അപ്പോഴൊക്കെ രാഷ്ട്രീയ ധ്രുവീകരണമുണ്ടാകുന്നു. അവരെ സംരക്ഷിക്കാന്‍ ചില പാര്‍ട്ടികള്‍ പരസ്യമായി രംഗത്തെത്തുകയാണ്. ഇതിനെക്കുറിച്ചു നാം ബോധ്യമുള്ളവരായിരിക്കണം. ഇന്ന് ഓണം ആഘോഷിക്കുമ്പോള്‍ ഋഷി പഞ്ചമി കൂടിയാണ്. ഋഷിവര്യന്‍മാരെ നമിക്കുകയാണ്. അവരുടെ സംഭാവന വലുതാണ്. അവരുടെ ശ്രമങ്ങളെ സ്മരിക്കുന്നു. ആദി ശങ്കരന്‍ ഭാരതത്തെ ഏകസൂത്രത്തില്‍ കോര്‍ത്തെടുത്തു. ആധ്യാത്മികതയിലൂടെ രാജ്യത്തെ ഒന്നാക്കിയ അദ്ദേഹത്തിന്റെ സംഭാവന ഇന്നും മഹത്തരമാണ്. അദ്ദേഹത്തെ വണങ്ങുന്നതിൽ ആഹ്ലാദമുണ്ട്’’ – പ്രധാനമന്ത്രി പറഞ്ഞു.

English Summary: PM Narendra Modi reached Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com