ADVERTISEMENT

കൊച്ചി∙ ഫെഡ് ചെയർമാന്റെ നിരക്കുയർത്തൽ പ്രസ്താവനയിൽ തട്ടിത്തകർന്ന അമേരിക്കൻ വിപണിക്ക് പിന്നാലെ തകർച്ചയോടെ തുടങ്ങിയെങ്കിലും ചൊവ്വാഴ്ച വിദേശ ഫണ്ടുകളുടെ പിന്തുണയിൽ ഇന്ത്യൻ വിപണി മികച്ച തിരിച്ചുവരവ് നടത്തി. ഒരു വ്യാപാര ദിനം നഷ്‌ടമായ കഴിഞ്ഞ ആഴ്ച വാങ്ങൽ ലക്ഷണങ്ങൾ കണ്ടെങ്കിലും വാരാന്ത്യ ലാഭമെടുക്കലിൽ വെള്ളിയാഴ്ചത്തെ നേട്ടങ്ങൾ കൈവിട്ട ഇന്ത്യൻ വിപണി ഒരു ഫ്ലാറ്റ് ക്ലോസിങ് നടത്തി. റിയൽറ്റി, ഓട്ടോ, എഫ് എംസിജി, ബാങ്കിങ്, ഫിനാൻസ് സെക്ടറുകൾക്കൊപ്പം സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും കഴിഞ്ഞ ആഴ്ച മുന്നേറ്റം നേടിയപ്പോൾ ഐടി സെക്ടറും, റിലയൻസും വിപണിയെ പിന്നോട്ട് വലിച്ചു.

തിങ്കളാഴ്ച അവധിയായ അമേരിക്കൻ വിപണിയും ഓഗസ്റ്റിലെ തൊഴിൽ വിവരക്കണക്കുകൾക്കൊപ്പം വെള്ളിയാഴ്ച നേട്ടത്തോടെ തുടങ്ങിയെങ്കിലും പിന്നീട് നേട്ടങ്ങൾ കൈവിട്ടത് നാളെ ഏഷ്യൻ വിപണികൾക്കും നിർണായകമാണ്. വിപണിയുടെ പുതിയ പ്രതീക്ഷകൾ വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട് ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ ഇന്ത്യൻ ജിഡിപി

വിപണി പ്രതീക്ഷക്കൊത്ത വളർച്ച സ്വന്തമാക്കിയ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന-വ്യവസായികോൽപാദന കണക്കുകൾ വിദേശ ഫണ്ടുകൾക്കു മുന്നിൽ ഇന്ത്യൻ വിപണിക്ക് മുൻ‌തൂക്കം നൽകിയേക്കാമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച പിഎംഐ ഡേറ്റ അടുത്ത പാദങ്ങളിലും ഇന്ത്യൻ കോർപറേറ്റ് വളർച്ച സാധ്യതയെ സൂചിപ്പിക്കുന്നു. ഡിഫൻസ്, ഇൻഫ്രാ, മാനുഫാക്ച്ചറിങ്, ക്യാപിറ്റൽ ഗുഡ്സ്, ഹോസ്പിറ്റാലിറ്റി, ലിക്കർ, ഫാഷൻ, കൺസ്യൂമർ ഡ്യൂറബിൾസ്, ഇലക്ട്രോണിക്സ്, പൊതുമേഖല, വാഹനമേഖലകൾ നിക്ഷേപത്തിന് പരിഗണിക്കാം.

∙ മികച്ച അമേരിക്കൻ ഡേറ്റകൾ

ജാക്സൺ ഹോൾ സിമ്പോസിയത്തിൽ അമേരിക്കൻ ഫെഡ് ചെയർമാൻ വീണ്ടും തുറന്നുവിട്ട ‘സാമ്പത്തികമാന്ദ്യ ഭയ’ത്തിന് താൽകാലിക ആശ്വാസമേകാൻ കഴിഞ്ഞ ആഴ്ച പുറത്തുവന്ന മികച്ച അമേരിക്കൻ, യൂറോപ്യൻ ഡേറ്റകൾക്കായി. അമേരിക്കൻ, യൂറോപ്യൻ, ഏഷ്യൻ പിഎംഐ ഡേറ്റകളും അമേരിക്കൻ യൂറോപ്യൻ കൺസ്യൂമർ കോൺഫിഡൻസ് ഡേറ്റകളും വിപണി പ്രതീക്ഷയ്ക്കപ്പുറം വളർച്ച നേടിയത് ലോക വിപണിക്ക് പ്രതീക്ഷയാണ്.

അമേരിക്കൻ പണപ്പെരുപ്പം രണ്ടു ശതമാനത്തിലേക്കു കുറയ്ക്കുവാനായി ഫെഡ് നിരക്ക് നാലു ശതമാനം വരെ വർധിപ്പിച്ചേക്കാമെന്നും, ലക്ഷ്യം നേടിയ ശേഷം മാത്രമായിരിക്കും പലിശ നിരക്കിൽ കുറവു വരുത്തുക എന്നുമുള്ള ഫെഡ് അംഗങ്ങളുടെ സൂചനകൾ ലോക സാമ്പത്തിക വ്യവസ്ഥക്ക് ‘മാന്ദ്യസാധ്യത’കൾ ഉയർത്തുന്നത് ലോക വിപണിക്കും ക്ഷീണമാണ്.

എങ്കിലും പിസിഇ ഇൻഫ്ലേഷൻ കണക്കുകൾ മാസങ്ങൾക്കു ശേഷം ആദ്യമായി വീഴ്ച കാണിച്ചതും, നോൺ ഫാം പേ റോൾ കണക്കുകൾ പ്രകാരം ജൂലൈ മാസത്തിൽ അഞ്ചു ലക്ഷം പേർ തൊഴിൽ നേടിയത് മൂന്നു ലക്ഷത്തിലേക്കു കുറഞ്ഞതും, തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനത്തിലേക്കു കയറിയതും ഫെഡ് റിസർവിനെ കൂടിയ നിരക്കിലുള്ള നിരക്കു വർധനവിൽനിന്നും പിന്തിരിപ്പിച്ചേക്കാമെന്നും വിപണി പ്രതീക്ഷിക്കുന്നു.

∙ ഇസിബി നിരക്ക് വർധന

അടുത്ത വ്യാഴാഴ്ച നടക്കുന്ന യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ നയാവലോകന യോഗം ലോക വിപണിക്ക് വളരെ പ്രധാനമാണ്. 9.1% എന്ന റെക്കോർഡ് നിരക്കിൽ എത്തിയ യൂറോ സോൺ പണപ്പെരുപ്പം പിടിച്ചു നിർത്താനായി ഇസിബി നടത്തിയേക്കാവുന്ന ഉയർന്ന നിരക്കിലുള്ള പലിശ നിരക്കു വർധന ബോണ്ട് യീൽഡിൽ മുന്നേറ്റം നൽകിയേക്കാമെന്നതും വിപണിക്ക് ആശങ്കയാണ്.

ഇസിബിയുടെ നിരക്കുയർത്തൽ ഡോളറിനെതിരെ പ്രതിരോധത്തിലായ യൂറോയ്ക്ക് അനുകൂലമായേക്കാം. നാളത്തെ യൂറോ സോൺ പിഎംഐ, റീറ്റെയ്ൽ വിൽപന കണക്കുകളും, ബുധനാഴ്ച പുറത്തു വരുന്ന യൂറോ സോൺ-ജർമൻ ജിഡിപി കണക്കുകളും യൂറോപ്യൻ വിപണിയെ സ്വാധീനിക്കുന്നത് ഇന്ത്യൻ വിപണിക്കും പ്രധാനമാണ്.

∙ യൂറോപ്യൻ ഗ്യാസ് പ്രതിസന്ധി

റഷ്യൻ ക്രൂഡ് ഓയിലിനും ഗ്യാസിനും ‘വിലനിയന്ത്രണം’ ഏർപ്പെടുത്താനുള്ള ജി–7 രാഷ്ട്രങ്ങളുടെ തീരുമാനത്തിനെതിരെ റഷ്യ എടുത്തേക്കാവുന്ന പ്രതികാര നടപടികളിൽ ഭയന്ന് അമേരിക്കൻ വിപണി വെള്ളിയാഴ്ച നേട്ടങ്ങൾ കൈവിട്ടു. റഷ്യ യൂറോപ്പിലേക്കുള്ള ഊർജ്ജ വിതരണത്തിൽ കുറവ് വരുത്തിയേക്കാവുന്നത് യൂറോപ്പിനെ പുതിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടേക്കാം.

യൂറോപ്പിലേക്ക് ഗ്യാസ് എത്തിക്കുന്ന പ്രധാന പൈപ്പ്‌ലൈനായ നോർഡ് സ്ട്രീം-1 വഴി ഇന്നലെ മുതൽ പുനരാരംഭിക്കേണ്ടിയിരുന്ന ഗ്യാസ് വിതരണം റഷ്യ അനിശ്ചിതമായി നീട്ടിയത് യൂറോപ്പിന് മേലുള്ള ‘സാമ്പത്തിക യുദ്ധം’ ആയി മാറിയേക്കാമെന്ന ഭയം വിപണിയുടെ സമ്മർദ്ദം കൂട്ടിയേക്കാം. നോർഡ് സ്ട്രീം പൈപ്പ് ലൈൻ-1 തുറക്കുന്ന വാർത്തക്കായി കാത്തിരിക്കുകയാണ് വിപണി.

∙ ഒപെക് മീറ്റിങ്

തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഒപെക് യോഗം ക്രൂഡ് ഓയിലിന്റെ ഉൽപാദന നിയന്ത്രണം പരിഗണിക്കുന്നതും ലോക വിപണിക്ക് പ്രധാനമാണ്. ചൈനീസ് ലോക്‌ഡൗണും റഷ്യയുടെ സ്വാധീനവും ഒപെക് തീരുമാനങ്ങളെ ബാധിക്കുമെന്നതും വിപണിക്ക് ആശങ്കയാണ്. ഉൽപാദന നിയന്ത്രണ പ്രഖ്യാപനങ്ങൾ ഇല്ലാതെ ഒപെക് യോഗം അവസാനിച്ചാൽ ക്രൂഡ് ഓയിൽ വീണ്ടും വീണേക്കാം.

∙ സ്വർണം

അമേരിക്കൻ ബോണ്ട് യീൽഡ് 3.2 ശതമാനത്തിൽ ക്രമപ്പെടുന്നത് സ്വർണത്തിന് അനുകൂലമായേക്കാമെങ്കിലും ഈസിബി നിരക്കുയർത്തൽ നിർണായകമാണ്. യൂറോപ്യൻ ഊർജ പ്രതിസന്ധിയും സ്വർണത്തിന് അനുകൂലമായേക്കാം. 1700 ഡോളറിൽ സ്വർണം സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

വാട്സാപ് നമ്പർ: 8606666722

English Summary: Stock market analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com