പ്രണയത്തിന് വീൽച്ചെയർ തടസ്സമായില്ല; ജയരാജിന്റെ ജീവിതത്തിന് ‘സ്നേഹശ്രുതി’
Mail This Article
മൂവാറ്റുപുഴ ∙ ജയരാജിന്റെ സ്നേഹത്തണലിൽ ശ്രുതിക്ക് ഇനി സ്വപ്നച്ചിറകുകൾ വിടർത്താം. വീൽചെയറിൽനിന്ന് പ്രിയ സഖിയെ താങ്ങിയെടുത്ത് ലോകത്തിന്റെ കാണാക്കാഴ്ചകളിലേക്കു പറക്കാനൊരുങ്ങുകയാണ് ജയരാജ്. ജന്മനാ ചലിക്കാൻ കഴിയാത്ത ശ്രുതിയെ മിന്നുകെട്ടി ജീവിതത്തിലേക്കു ചേർത്തിരിക്കുകയാണ് സൗദിയിൽ എൻജിനീയറായ ഈ യുവാവ്.
തൃക്കളത്തൂർ പുഞ്ചക്കാലായിൽ ആർ.സുകുമാരന്റെയും സുജയുടെയും മകളാണ് ശ്രുതി. തൃക്കാരിയൂർ മോളത്തേകുടിയിൽ ശിവന്റെയും രാജമ്മയുടെ മകനാണു ജയരാജ്. അവിചാരിതമായി ശ്രുതിയുടെ അധ്യാപകനായി എത്തിയതാണു ജയരാജിന്റെ ജീവിതത്തിലെ വഴിത്തിരിവ്. പഠനത്തിനും ചികിത്സകൾക്കും മാനസികമായി പിന്തുണ നൽകി കൂടെ നിന്ന ജയരാജിന്റെ ഹൃദയത്തിൽ പതുക്കെ ശ്രുതി കൂടുകൂട്ടി.
ഒരുമിച്ചുള്ള ജീവിതത്തിനു നൂറുവട്ടം സമ്മതമായിരുന്നെങ്കിലും തന്റെ പരിമിതികൾ ചൂണ്ടിക്കാട്ടി പലവട്ടം ശ്രുതി ഒഴിഞ്ഞു മാറി. ജയരാജിന്റെ സ്നേഹത്തിനു മുന്നിൽ ഒടുവിൽ ജീവിതസഖിയാകാൻ തയാറായി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ശ്രുതിയുടെയും ജയരാജിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സെറിബ്രൽ പാൾസി രോഗത്തെ തുടർന്നാണ് ശ്രുതിക്കു ചലനശേഷി നഷ്ടപ്പെട്ടത്. വർഷങ്ങൾ നീണ്ട ചികിത്സയുടെ ഫലമായി ഒരു കൈ ഭാഗികമായി ചലിപ്പിക്കാനും എഴുതാനും പഠനത്തിൽ മിടുക്ക് തെളിയിക്കാനും ശ്രുതിക്ക് സാധിച്ചു. മണ്ണൂർ എൻഎസ്എസ് സ്കൂൾ അധ്യാപകർ എല്ലാ പിന്തുണയും നൽകിയതോടെ പത്താം ക്ലാസിൽ ഉന്നത വിജയം നേടി. കീഴില്ലം സെന്റ് തോമസ് ഹൈസ്കൂളിൽനിന്ന് പ്ലസ്ടുവിനും മികച്ച വിജയമായിരുന്നു.
ബിരുദവും നല്ല മാർക്കോടെ ജയിച്ച ശ്രുതി ഇപ്പോൾ ഭാരതിയാർ യൂണിവേഴ്സിറ്റിയുടെ കീഴിൽ എംബിഎ പഠിക്കുന്നുണ്ട്. ഇതിനിടയിൽ മൂവാറ്റുപുഴ അർബൻ ബാങ്കിൽ ജോലിയും ലഭിച്ചു. ബാങ്കിലെ സീനിയർ ക്ലർക്ക് ആണു ശ്രുതി. നന്നായി പാടാൻ കഴിയുന്ന ശ്രുതി, ചിത്രരചനയ്ക്കും കവിതകളും കഥകളും എഴുതാനും സമയം കണ്ടെത്തുന്നുണ്ട്.
English Summary: Cerebral Palsy affected woman married after love in Muvattupuzha