ADVERTISEMENT

കോഴിക്കോട് ∙ എൻഐടിയിലെ പൂർവവിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഡയറക്ടർ പ്രസാദ് കൃഷ്ണ. ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ അഗിൻ കോഴിക്കോട് എൻഐടിയിൽ ആദ്യവർഷപരീക്ഷ പോലും പാസായില്ല. മൂന്നുതവണ ഇതിന് അവസരം നൽകി. ചട്ടപ്രകാരം പഠനം തുടരാൻ ആവില്ലായിരുന്നു. പുറത്തുപോയതിനു ശേഷവും പഠനം തുടരാൻ അപേക്ഷ നൽകി. ഇത് സാധ്യമല്ലെന്ന് സംയുക്തയോഗത്തിൽ കണ്ടെത്തി. പുതിയ കോഴ്സിന് ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് അഗിനും പിതാവും കണ്ടിരുന്നു. അതിനു പിന്തുണ വാഗ്ദാനം ചെയ്തിരുന്നതായും പ്രസാദ് കൃഷ്ണ മനോരമ ന്യൂസിനോട് വിശദീകരിച്ചു.

കോഴിക്കോട് എൻഐടിയിലെ പൂർവ വിദ്യാർഥിയും പഞ്ചാബ് ഫഗ്വാരയിലെ ലവ്‌ലി പ്രഫഷനൽ യൂണിവേഴ്സിറ്റിയിലെ (എൽപിയു) വിദ്യാർഥിയുമായ ആഗിൻ എസ്.ദിലീപിനെ (ബാലു – 22) ചൊവ്വാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എൽപിയുവിൽ ബാച്‌ലർ ഓഫ് ഡിസൈൻ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. രണ്ടാഴ്ച മുൻപാണ് ഇവിടെ പ്രവേശനം നേടിയത്.

2018ല്‍ കോഴിക്കോട് എൻഐടിയിൽ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിന് പ്രവേശനം നേടിയ ആഗിൻ, പഠനം പാതിയിൽ ഉപേക്ഷിച്ചാണു എൽപിയുവിൽ ചേർന്നത്. എൻഐടിയിൽ ഒന്നാം വർഷത്തിന്റെ അവസാനം ആവശ്യമായ 24 ക്രെഡിറ്റുകൾ നേടാൻ ആഗിന് കഴിഞ്ഞില്ല. കോഴ്സ് നാലാം വർഷത്തിലെത്തിയിട്ടും ഒന്നാം വർഷത്തിൽ ആവശ്യമായ ക്രെഡിറ്റ് നേടാൻ കഴിയാതെ വന്നതോടെയാണ് കോഴ്സിൽ തുടരാനുള്ള അർഹത ഇല്ലാതായതെന്നാണ് എൻഐടി നൽകുന്ന വിശദീകരണം.

അഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻഐടി ഡയറക്ടർ അവധിയിൽ പ്രവേശിക്കുന്നുവെന്ന വാർത്ത വാസ്തവിരുദ്ധമാണെന്ന് എൻഐടി അധികൃതർ അറിയിച്ചു.  സൂറത്കൽ എൻഐടിയുടെ കൂടി അധികചുമതലയുള്ളതിനാൽ ഡയറക്ടർ ജോലിസംബന്ധമായ ചുമതലകൾ നിർവഹിക്കാൻ അവിടേക്കു പോകാറുണ്ടെന്ന് എൻഐടി മീഡിയ സെൽ വിശദീകരിച്ചു. ഔദ്യോഗിക ചുമതലകൾ നിറവേറ്റിയ ശേഷം ഡയറക്ടർ തിരിച്ച് കോഴിക്കോട് എൻഐടിയിൽ തന്നെ തുടരുമെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു. 

English Summary: Suicide of Malayali student in Punjab: Kozhikode NIT Director clarification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com