ADVERTISEMENT

ഗാന്ധിനഗർ∙ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആവശ്യത്തിനുമേൽ പ്രതിസന്ധി സൃഷ്ടിക്കുന്ന അശോക് ഗെലോട്ടിനെ ‘കൊട്ടി’ ബിജെപി നേതാവും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായ വിജയ് രൂപാണി. ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതിന് അനുസരിച്ച് താൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം രൂപാണി വെളിപ്പെടുത്തിയത്. ‘‘രാജിവയ്ക്കുന്നതിന് തലേ രാത്രി ബിജെപി ഹൈക്കമാൻഡിൽനിന്ന് സന്ദേശമെത്തി. പിന്നാലെ 2021 സെപ്റ്റംബർ 11ന് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു. എന്തിനാണ് രാജി ആവശ്യപ്പെട്ടതെന്ന് പാർട്ടി എന്നോടു പറയുകയോ പാർട്ടിയോടു ഞാൻ ചോദിക്കുകയോ ചെയ്തില്ല. അച്ചടക്കമുള്ള പ്രവർത്തകനാണ്. പാർട്ടി എന്തു ചുമതല തന്നാലും അതു സ്വീകരിക്കും. എന്റെ ഉത്തരവാദിത്തമാണത്. പാർട്ടി എന്തൊക്കെ ഉത്തവാദിത്തങ്ങൾ തന്നാലും അതു പൂർത്തീകരിക്കും’’ – രൂപാണി പറഞ്ഞു.

രാജസ്ഥാൻ മുഖ്യമന്ത്രി പദം രാജിവച്ച് കോൺഗ്രസ് അധ്യക്ഷ പദത്തിലേക്കു മത്സരിക്കാൻ ഹൈക്കമാൻഡ് അശോക് ഗെലോട്ടിനോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ മത്സരിക്കുന്നതിനാൽ ഗെലോട്ട് തന്നെ വിജയിക്കാനുള്ള സാധ്യതയുമുണ്ട്. എന്നാൽ മുഖ്യമന്ത്രിസ്ഥാനം വിട്ട് ഡൽഹിക്കു പോയാൽ രാജസ്ഥാനിലെ തന്റെ പിടിവിട്ടുപോകുമെന്നും സച്ചിൻ പൈലറ്റിന് അധികാരം കൂടുമെന്നതുമാണ് ഗെലോട്ടിനെ അലട്ടുന്നത്. പിന്നാലെ ഗെലോട്ടിനെ പിന്തുണയ്ക്കുന്ന എംഎൽഎമാരും മന്ത്രിമാരും വിമതനീക്കം നടത്തുകയും ചെയ്തു. ഇക്കാര്യത്തിൽ കോൺഗ്രസിനോട് മാപ്പു പറഞ്ഞ ഗെലോട്ട് ഇന്ന് സോണിയ ഗാന്ധിയെ കണ്ടേക്കുമെന്നും സൂചനയുണ്ട്.

English Summary: '...So, I left the post of Chief Minister', Former Gujarat CM makes BIG disclosure amid ruckus over Ashok Gehlot's RESIGNATION

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com