ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ച് സ്റ്റാലിൻ; അനുശോചനവുമായി നേതാക്കൾ
Mail This Article
ചെന്നൈ/തിരുവനന്തപുരം∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് വിവിധ രാഷ്ട്രീയ നേതാക്കൾ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഗവർണർ ആർ.എൻ.രവി എന്നിവർ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും അപ്പോളോ ആശുപത്രിയിലെത്തിയിരുന്നു.
സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതൽപ്പരതയും കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു. മുൻ മന്ത്രി, സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവ് തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. ആത്മാവിന് മുക്തി നേരുന്നതായും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.
∙ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള
1975 ജൂണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ വിദ്യാർഥി നേതാക്കളുടെ പ്രതിരോധത്തെക്കുറിച്ച് കോഴിക്കോട്ട് നടത്തിയ ആലോചനായോഗത്തിൽ താനും കോടിയേരി ബാലകൃഷ്ണനും ഒന്നിച്ചു പങ്കെടുത്തത് ഓർമയിലിപ്പോഴും പച്ചപിടിച്ചു നിൽക്കുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ ചേരികളിൽ സമാന്തര രേഖകളെപ്പോലെയാണ് തങ്ങളെങ്കിലും പരസ്പരം വ്യക്തിബന്ധം പുലർത്താൻ കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിയയോഗത്തോടെ കേരളത്തിനുണ്ടായ നഷ്ടം നികത്താനാവാത്തതാണ്.
∙ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
കേരളത്തിലെ വിദ്യാർഥി-യുവജനപ്രസ്ഥാനം ദേശീയ രാഷ്ട്രീയത്തിന് നല്‍കിയ സംഭാവനയാണ് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗത്വം വരെയുള്ള ഉയര്‍ന്ന ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തമായി മുന്നോട്ടു നയിക്കുന്നതില്‍ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്. രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനത്തിനാകെ കോടിയേരിയുടെ നിര്യാണം വന്‍ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്.
നാലുപതിറ്റാണ്ടിലേറെക്കാലം നീണ്ട വ്യക്തിപരമായ ബന്ധവും സൗഹൃദവുമാണ് അദ്ദേഹവുമായി ഉള്ളത്. നിയമസഭാ പ്രവര്‍ത്തനത്തിനിടയില്‍ ബന്ധം കൂടുതല്‍ ദൃഢമാകുകയും സൗഹൃദം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്തു. കോടിയേരിയുടെ നിര്യാണത്തില്‍ കുടുംബത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും വ്യക്തിപരമായും പങ്കുചേരുന്നു.
∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അക്ഷരാര്‍ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചു. പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി.
നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവര്‍ക്ക് കോടിയേരി നല്‍കിയത്. സിപിഎമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി
മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണ്‍. സിപിഎമ്മിലെ സൗമ്യമായ മുഖം. മികച്ച ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് സിപിഎമ്മിന് നികത്താന്‍ സാധിക്കാത്തതാണ്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാർഥിക്കുന്നു.
∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
സിപിഎമ്മിന്റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയ എതിരാളികളോടും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
∙ കേന്ദ്രമന്ത്രി വി.മുരളീധരൻ
കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണന്‍റെ വേർപാട്. രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായായിരുന്നു എക്കാലവും അദ്ദേഹം. കർക്കാശ്യക്കാരനായ കമ്യൂണിസ്റ്റായിരുന്നപ്പോഴും എന്തിനേയും ചിരിയോടെ സമീപിച്ച നേതാവായിരുന്നു കോടിയേരി. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ പകരംവക്കാനില്ലാത്ത നേതാവാണ് വിടവാങ്ങുന്നത്. കുടുംബത്തിന്‍റെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
∙ മന്ത്രി വി.ശിവൻകുട്ടി
തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവാണ് വിട വാങ്ങിയിരിക്കുന്നത്. പാർട്ടിയെ അത്രകണ്ട് സ്നേഹിച്ചിരുന്ന, പാർട്ടിക്ക് വേണ്ടി ജീവിച്ച, പാർട്ടിയുടെ ഉന്നത പദവികളിൽ കാര്യക്ഷമമായി പ്രവർത്തിച്ച തികഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നു സഖാവ്. മികച്ച സംഘാടകനും ജനപ്രതിനിധിയും മാത്രമല്ല മികച്ച ഭരണാധികാരിയുമായിരുന്നു സഖാവ്. രാഷ്ട്രീയ - ഭരണ രംഗത്തെ സഖാവിന്റെ പ്രവർത്തനം കേരള ചരിത്രത്തിന്റെ ഭാഗമാണ്.
∙ മന്ത്രി അഹമ്മദ് ദേവർകോവിൽ
മതനിരപേക്ഷ വികസിത കേരളത്തിനായി ജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ മലയാളിക്ക് നഷ്ടപ്പെട്ടത്. ഐഎൻഎൽ പ്രസ്ഥാനത്തെ ഇടതുപക്ഷ മുന്നണിയോട് സഹകരിപ്പിക്കുന്നതിൽ കോടിയേരിയാണ് മുൻകൈയെടുത്തത്. വ്യത്യസ്ത സാമൂഹിക ജനവിഭാഗങ്ങൾക്കിടയിൽ ഐക്യം നിലനിർത്തുന്നതിലും അവകാശ സംരക്ഷണ പോരാട്ടങ്ങളിലും കോടിയേരി നടത്തിയ ശ്രമം എന്നും സ്മരിക്കപ്പെടും
∙ ജോസ് കെ. മാണി (കേരള കോൺഗ്രസ് എം ചെയർമാൻ)
ഏതു പ്രതിസന്ധിയിലും കൈവിടാത്ത നിറഞ്ഞ ചിരിയാണ് നമുക്ക് നഷ്ടമായത്.
∙ ഉമ്മൻ ചാണ്ടി (മുൻ മുഖ്യമന്ത്രി)
രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരുന്നു. കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയര്‍ന്ന് സിപിഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തുകയും എംഎല്‍എ, മന്ത്രി തുടങ്ങിയ പദവികളിലിരുന്ന് മികച്ച പ്രകടനം നടത്തുകയും ചെയ്ത കോടിയേരി ഏറെ ജനകീയനായിരുന്നു. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നു.
∙ രമേശ് ചെന്നിത്തല (മുൻ പ്രതിപക്ഷ നേതാവ്)
സിപിഎമ്മിന്റെ കരുത്തനായ ഒരു നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നത്. വിദ്യാർഥി- യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോൾത്തന്നെ കോടിയേരിയുമായി ബന്ധപ്പെടാൻ ഇടയായിട്ടുണ്ട്. പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മായാത്ത ചിരിയോടെ ആരോടും സൗഹൃദപൂർവം പെരുമാറുന്ന കോടിയേരിക്ക് മറ്റു പാർട്ടികളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. മന്ത്രി എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.
English Summary: Leaders Offer Condolences to Kodiyeri Balakrishnan