ADVERTISEMENT

കറാച്ചി∙ താലിബാൻ വധശ്രമത്തെ അതിജീവിച്ച് 10 വർഷങ്ങൾക്കുശേഷം പാക്കിസ്ഥാന്റെ മണ്ണിൽ മലാല യൂസഫ്സായ് എത്തി. തനിക്കുനേരെ ആക്രമണം നടന്ന് 10 വർഷം തികഞ്ഞ് രണ്ടു ദിവസങ്ങൾക്കുശേഷമാണ് മലാല കറാച്ചിയിൽ കാലുകുത്തുന്നത്. അതിശക്തമായ മഴയും പ്രളയവും മൂലം ബുദ്ധിമുട്ടുന്ന പാക്കിസ്ഥാന് രാജ്യാന്തര തലത്തിൽ കാര്യമായ ശ്രദ്ധ കിട്ടി അതുവഴി സഹായങ്ങൾ എത്തിക്കുന്നതിനു വേണ്ടിയാണ് മലാലയുടെ സന്ദർശനം.

സമാധാന നൊബേൽ പുരസ്കാര ജേതാവായ മലാലയ്ക്ക് 15 വയസ് മാത്രമുള്ളപ്പോഴാണ് പാക്ക് താലിബാൻ ഭീകരർ തലയ്ക്കുനേരെ വെടിയുതിർത്ത് കൊല്ലാൻ ശ്രമിച്ചത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്ന മലാലയുടെ പ്രചാരണമാണ് പാക്ക് താലിബാനെ പ്രകോപിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ മലാലയെ ബ്രിട്ടനിലെത്തിച്ചാണ് ജീവൻ രക്ഷിച്ചത്. പിന്നീട് ആഗോളതലത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രചാരകയായി അവർ മാറി. സമാധാന നൊബേൽ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് മലാല.

സ്വാത്ത് താഴ്‌വരയിൽ മലാലയുടെ സ്കൂളിൽ ഒപ്പം പഠിച്ചിരുന്ന പൂർവവിദ്യാർഥികൾ ഉൾപ്പെടുന്ന ജനങ്ങൾ സ്വന്തം നാടായ മിങ്ഗോറയില്‍ വർധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമ്പോഴാണ് മലാലയുടെ സന്ദർശനം. നേരത്തേ ഇവിടം പാക്ക് താലിബാന്റെ കടുത്ത നിയന്ത്രണങ്ങളുടെ കീഴിലായിരുന്നു. 2014ലാണ് പാക്ക് ഭരണകൂടം മേഖലയെ തങ്ങളുടെ നിയന്ത്രണത്തിലാക്കിയത്. എന്നാൽ കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയോടെ ഇവിടെ വീണ്ടും ഭീകരപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അടുത്തിടെയായി സുരക്ഷാസേനയ്ക്കു നേരെ ആക്രമണങ്ങൾ ഉണ്ടാകുകയും ചെയ്തു.

English Summary: Malala Yousafzai Visits Pakistan 10 Years After Taliban Attack On Her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com