ADVERTISEMENT

കണ്ണൂർ∙ സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാർ തിങ്കളാഴ്ച രാജിവയ്ക്കണമെന്ന ഗവർണറുടെ നിർദേശത്തിൽ പ്രതികരണവുമായി കണ്ണൂർ സർവകലാശാല വിസി ഡോ.ഗോപിനാഥ് രവീന്ദ്രൻ. രാജി നൽകിയി‌ല്ലെങ്കിൽ എന്താണ് നടപടിയെന്ന് നോക്കട്ടെ. ഗവര്‍ണര്‍ക്ക് വിസിമാരെ പുറത്താക്കാം, പക്ഷേ അതിന് മാനദണ്ഡമുണ്ട്. ഗവര്‍ണറുടെ നടപടി സര്‍വകലാശാലകളില്‍ അനിശ്ചിതത്വം ഉണ്ടാക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

‘വിസി നിയമനവുമായി ബന്ധപ്പെട്ട് എന്റെ കേസ് ഇപ്പോൾ സുപ്രീം കോടതിയിലുണ്ട്. കോടതി പറയട്ടെ. അതനുസരിച്ച് നീങ്ങാം. പുറത്താക്കാനുള്ള ഓർഡർ വരട്ടെ എന്നിട്ട് തീരുമാനിക്കാം. രാജിവയ്ക്കില്ല. പിരിച്ചു വിടണമെങ്കിൽ അങ്ങനെ ചെയ്യാം. ഇന്ത്യയിൽ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല.’– ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. 

അതേസമയം, ഗവർണർ വിസിയെ ഫോണിൽ വിളിച്ച് രാജി ആവശ്യപ്പെട്ടതായി കേരള സർവകലാശാല ആരോപിച്ചു. രാജിവയ്ക്കില്ലെന്നും താൻ തിങ്കളാഴ്ച വിരമിക്കുകയാണെന്നും വിസി ഡോ. വി.പി. മഹാദേവൻ പിള്ള മറുപടി നൽകി. ഒക്ടോബർ 21 ന്റെ മുൻകൂർ തിയതിവച്ച് രാജിക്കത്ത് നൽകണമെന്നു ഗവർണർ ആവശ്യപ്പെട്ടതായും സർവകലാശാല അധികൃതർ പറഞ്ഞു.

സംസ്ഥാനത്തെ 9 വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് ഇന്നാണ് ഗവർണർ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11.30നകം രാജിവയ്ക്കണമെന്നാണ് നിർദേശം. യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്‍റെ പേരില്‍ സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേരള, എംജി, കൊച്ചി, കണ്ണൂര്‍, കാലിക്കറ്റ്, ഫിഷറീസ്, ശ്രീശങ്കരാചാര്യ, സാങ്കേതിക, സംസ്കൃതം, മലയാളം എന്നീ സര്‍വകലാശാലകളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

English Summary: Kannur VC Gopinath Ravindran says he will not resign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com