ADVERTISEMENT

തിരുവനന്തപുരം∙ കേരള ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാന്‍സലർമാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. സാങ്കേതിക സർവകലാശാല വിസി ഡോ.എം.എസ്.രാജശ്രീയെ പുറത്താക്കിയ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഗവർണറുടെ നീക്കം. സുപ്രീംകോടതി വിധിയുടെ സാഹചര്യത്തിൽ രണ്ടുപേർക്കും സ്ഥാനത്തു തുടരാൻ കഴിയില്ലെന്ന് നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. ഡോ.സജി ഗോപിനാഥാണ് ഡിജിറ്റൽ സർവകലാശാലയുടെ വിസി. മുബാറക് പാഷയാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വിസി. 

സംസ്ഥാനത്തെ ഒൻപതു സർവകലാശാലകളുടെ വൈസ് ചാൻസലർമാർ രാജിവയ്ക്കണമെന്ന് നേരത്തെ ഗവർണർ നിർദേശിച്ചിരുന്നു. ചാൻസലറായ ഗവർണർ അന്തിമതീരുമാനം എടുക്കുന്നതുവരെ വിസിമാർക്ക് തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. പുറത്താകാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ഒൻപതു വിസിമാർക്ക് അടുത്തമാസം മൂന്നുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഡിജിറ്റൽ, ശ്രീനാരായണ സർവകലാശാലാ വിസിമാർ നാലിനകം കാരണം ബോധ്യപ്പെടുത്തണം.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം സർവകലാശാലകൾ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ഫിഷറീസ് സമുദ്ര പഠന സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു), ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവയിലെ വിസിമാർക്കാണ് ആദ്യം നോട്ടിസ് നൽകിയത്.

സാങ്കേതിക സർവകലാശാലയ്ക്കു പുറമേ അഞ്ച് സർവകലാശാലകളിലെ വിസിമാരെ നിയമിച്ചത് പാനല്‍ ഇല്ലാതെയാണെന്ന് ഗവർണറുടെ നിർദേശത്തിൽ പറയുന്നു. മറ്റുള്ളവരുടെ നിയമനത്തിനു പാനൽ ഉണ്ടായിരുന്നെങ്കിലും സേർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ മാത്രമേ പാടുള്ളൂ എന്ന നിബന്ധന ലംഘിക്കപ്പെട്ടതായും ഗവർണർ വ്യക്തമാക്കിയിരുന്നു. ഡോ.രാജശ്രീയെ നീക്കിയ നടപടിക്കെതിരെ സുപ്രീംകോടതിയിൽ റിവിഷൻ ഹർജി നൽകാൻ സർക്കാരും സർവകലാശാലയും തയാറെടുക്കുന്നതിനിടെ ആണ് ഗവർണറുടെ നടപടി.

English Summary: Showcause Notice by Governor to Digital and Sree Narayana Guru University Vice Chancellors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com