ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രീയ പ്രവേശന സൂചന നൽകി ബോളിവുഡ് താരം കങ്കണ റനൗട്ട്. ബിജെപി ടിക്കറ്റ് നൽകുകയാണെങ്കിൽ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡി മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കങ്കണ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഷിംലയിൽ സംഘടിപ്പിച്ച ‘ആജ് തക് ഹിമാചൽ പ്രദേശ്’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കങ്കണ. അതേസമയം, നിലവിൽ അഭിനയരംഗത്ത് പൂർണശ്രദ്ധ ചെലുത്തുന്നതിനാൽ രാഷ്ട്രീയത്തിലേക്കു വരാൻ താൽപര്യമില്ലെന്നാണ് കങ്കണ ഒരു മാസം മുൻപ് പറഞ്ഞത്.

ഹിമാചൽ പ്രദേശിലെ ജനത്തെ ഏതുവിധേനയും സേവിക്കാൻ ആഗ്രഹമുണ്ടെന്നും അതിന് രാഷ്ട്രീയപ്രവേശം അനിവാര്യമെങ്കിൽ അതിനും തയാറാണെന്നും കങ്കണ വിശദീകരിച്ചു. തന്റെ നാട്ടിലെ ജനങ്ങളുടെ ഉന്നമനത്തിനായി പോരാടാൻ അവസരം ലഭിച്ചാൽ അത് അഭിമാനകരമായ കാര്യമാണെന്നും താരം പറഞ്ഞു. ഹിമാചലിലെ മണാലി സ്വദേശിനിയാണ് കങ്കണ.

‘‘സാഹചര്യം എന്തുമാകട്ടെ. സർക്കാരിന് എന്റെ സഹകരണം ആവശ്യമാണെങ്കിൽ ഞാൻ അതിനു തയാറാണ്. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഹിമാചലിലെ ജനം ആവശ്യപ്പെടുന്നതെങ്കിൽ അത് എനിക്കു ലഭിക്കുന്ന വലിയ ആദരവാണ്. മത്സരിക്കുന്നതിൽ എനിക്കു യാതൊരു വിമുഖതയുമില്ല.’– കങ്കണ പറഞ്ഞു.

അതേസമയം, കങ്കണയ്ക്ക് എപ്പോൾ വേണമെങ്കിലും ബിജെപിയിലേക്കു വരാമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും അതേ പരിപാടിയിൽ പങ്കെടുത്ത ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ വ്യക്തമാക്കി. നവംബർ 12നാണ് ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞടുപ്പ്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

English Summary: Kangana Ranaut's hint at joining politics: ‘If BJP wants me for Himachal polls’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com