പാറശാല പൊലീസ് ഒത്തുകളിച്ചു; 5 പ്രധാന വീഴ്ചകൾ ഇങ്ങനെ: അന്വേഷണം വേണമെന്ന് കുടുംബം
Mail This Article
തിരുവനന്തപുരം∙ സുഹൃത്തായ ബിരുദ വിദ്യാർഥിയെ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പാറശാല പൊലീസ് പ്രതികൾക്കൊപ്പം ഒത്തുകളിച്ചുവെന്നും നടപടി വേണമെന്നും കൊല്ലപ്പെട്ട പാറശാല മുര്യങ്കര ജെപി ഹൗസിൽ ജെ.പി.ഷാരോൺ രാജിന്റെ (23) കുടുംബം. പാറശാല പൊലീസിനു കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന എഡിജിപി എം.ആർ.അജിത് കുമാറിന്റെ അവകാശവാദം തള്ളിയ കുടുംബം അന്വേഷണം അട്ടിമറിക്കുന്നതിനു പാറശാല പൊലീസ് കൂട്ടുനിന്നുവെന്നും ആരോപിച്ചു.
പാറശാല പൊലീസിനെ സംരക്ഷിക്കാൻ ഉന്നത ഇടപെടലുണ്ടെന്നും, പാറശാല പൊലീസ് ഒത്തുകളിക്കാതിരുന്നെങ്കിൽ ഷാരോണിന്റെ ഉള്ളിൽച്ചെന്നത് ഏത് വിഷമാണെന്ന് നേരത്തെ കണ്ടെത്താനും അതനുസരിച്ചുള്ള ചികിൽസ തുടങ്ങാനും കഴിയുമായിരുന്നുവെന്നും കുടുംബം വിശ്വസിക്കുന്നു.
പാറശാല പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചകൾ കുടുംബം അക്കമിട്ടു നിരത്തുന്നത് ഇങ്ങനെ
1. ഷാരോൺ ചികിൽസയിലിരിക്കെ കേസിലെ മുഖ്യപ്രതി കേരള അതിർത്തിയിൽ കാരക്കോണത്തിനു സമീപം രാമവർമൻചിറ സ്വദേശി ഗ്രീഷ്മയുടെ (23) വീട്ടിൽ നിന്ന് കഷായം കുടിച്ചത് പൊലീസിനെ അറിയിച്ചിരുന്നു. ഷാരോൺ രാജിന്റെ മൊഴിയിലും ഇതുണ്ടായിരുന്നു. എന്നാൽ, ആ വഴിക്ക് അന്വേഷണം നീങ്ങിയില്ല.
2. ഷാരോൺ മരിക്കുന്നതിന് അഞ്ചുദിവസം മുൻപേ വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെന്ന ഡോക്ടർമാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മെഡിക്കോ– ലീഗൽ കേസായി. തുടർന്ന് 21ന് മജിസ്ട്രേട്ട് മൊഴിയെടുത്തു. അതിനു ശേഷവും ഗ്രീഷ്മയുടെ വീട്ടിൽ കാര്യമായ പരിശോധന നടന്നില്ല.
3. ഷാരോണിനു കഷായം നൽകിയെന്ന ഗ്രീഷ്മയുടെ വാട്‌സാപ് ചാറ്റിലെ സന്ദേശങ്ങളും പൊലീസ് മുഖവിലയ്ക്കെടുത്തില്ല.
4. ഗ്രീഷ്മയുടെ ഫോൺ പിടിച്ചെടുത്തിരുന്നെങ്കിൽ കീടനാശിനി പ്രയോഗം ഗൂഗിളിൽ സെർച്ച് ചെയ്തത് അടക്കം ലഭിക്കുമായിരുന്നു.
5. ഗ്രീഷ്മയുടെ മൊഴിയെടുത്തതിൽ നിന്ന് കുറ്റം ചെയ്തിട്ടില്ലെന്നു ബോധ്യമായെന്നു സിഐ ഹേമന്ത് കുമാർ കുടുംബത്തെ അറിയിച്ചത് ഒരു അടിസ്ഥാനവുമില്ലാതെ.
ക്രൈംബ്രാഞ്ച് പ്രതിയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ച ആദ്യദിവസം തന്നെ കളനാശിനിയുടെ കുപ്പി ഉൾപ്പെടെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത് ലോക്കൽ പൊലീസിന്റെ വീഴ്ചയുടെ വ്യാപ്തി വ്യക്തമാക്കും. എന്നിട്ടും പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണു എഡിജിപി എം.ആർ.അജിത്കുമാർ പറയുന്നതെന്നു കുടുംബം ആരോപിക്കുന്നു. പാറശാല പൊലീസ് പ്രതികളെ സഹായിക്കുന്ന നിലപാട് എടുക്കാനുണ്ടായ സാഹചര്യം വിശദമായ അന്വേഷിക്കണമെന്നും കുടുംബാംഗങ്ങളും പ്രദേശവാസികളും ആവശ്യപ്പെടുന്നു.
English Summary: Sharon murder case: family points out 5 Major Lapses from Parassala Police; demand probe