മോദി ഫാക്ടറോ കോൺഗ്രസിന്റെ പ്രതിഭയോ? എഎപി കൈവിടുകയാണോ ഹിമാചലിനെ?
Mail This Article
മഞ്ഞുമൂടിയ ഹിമാചൽ താഴ്‍വര ഇപ്പോൾ തിരഞ്ഞെടുപ്പ് ചൂടിലാണ്. കൊടുംതണുപ്പിനെ ഭേദിക്കുന്ന ചൂടൻ പ്രചരണവും വൻകിട പ്രഖ്യാപനങ്ങളുമെല്ലാമായി ദേശീയ നേതാക്കളടക്കം ഈ താഴ്‌വരയിലുണ്ട്. ഹിമാചലിൽ തുടർഭരണമെന്ന ലക്ഷ്യവുമായി ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ഊണും ഉറക്കവുമില്ലാതെയാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. രാജ്യത്തിന്റെ ശ്രദ്ധ മുഴുവൻ ഡിസംബറിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിലേക്കാണെങ്കിലും നഡ്ഡ ശ്രദ്ധയുറപ്പിച്ചിരിക്കുന്നത് ഹിമാചലിന്മേലാണ്. നഡ്ഡയ്ക്കു പുറമേ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിമാചലിൽ പ്രചരണത്തിനായി എത്തിയിരുന്നു. 2017ൽ കൈവിട്ടു പോയ സീറ്റ് തിരിച്ചു പിടിക്കാൻ കോൺഗ്രസും മികച്ച പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുൾപ്പെടെ ഹിമാചലിൽ റാലികൾ സംഘടിപ്പിച്ചു മുന്നേറുന്നു. കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ഇത്തവണ ഹിമാചലിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി എഎപിയും രംഗത്തുണ്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അടക്കമുള്ള പ്രമുഖ നേതാക്കൾ തന്നെ കളത്തിലിറങ്ങിയാണ് പ്രചാരണം കൊഴുപ്പിച്ചത്. വൻകിട പ്രഖ്യാപനങ്ങളുടെ പ്രകടനപത്രികയാണ് പാർട്ടികളെല്ലാം പുറത്തിറക്കിയത്. സൗജന്യ വൈദ്യുതിയും സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപയും യുവാക്കൾക്ക് തൊഴിലും അടക്കം കോൺഗ്രസ് വാഗ്ദാനം ചെയ്തപ്പോൾ വീണ്ടും അധികാരത്തിലെത്തിയാൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. ആം ആദ്മി അധികാരത്തിലെത്തിയാൽ ഡൽഹിയിലെ മാജിക് ഹിമാചലിൽ കാണാമെന്ന് കേജ്‍രിവാളിന്റെ വാഗ്ദാനം. എന്തായിരിക്കും ഹിമാചലിൽ സംഭവിക്കുക? ഏറ്റവും പുതിയ കണക്കനുസരിച്ച് 73 ലക്ഷത്തോളമാണ് ഹിമാചലിലെ ജനസംഖ്യ. അതിന്റെ അഞ്ചിരട്ടിയുണ്ട് കേരളത്തിലെ ജനസംഖ്യ. എന്തുകൊണ്ടാണ് ഹിമാചൽ പ്രദേശെന്ന കുഞ്ഞൻ സംസ്ഥാനത്തെ തിരഞ്ഞെടുപ്പിന് രാഷ്ട്രീയപരമായി ഇത്രയേറെ പ്രാധാന്യം ലഭിക്കുന്നത്? വിശദമായി പരിശോധിക്കാം...