കണ്ണിമ ചിമ്മാതെ കാവൽ; കശ്മീരിൽ ഭീതിയുടെ തണുപ്പല്ല, സഞ്ചാരികളുടെ സന്തോഷാരവങ്ങൾ
Mail This Article
കശ്മീർ തോക്കിൻമുനയിൽ തന്നെയാണ്. മഞ്ഞിന്റെ വെള്ളിക്കൊലുസണിഞ്ഞ ഹിമാലയ മലനിരകളുടെ താഴ്‍വാരം പക്ഷേ ഇപ്പോൾ വിജനമല്ല. തോക്കുകൾ തീതുപ്പിയിരുന്ന ജമ്മു- കശ്മീർ ഇന്ന് സന്ദർശകരെ വരവേൽക്കുന്ന തിരക്കിലാണ്. ഭീതിയുടെ തണുപ്പുറഞ്ഞിരുന്ന ശ്രീനഗറിന്റെ തെരുവോരങ്ങളിൽ നിറയുന്നത് സഞ്ചാരികളുടെ ആഹ്ലാദാരവങ്ങൾ. ദാൽ തടാകത്തിലെ ഒാളങ്ങളിലേക്ക് തുഴയെറിയാൻ കാത്തിരിക്കുന്നത് നൂറുകണക്കിനു ശിക്കാര വഞ്ചികൾ. സഞ്ചാരികൾ അവരെ നിരാശരാക്കുന്നില്ല. തടാകത്തിനു നടുവിലുള്ള മീന ബസാറിലെ കടകളിൽ അവർ കശ്മീരിന്റെ പൈതൃകം തിരയുന്നു. കശ്മീർ ഷാളും ആഭരണങ്ങളും ഉണക്ക മുന്തിരിയും കഹ്‍വ ചായയുമൊക്കെ ആസ്വദിച്ച് സഞ്ചാരികൾ കശ്മീരിനെ തൊട്ടറിയുന്നു. ജമ്മു-കശ്മീർ മാറുകയാണ്. യന്ത്രത്തോക്കേന്തിയ സൈനികർ തീർക്കുന്ന സുരക്ഷാ കവചത്തിനുള്ളിലാണ് പുതിയ കശ്മീരിന്റെ ഉദയമെങ്കിലും പ്രതീക്ഷയുടെ പുലരിയിലേക്ക് ദൂരമേറെയില്ലെന്ന പ്രത്യാശയാണ് ഈ മാറ്റത്തെ വ്യത്യസ്തമാക്കുന്നത്. എന്താണ് ജമ്മു കശ്മീരിലുണ്ടായ ഈ വലിയ മാറ്റത്തിനു പിന്നിൽ? 2022 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള 9 മാസത്തിനിടെ 1.62 കോടി സഞ്ചാരികളാണ് കശ്മീരിന്റെ സൗന്ദര്യം നുകരാനെത്തിയത്. ഇക്കഴിഞ്ഞ 75 വർഷത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന, സഞ്ചാരികളുടെ കണക്കാണിത്. സഞ്ചാരികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സുരക്ഷയും ശക്തമാണ് ഈ കേന്ദ്ര ഭരണപ്രദേശത്തിൽ. അടിസ്ഥാന സൗകര്യവികസന പ്രവൃത്തികൾ വേഗത്തിലാകുന്നതും ടൂറിസത്തിന് ഊർജം പകരുന്നുണ്ട്. ജമ്മു–കശ്മീർ വീണ്ടും സഞ്ചാരികളുടെ പറുദീസയാകുമ്പോൾ, ആ അനുഭവം വായനക്കാരുമായി പങ്കുവയ്ക്കുകയാണ് മലയാള മനോരമ ന്യൂഡൽഹി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ എം.എസ്.അനൂപ്. ജമ്മു–കശ്മീരിന്റെ മണ്ണിലൂടെ, അതിന്റെ ചരിത്രത്തിന്റെ കൈപിടിച്ച്, വർത്തമാനകാല കാഴ്ചകളറിഞ്ഞ്, അനുഭവിച്ച് ഒരു യാത്ര... വായിക്കാം മനോരമ ഓൺലൈൻ പ്രീമിയം ‘സൺഡേ സ്പെഷൽ’.