ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് മദ്യവില ചെറിയ തോതിൽ വർധിക്കും. സംസ്ഥാനത്ത് നിർമിക്കുന്ന മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിലൂടെ ഉണ്ടാകുന്ന 150 കോടി രൂപയുടെ വാർഷിക നഷ്ടം ഒഴിവാക്കാനാണ് വില വർധിപ്പിക്കുന്നത്. 2% വില വർധനവാണ് ആലോചിക്കുന്നതെന്നും പരമാവധി 10 രൂപയുടെ വർധനവുണ്ടാകുമെന്നും അധികൃതർ പറയുന്നു. നികുതി പരിഷ്ക്കരണം നിയമസഭാ സമ്മേളനത്തിൽ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചന.

കേരളത്തിൽ നിർമിക്കുന്ന മദ്യം ഇവിടെ വിറ്റഴിക്കുമ്പോൾ 13% വിറ്റുവരവ് നികുതിയാണ് നൽകേണ്ടത്. ഇതൊഴിവാക്കണമെന്ന് ഡിസ്റ്റിലറികൾ ആവശ്യപ്പെട്ടിരുന്നു. സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഉൽപാദനം വെട്ടിക്കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാസം മുതൽ പല ഡിസ്റ്റിലറികളും പ്രവർത്തനം അവസാനിപ്പിച്ചു. വിലകുറഞ്ഞ മദ്യത്തിന് രൂക്ഷമായ ക്ഷാമം നേരിട്ടതോടെ വ്യാജമദ്യദുരന്തം ഉണ്ടാകുമെന്ന് എക്സൈസ് റിപ്പോർട്ട് നൽകി. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ ധന, എക്സൈസ് വകുപ്പുകളെ ചുമതലപ്പെടുത്തി. അവരുടെ റിപ്പോർട്ട് പഠിക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭ നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. സ്പിരിറ്റിനു വില വർധിച്ചതോടെ വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നു ഡിസ്റ്റിലറികൾ ചൂണ്ടിക്കാട്ടിയിരുന്നു. സ്പിരിറ്റ് വില ലീറ്ററിന് 55 രൂപയിൽനിന്ന് 75 രൂപയ്ക്കു മുകളിലേക്ക് ഉയർന്നിരുന്നു. ചെറുകിട മദ്യ ഉൽപാദകരെ വിലക്കയറ്റം രൂക്ഷമായി ബാധിച്ചു.

2021 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് അവസാനമായി മദ്യത്തിനു വില കൂടിയത്. ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെയാണ് വർധിച്ചത്. അടിസ്ഥാന വിലയിൽ 7 % വർധനയാണു സർക്കാർ വരുത്തിയത്. ഒരു കുപ്പി മദ്യത്തിനു 40 രൂപ വർധിക്കുമ്പോൾ 35 രൂപ വിവിധ നികുതി ഇനങ്ങളിലായി സർക്കാരിനു ലഭിക്കുന്ന തരത്തിലായിരുന്നു വർധന. 4 രൂപ മദ്യക്കമ്പനികൾക്കും ഒരു രൂപ ബവ്റിജസ് കോർപറേഷനും. കഴിഞ്ഞ വർഷം വർധനവു വന്നതോടെ വിദേശ മദ്യ നിർമാതാക്കളിൽനിന്നു 100 രൂപയ്ക്കു വാങ്ങുന്ന മദ്യത്തിന് നികുതിയും ലാഭവും ഉൾപ്പെടെ വിൽപന വില 1170 രൂപയായി. അതിൽ 1049 രൂപ സർക്കാരിനും 21 രൂപ ബവ്കോയ്ക്കും ലഭിക്കും. പുതിയ പരിഷ്ക്കരണത്തിലൂടെ ഇതിൽ വർധന വരും. നേരത്തേ കോവിഡ് സെസ് ഏർപ്പെടുത്തിയപ്പോഴും മദ്യവില ഉയർന്നിരുന്നു.

English Summary: Government to increase the sales tax on liquor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com