തരൂരിനറിയാം, കോൺഗ്രസിലെ കലഹം നിസ്സാരം, അണിയറയിൽ ഒരുങ്ങുന്നുണ്ട് മറ്റൊരു കൂട്ടർ
Mail This Article
വർഷം 1995. മാർച്ച് മാസത്തിൽ രാഷ്ട്രീയ ചലനങ്ങൾക്ക് ഒരുങ്ങുകയായിരുന്നു കേരളം. ചാരക്കേസിന്റെ പശ്ചാത്തലത്തിലുയർന്ന പുകമറയിൽപ്പെട്ട് കെ. കരുണാകരൻ എന്ന പ്രബലനായ മുഖ്യമന്ത്രി വീർപ്പുമുട്ടി. രാഷ്ട്രീയത്തിൽ ചതുരുപായങ്ങളും അറിയുന്ന കരുണാകരൻ എങ്കിലും ഉലയാതെ നിന്നു. പലപ്പോഴും എതിരാളികളെ പരിഹസിച്ചു. അദ്ദേഹത്തിന്റെ ഭാവിയെപ്പറ്റി നിശബ്ദമായ ചർച്ചകൾ നടന്നു. പരസ്യ ചർച്ചകൾക്ക് പലരും മടിക്കുന്ന മട്ടിൽ പ്രബലനായിരുന്നു അന്ന് കെ. കരുണാകരൻ. ഡൽഹിയിൽ പി.വി. നരസിംഹറാവു ആയിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രിയെ വാഴിച്ച മുഖ്യമന്ത്രി ആയിരുന്നു അന്ന് വാർത്തകളിലെങ്കിലും കെ. കരുണാകരൻ. ഡൽഹിയിൽനിന്ന് ഇന്റലിജൻസ് ബ്യൂറോയിലെ പ്രമുഖൻ കേരളത്തിലെ അന്നത്തെ അവരുടെ പ്രതിനിധിയെ അതീവ ഗൗരവമുള്ള ഒരു ജോലി ഏൽപ്പിച്ചു. മലപ്പുറത്ത് പോയി കരുണാകരന്റെ കാര്യത്തിൽ മുസ്‌ലിം ലീഗിന്റെ മനസ്സിലിരിപ്പ് അറിയണം. അക്കാര്യം പ്രധാനമന്ത്രി ഏൽപ്പിച്ചതാണ്. കെ. കരുണാകരന്റെ പാതി ശക്തി എക്കാലത്തും ലീഗ് ആയിരുന്നു. പാറപോലെയാണ് പിന്നിൽ ഉറച്ചുനിന്നിട്ടുള്ളതും. മലപ്പുറത്ത് നടന്ന രഹസ്യമായ കൂടിക്കാഴ്ചയിൽ, കെ. കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല എന്ന കാര്യം ലീഗ് നേതൃത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. മണിക്കൂറുകൾക്കകം നരസിംഹറാവു തന്റെ ഏറ്റവും അടുത്ത രാഷ്ട്രീയ സുഹൃത്തിനെതിരായ നീക്കം നടത്തി. കെ. കരുണാകരൻ പുറത്തായി. ശശി തരൂർ നടത്തിയ ‘ഇന്റലിജന്റ്’ ആയ രാഷ്ട്രീയ നീക്കത്തിനു പിന്നാലെ കെ. മുരളീധരൻ ഉപയോഗിച്ച വാക്കുകൾ ശ്രദ്ധേയമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോട്ടമുള്ളവരാണ് തരൂരിനെ തളയ്ക്കാൻ നോക്കുന്നതെന്നായിരുന്ന മുരളീധരന്റെ കമന്റ്. തരൂർ ആണ് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി എന്ന ധ്വനിയാണ് അതിൽ നിറഞ്ഞുനിന്നത്. ലീഗിന്റെ അനുഗ്രഹാശിസ്സുകളോടെ ആയിരുന്നു തരൂർ പുതിയ നീക്കം നടത്തുന്നതെന്നാണ് പശ്ചാത്തല വിവരങ്ങൾ. ലീഗും മുഖ്യമന്ത്രിപദവും ചർച്ചകളിൽ നിറയുകയും ചെയ്യുന്നു.