ADVERTISEMENT

ഷിംല ∙ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ഹിമാചൽ പ്രദേശിൽ ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, 30 പ്രാദേശിക നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി കോൺഗ്രസ്. ഷിംല ജില്ലയിൽ ഉൾപ്പെടുന്ന ചോപാൽ നിയമസഭാ മണ്ഡലത്തിലെ 30 നേതാക്കളെയാണ് പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് കോൺഗ്രസിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയത്.

ചോപാൽ മണ്ഡലത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രജനീഷ് കിംതയാണ് കോൺഗ്രസ് സ്ഥാനാർഥി. എന്നാൽ, മുൻ എംഎൽഎയും കോൺഗ്രസ് വിമതനുമായ സുഭാഷ് മംഗലതെയിൽനിന്ന് കടുത്ത പോരാട്ടമാണ് രജനീഷ് നേരിടുന്നത്. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായാണ് ചോപാൽ മണ്ഡലത്തിൽ സുഭാഷ് ജനവിധി തേടിയത്.

ചോപാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന 30 പ്രാദേശിക നേതാക്കളെ സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങ് പുറത്താക്കിയത്. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് ആറു വർഷത്തേക്കാണ് പുറത്താക്കിയത്.

ധീരേന്ദ്ര സിങ് ചൗഹാൻ, സന്തോഷ് ദോഗ്ര, കുൽദീപ് ഔക്ത, അനീഷ് ധെവാൻ, ദിനേഷ് റാണ, ദിനേഷ് ഗുന്ദ, ബീന പൊട്ടാൻ, റാംലാൽ നെവാലി, ക്രിഷൻ രന്ത, മഹേഷ് ഠാക്കൂർ മാഡി, ബെസന്ത് നെവാലി, ഹിതേന്ദ്ര ചൗഹാൻ, ശ്യാം ശർമ, നാഗ് ചന്ദ് തുല്ലിയൻ, നാഗ് ചന്ദ് ശർമ, സുഖ് റാം നാഗരിക്, അട്ടാർ റാണ, അക്ഷയ് ബ്രാഗ്ത, ഷുർവിർ റാണ, ഹാർദിക് ഭണ്ഡാരി, വീരേന്ദ്ര ധാന്ദ, മൊഹർ സിങ് മേഗ്ത, സുേന്ദർ സിങ് മാന്ദ, ഹേത് റാം കയ്‌ന്ത്‌ല, നീരജ് സർകാലി, നരേഷ് ദാസ്ത, ജിതേന്ദർ ശർമ, രോഹിത് രാംത, ബ്രിജ് മോഹൻ ചാകർ, ദിനേഷ് ശർമ പുൽബഹൽ എന്നിവരാണ് പുറത്താക്കപ്പെട്ടത്.

നവംബർ 12ന് നടന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും വ്യാഴാഴ്ച നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ അച്ചടക്ക നടപടി. 68 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്നാണ് എക്സിറ്റ്പോൾ ഫലങ്ങള്‍ നൽകുന്ന സൂചന.

English Summary: Himachal Pradesh elections: Congress expels 30 leaders for anti-party activities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com