ADVERTISEMENT

ന്യൂഡൽഹി ∙ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ ചരിത്ര വിജയം ബിജെപി വലിയ തോതിൽ ആഘോഷിക്കുന്നതിനിടെ, ഒറ്റ തിരഞ്ഞെടുപ്പിൽ മാത്രമാണ് ബിജെപി ജയിച്ചതെന്ന് ഓർമിപ്പിച്ച് ആം ആദ്മി പാർട്ടി (എഎപി) നേതാവ് രാഘവ് ഛദ്ദ. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ വിജയത്തിനൊപ്പം, ഹിമാചൽ പ്രദേശിലും ഡൽഹി മുൻസിപ്പൽ കോർപറേഷനിലേക്കു നടന്ന തിരഞ്ഞെടുപ്പിലും ബിജെപി തോൽവിയേറ്റു വാങ്ങിയത് ചൂണ്ടിക്കാട്ടിയാണ് എഎപി ദേശീയ വക്താവും രാജ്യസഭാംഗവുമായ രാഘവ് ഛദ്ദയുടെ പരാമർശം. ഹിമാചൽ പ്രദേശിൽ ഭരണം നഷ്ടമായ ബിജെപിക്ക്, 15 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലും അടിപതറിയിരുന്നു.

ഗുജറാത്തിൽ വിജയം നേടാനായില്ലെങ്കിലും, ബിജെപി കോട്ടയ്ക്കുള്ളിൽ കടക്കാനായത് വലിയ നേട്ടമാണെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. ‘തിരഞ്ഞെടുപ്പിൽ വിജയിക്കാനാകാതെ പോയത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. പക്ഷേ, ബിജെപി ഗുജറാത്ത് കോട്ടയിലേക്കു കടന്നുകയറാൻ സാധിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അടുത്ത തവണ ഈ കോട്ടയ്‌ക്കുള്ളിൽ നിന്നാകും ഞങ്ങളുടെ പോരാട്ടം’ – രാഘവ് ഛദ്ദ പറഞ്ഞു.

‘ഞങ്ങൾക്ക് 13 ശതമാനം വോട്ട് വിഹിതമാണ് ഗുജറാത്തിൽ ലഭിച്ചത്. അതായത് ലക്ഷക്കണക്കിന് ഗുജറാത്തികൾ ആംആദ്മി പാർട്ടിക്ക് വോട്ടു ചെയ്തു. പക്ഷേ, ഇത് ഞങ്ങൾ പ്രതീക്ഷിച്ചതിലും കുറവാണ്’ – രാഘവ് ഛദ്ദ വിശദീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകം പിടിക്കാൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയ എഎപിക്ക്, അവിടെ അഞ്ച് സീറ്റുകൾ ലഭിച്ചിരുന്നു. അതേസമയം, 156 സീറ്റുകൾ നേടിയ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഗുജറാത്തിൽ നേടിയത്. മുഖ്യപ്രതിപക്ഷമായിരുന്ന കോൺഗ്രസ് അവിടെ വെറും 17 സീറ്റിൽ ഒതുങ്ങി.

English Summary: BJP Won An Election, But Lost Two: AAP's Raghav Chadha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com