ADVERTISEMENT

ഇക്കുറി ഗുജറാത്തിൽ ത്രികോണ പോരാട്ടത്തിനു ചൂടു പകർന്നത് ആം ആദ്മി പാർട്ടിയാണ്. വലിയ പ്രചാരണ കോലാഹലങ്ങളോടെ ആം ആദ്മി പാർട്ടി (എഎപി) അണിനിരന്നപ്പോൾ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷത്തുള്ള കോൺഗ്രസും അങ്കലാപ്പിലായി. എതിരാളിയുടെ വോട്ടാണ് എഎപി പിടിക്കുകയെന്നു ബിജെപിയും കോൺഗ്രസും വിശ്വസിച്ചു, പ്രചരിപ്പിച്ചു. വമ്പൻ അട്ടിമറി നടന്നില്ലെങ്കിലും ബിജെപിയുടെ ‘ഹോം ടർഫിൽ’ സാന്നിധ്യമറിയിച്ചതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് എഎപി.

എഎപിക്ക് 8 സീറ്റ് ലഭിക്കുമെന്നായിരുന്നു എക്സി‌റ്റ്പോളുകളുടെ ശരാശരി ഫലം. ഗുജറാത്തിൽ തങ്ങളുടെ കന്നി തിരഞ്ഞെടുപ്പിലെ എക്സിറ്റ്പോളുകളെ ‘പോസിറ്റീവായി’ കാണുന്നെന്നു ഡൽഹി മുഖ്യമന്ത്രിയും എഎപി കൺവീനറുമായ അരവിന്ദ്‍ കേജ്‍രിവാൾ പറഞ്ഞു. ‘‘ഞങ്ങൾ ഗുജറാത്തിലെ പുതിയ പാർട്ടിയാണ്. സംസ്ഥാനത്ത് 15–20 ശതമാനം വോട്ടുവിഹിതം കിട്ടുന്നതുതന്നെ വലിയ കാര്യം. ബിജെപിക്കും കോൺഗ്രസിനും പിന്നിലായി മൂന്നാമത് എത്താനായതും പ്രധാനമാണ്’’– എക്സിറ്റ്പോളുകളെപ്പറ്റി കേജ്‌‍‌രിവാളിന്റെ വാക്കുകൾ. അവസാന ഫലസൂചനകളനുസരിച്ച്, 182 അംഗ നിയമസഭയിൽ 156 സീറ്റിലാണു ബിജെപി മുന്നേറ്റം. കോൺഗ്രസ് 17 സീറ്റിലേക്കു ചുരുങ്ങിയപ്പോൾ എഎപി അഞ്ചിടത്തു മുന്നിലെത്തി.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ
ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ

ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിലെ വിജയക്കാറ്റ് അതേപടി ഗുജറാത്തിലും ആവർത്തിക്കാമെന്ന എഎപിയുടെ മോഹം പക്ഷേ, പച്ചതൊട്ടില്ല. എംസിഡിയിൽ 15 വർഷത്തെ ബിജെപി ഭരണത്തിനാണു ബുധനാഴ്ച എഎപി അറുതിവരുത്തിയത്. കേന്ദ്രഭരണപ്രദേശമായ ഡൽഹിയുടെ പരിമിതികളിൽനിന്നു പൂർണ സംസ്ഥാന ഭരണമുള്ള പഞ്ചാബിലേക്ക് എഎപി വളർന്നത് ഇക്കഴിഞ്ഞ മാർച്ചിലാണ്. കോൺഗ്രസിൽനിന്നാണ് അധികാരം പിടിച്ചെടുത്തത്. അതുപോലെ ഗുജറാത്തിലും പ്രതിപക്ഷ ശക്തിയായശേഷം അധികാരം പിടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് എഎപി.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ
ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: പി.ബി.അനൂപ് ∙ മനോരമ

എഎപിയുടെ മുഖ്യമന്ത്രിമാരായ കേജ്‍രിവാൾ (ഡൽഹി), ഭഗവന്ത് സിങ് മാൻ (പഞ്ചാബ്), ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരായിരുന്നു ഗുജറാത്തിലെ താരപ്രചാരകർ. ബിജെപിയുടെ ഉരുക്കുകോട്ടയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി എഎപി നിയോഗിച്ചത് ചാനൽ വാർത്താ അവതാരകനായിരുന്ന ഇസുധൻ ഗധ്‌‍വിയെയാണ്. ഒറ്റനോട്ടത്തിൽ ഗധ്‍വി രാഷ്ട്രീയക്കാരനല്ല; രൂപത്തിലും ഭാവത്തിലും തനി ഗ്രാമീണൻ; വേഷത്തിൽ സാധാരണക്കാരൻ. ഗ്രാമവാസികളുടെ തോളിൽ കയ്യിട്ട്, അവർക്കൊപ്പം ചായ കുടിച്ച്, ആവശ്യങ്ങൾ ക്ഷമയോടെ കേട്ട്, പ്രായമായവരുടെ കാൽതൊട്ടു വണങ്ങി നീങ്ങുന്ന നേതാവ്.

ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗധ്‌വി പ്രചാരണത്തിനായി ഖംബാലിയ മണ്ഡലത്തിൽ എത്തിയപ്പോൾ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ
ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗധ്‌വി പ്രചാരണത്തിനായി ഖംബാലിയ മണ്ഡലത്തിൽ എത്തിയപ്പോൾ. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

വലിയ നിര വാഹനങ്ങളുടെ അകമ്പടിയിൽ ചീറിപ്പായുന്ന നേതാക്കളെ കണ്ടു ശീലിച്ച ഗുജറാത്തിലെ ഗ്രാമീണർക്കു ഗധ്‌വി കൗതുകമായിരുന്നു. കേജ്‍രിവാളിന്റെ ക്ഷണപ്രകാരം 2021 ജൂണിലാണ് ജോലി വിട്ട് എഎപിയിൽ ചേർന്നത്. കോവിഡ് വേളയിൽ ഓക്സിജൻ ലഭിക്കാതെ ജനം വലഞ്ഞതും കർഷക ദുരിതവുമടക്കമുള്ള വാർത്തകളിലൂടെ ഗുജറാത്തിലുടനീളം പേരു നേടി ഗധ്‌വി. മുഖ്യമന്ത്രി സ്ഥാനാർഥിക്കുള്ള ഓൺലൈൻ വോട്ടെടുപ്പിൽ 73% പേരുടെ പിന്തുണയും കിട്ടി. കഴിഞ്ഞ തവണ കോൺഗ്രസ് നല്ല പ്രകടനം കാഴ്ചവച്ച സൗരാഷ്ട്രയിൽനിന്നുള്ള നേതാവായ ഗധ്‌വിയിലൂടെ മേഖലയിൽ ചുവടുറപ്പിക്കാമെന്നാണ് എഎപിയുടെ വിശ്വാസം.

ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എഎപി തലവൻ അരവിന്ദ് കേജ്‌രിവാൾ പാർട്ടി ചിഹ്നമായ ചൂലുമായി. എഎപി ശക്തമായി രംഗത്തിറങ്ങിയതോടെ സംസ്ഥാനത്ത് ത്രികോണ മത്സരത്തിനാണു കളമൊരുങ്ങുന്നത്. ചിത്രം: twitter/AAPGujarat
ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ എഎപി തലവൻ അരവിന്ദ് കേജ്‌രിവാൾ പാർട്ടി ചിഹ്നമായ ചൂലുമായി. എഎപി ശക്തമായി രംഗത്തിറങ്ങിയതോടെ സംസ്ഥാനത്ത് ത്രികോണ മത്സരത്തിനാണു കളമൊരുങ്ങുന്നത്. ചിത്രം: twitter/AAPGujarat

ഗുജറാത്തിൽ ശക്തമായ സംഘടനാ സംവിധാനമുള്ള ബിജെപിയെ മലർത്തിയടിക്കാനുള്ള കരുത്തില്ലെന്നു വിലയിരുത്തുന്ന ആം ആദ്മി, ആദ്യ എതിരാളിയായി കണ്ടതു കോൺഗ്രസിനെയാണ്. ഡൽഹി മോഡൽ ഭരണത്തിന്റെ പേരിൽ നഗര മേഖലകളിൽ  പിന്തുണ ലഭിക്കുമെന്നു പ്രതീക്ഷിച്ച എഎപി, ഗ്രാമീണ മേഖലകളിൽ ചുവടുറപ്പിക്കാൻകൂടി ലക്ഷ്യമിട്ടാണ് ഇതര പിന്നാക്ക വിഭാഗക്കാരനായ ഗധ്‌വിയെ ഉയർത്തിക്കാട്ടിയത്. ഡൽഹിയിലെ സദ്ഭരണം വാഗ്ദാനം ചെയ്തായിരുന്നു പഞ്ചാബിൽ വോട്ടുപിടിത്തം. ഈ രണ്ടു സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി ഗുജറാത്തികളോടും വോട്ടു ചോദിച്ചു.

ഗുജറാത്തിൽ എഎപി സീറ്റ് നേടുമോയെന്ന ചോദ്യത്തിന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്‌ഡയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ എഎപി പരാജയപ്പെട്ടു. ഗുജറാത്തിലും അവർക്കു ജയിക്കാനാകില്ല. ജനങ്ങളെ പറ്റിക്കാനാണ് അവർ പല വാഗ്ദാനങ്ങളും നൽകുന്നത്. ഡൽഹിയിലും പഞ്ചാബിലും എഎപി വിജയിച്ചത് അവിടെ ബിജെപിയുമായി പോരാടാത്തതുകൊണ്ടാണ്. ഗുജറാത്തിലെ അന്തരീക്ഷം വ്യത്യസ്തമാണ്. ഇവിടെ എഎപിക്ക് സാധ്യതയില്ല’’. നഡ്ഡ ഉൾപ്പെടെയുള്ള നേതാക്കളുടെ വാക്കുകളൊന്നും കണക്കിലെടുക്കാതെയായിരുന്നു എഎപിയുടെ പോരാട്ടം.

mann-kejriwal
ഭഗവന്ത് മാൻ, അരവിന്ദ് കേജ്‌‍രിവാൾ.

ഗുജറാത്തിലെ മത്സരത്തിലൂടെ എഎപി ചില കാര്യങ്ങൾ ലക്ഷ്യമിട്ടിരുന്നു. ഒന്ന്, ദേശീയ പാർട്ടി പദവി. ഡൽഹിയിലും പഞ്ചാബിലും ഭരണവും ഗോവയിൽ 2 എംഎൽഎമാരുമുള്ള എഎപിക്ക് ദേശീയ പാർട്ടിയാകാൻ ഗുജറാത്തിലോ ഹിമാചൽ പ്രദേശിലോ 2 സീറ്റോ 6 ശതമാനം വോട്ടുവിഹിതമോ മതി. രണ്ടാമത്തെ കാര്യം പൂർണമായും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കേജ്‍‌രിവാളിന്റെ ചുവടുമാറ്റമാണ്. എംസിഡി തിരഞ്ഞെടുപ്പിലൂടെ ആദ്യമായി ബിജെപിയെ തോൽപ്പിച്ച എഎപിയുടെ അടുത്തലക്ഷ്യമാണ് 2024ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പ്.

ബിജെപിയുടെ വിശ്വസ്ത ‘ബ്രാൻഡ് പേരായ’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒത്ത എതിരാളിയായി തന്നെത്തന്നെ അവതരിപ്പിക്കാൻ കേജ്‍‌രിവാളിന് ആത്മവിശ്വാസം വന്നിരിക്കുന്നു. കേജ്‌‍‌രിവാളിന്റെയും എഎപിയുടെയും കൂടി സാന്നിധ്യമാണു ഗുജറാത്തിൽ കൊട്ടിഘോഷിച്ചുള്ള പ്രചാരണത്തിനു ബിജെപിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തോളം മോദി പലതവണ ഗുജറാത്തിൽ വന്നതിന്റെ കാരണക്കാരിലൊരാളും കേജ്‍രിവാളായിരുന്നു. സിംഹത്തെ മടയിൽച്ചെന്നു നേരിട്ടതിന്റെ കരുത്തോടെയാകും വരുംദിവസങ്ങളിൽ എഎപിയുടെ രാഷ്ട്രീയ നീക്കങ്ങൾ.

English Summary: Gujarat Election 2022: Why AAP better placed, Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com