ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം സമ്മാനിച്ച ഗുജറാത്ത് ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നേരന്ദ്ര മോദി. ഈ തിരഞ്ഞെടുപ്പ് ഫലം വൈകാരികമാണ്. വികസന രാഷ്ട്രീയത്തെ ജനം അനുഗ്രഹിക്കുകയും തുടരാൻ ആഗ്രഹിക്കുകയും െചയ്തു. ഗുജറാത്തിലെ ജനശക്തിക്കു മുന്നിൽ തലകുനിക്കുകയാണ്. കഠിനാധ്വാനം ചെയ്ത ഗുജറാത്തിലെ പാർട്ടി പ്രവർത്തകരാണ് യഥാർഥ ജേതാക്കൾ. പ്രവർത്തകരുടെ കഠിനാധ്വാനം കൂടാതെ ചരിത്രപരമായ ഈ വിജയം സാധ്യമാകുമായിരുന്നില്ല. പിന്തുണയ്ക്കും സ്നേഹത്തിനും ഹിമാചൽ പ്രദേശിലെ ജനങ്ങളോടും നന്ദി പറയുന്നു. സംസ്ഥാനത്തിന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പ്രവർത്തിക്കും. ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യും – മോദി ട്വിറ്ററിൽ കുറിച്ചു.

ഹിമാചൽ പ്രദേശിലെ വൻ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും നന്ദി പറയുന്നു. നിങ്ങളുടെ കഠിനാധ്വാനവും സമർപ്പണവും അഭിനന്ദനാർഹമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ എത്രയും പെട്ടെന്നു നിങ്ങൾക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നു. പാർട്ടിയെ പുനർരൂപീകരിക്കുകയും രാജ്യത്തിന്റെ ആശങ്ങൾക്കായി പോരാട്ടം നടത്തുകയും ചെയ്യുമെന്നും രാഹുൽ പറഞ്ഞു.

ഹിമാചൽ പ്രദേശിലെ വോട്ടർമാർക്ക് വളരെ നന്ദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. എല്ലാ പ്രവർത്തകർക്കും നന്ദിയർപ്പിക്കുന്നു. ദേവഭൂമിയായ ഹിമാചൽ പ്രദേശിലെ ജനങ്ങളോട് കൂപ്പുകയ്യോടെ നന്ദി പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ വിശ്വാസം അർപ്പിച്ചതിന് ഹിമാചൽ പ്രദേശിലെ സഹോദരീ സഹോദരൻമാരെ അഭിന്ദിക്കുന്നു. ഹിമാചലിലെ ജനങ്ങൾക്ക് നൽകിയ പത്ത് വാഗ്ദാനങ്ങൾ നിറവേറ്റാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. ജനാധിപത്യത്തിൽ ജയവും പരാജയവുമുണ്ടാകും. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നു. ആശയങ്ങൾ കൈവിടാതെ കുറവുകൾ ഇല്ലാതാക്കാൻ ‍ഞങ്ങൾ പൊരുതും – ഖർഗെ പറഞ്ഞു.

മോദിജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗുജറാത്ത് വികസനത്തിന്റെ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു. ഇന്ന് ഗുജറാത്തിലെ ജനങ്ങൾ ബിജെപിയെ അനുഗ്രഹിക്കുകയും വിജയത്തിന്റെ പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. എല്ലാ വിഭാഗവും ബിജെപിയെ പൂർണഹൃദയത്തോടെ അനുഗ്രഹിച്ചു. ബിജെപിയുടെ നയങ്ങളിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ വിജയമാണിത്– നഡ്ഡ പറഞ്ഞു.

English summary: Gujarat, Himachal election result: Narendra Modi and Rahul Gandhi comments

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com