ADVERTISEMENT

വാഷിങ്ടൻ ∙ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) രക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച പാക്കിസ്ഥാന് ശക്തമായ മറുപടി നൽകി ഇന്ത്യ. അൽ ഖായിദ ഭീകരൻ ഒസാമ ബിൻ ലാദന് ആതിഥ്യം നല്‍കിയ, അയൽരാജ്യത്തെ പാർലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് രക്ഷാസമിതിയിൽ ധർമപ്രഭാഷണം നടത്താൻ യോഗ്യതയില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. രക്ഷാസമിതിയിൽ ചർച്ചയ്ക്കിടെ പാക്ക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ജയ്ശങ്കറിന്റെ വിമർശനം. 

‘‘ലോകം അസ്വീകാര്യമെന്ന് കരുതുന്നതിനെ ന്യായീകരിക്കുന്ന ചോദ്യം ഉയരരുത്. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് സ്‌പോൺസർഷിപ്പ് നൽകുന്ന കാര്യത്തിനും അത് ബാധകമാണ്. ഒസാമ ബിൻ ലാദന് ആതിഥ്യം അരുളുകയും അയൽരാജ്യത്തെ പാർലമെന്റിനെ ആക്രമിക്കുകയും ചെയ്ത രാജ്യത്തിന് രക്ഷാസമിതിക്കു മുൻപിൽ ധർമോപദേശം നടത്താൻ ഒരു യോഗ്യതയുമില്ല’’– ജയ്ശങ്കർ പറഞ്ഞു. മഹാമാരിയോ കാലാവസ്ഥാ വ്യതിയാനമോ  സംഘർഷങ്ങളോ തീവ്രവാദമോ ആകട്ടെ, നമ്മുടെ കാലത്തെ പ്രധാന വെല്ലുവിളികളോടുള്ള ഫലപ്രദമായ പ്രതികരണത്തെ ആശ്രയിച്ചിരിക്കും യുഎന്നിന്റെ വിശ്വാസ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചിരുന്നു. ഇന്ത്യയുടെ തീരുമാനം പാക്കിസ്ഥാനിൽനിന്ന് ശക്തമായ പ്രതികരണങ്ങൾക്ക് കാരണമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മോശമായി. ആർട്ടിക്കിൾ 370 റദ്ദാക്കിയത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

English Summary: "Hosting Osama Bin Laden...": India's Reply After Pak Raises Kashmir At UN

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com