കുതിരാന്‍ ദേശീയപാതയില്‍ വിള്ളല്‍; ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിമർശിച്ച് മന്ത്രി
Mail This Article
തൃശൂര്‍∙ കുതിരാന്‍ ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തി. സര്‍വീസ് റോഡില്‍ നിര്‍മിച്ച കല്‍ക്കെട്ടിലെ അപാകതയാണ് വിള്ളലിനു കാരണം. വിവരമറിഞ്ഞ് സ്ഥലം സന്ദര്‍ശിച്ച റവന്യു മന്ത്രി കെ.രാജന്‍, ദേശീയപാത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി രൂക്ഷമായി വിമര്‍ശിച്ചു. കല്‍ക്കെട്ട് നിര്‍മിച്ചതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയ മന്ത്രി, ദേശീയപാത പ്രൊജക്ട് ഡയറക്ടറോട് 24 മണിക്കൂറിനകം സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചു.
കല്‍ക്കെട്ടിന്‍റെ പുനര്‍നിര്‍മാണം വിലയിരുത്താന്‍ ജില്ലാ കലക്ടര്‍ ഹരിത വി.കുമാറിനെയും മന്ത്രി ചുമതലപ്പെടുത്തി. കുതിരാന്‍ ദേശീയപാതയോട് ചേര്‍ന്ന് സര്‍വീസ് റോഡില്‍ കല്‍ക്കെട്ട് നിര്‍മിച്ചിരുന്നു. കനത്ത മഴയില്‍ ഇത് ഭാഗികമായി തകര്‍ന്നു. തുടർന്നാണ് ദേശീയപാത റോഡില്‍ വിള്ളൽ രൂപപ്പെട്ടത്. നിലവില്‍ ദേശീയപാതയുടെ ഒരുഭാഗത്ത് ഗതാഗതം താല്‍ക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ കല്‍ക്കെട്ട് പൂര്‍ണമായും തകരും. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
English Summary: Crack on Kuthiran National Highway