സജി ചെറിയാനെതിരായ കേസ്: റിപ്പോർട്ട് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന ഹർജി കോടതി തള്ളി
Mail This Article
തിരുവല്ല∙ സജി ചെറിയാൻ മന്ത്രിയായിരിക്കേ മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കുന്നത് നീട്ടിവയ്ക്കാൻ പരാതിക്കാരനായ ബൈജു നോയൽ നൽകിയ ഹർജി തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസ് സിബിഐയോ കർണാടക പൊലീസോ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊച്ചിയിലെ അഭിഭാഷകൻ ബൈജു നോയൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ തീരുമാനമാകുന്നതു വരെ സജി ചെറിയാനു ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള പൊലീസ് റിപ്പോർട്ട് മജിസ്ട്രേട്ട് കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് കോടതി തള്ളിയത്.
2022 ജൂലൈയിൽ മല്ലപ്പള്ളിയിൽ സജി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ പുറത്തുവന്നതോടെയാണു വിവാദമായത്. മന്ത്രിക്കെതിരെ ഒട്ടേറെ പരാതി ലഭിച്ചെങ്കിലും പൊലീസ് അനങ്ങിയില്ല. പിന്നീടാണ് ബൈജു നോയൽ തിരുവല്ല മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. കേസ് റജിസ്റ്റർ ചെയ്യാൻ മജിസ്ട്രേട്ട് നിർദേശിച്ചു. അതിവേഗം കേസന്വേഷിച്ച പൊലീസ്, മന്ത്രി ഭരണഘടനയെ അവഹേളിച്ചതിനു തെളിവില്ലെന്നു റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് കോടതി അംഗീകരിച്ചാലേ സജി ചെറിയാൻ കുറ്റവിമുക്തനാകൂ.
ഇതിനിടെയാണ് കേസ് സിബിഐയോ കർണാടക പൊലീസോ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ബൈജു നോയൽ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയത്. ഈ ഹർജിയിൽ തീരുമാനമാകുന്നതു വരെ സജി ചെറിയാനു ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള പൊലീസ് റിപ്പോർട്ട് മജിസ്ട്രേട്ട് കോടതി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് തിരുവല്ല കോടതിയെയും സമീപിക്കുകയായിരുന്നു.
English Summary: Thiruvalla First Class Magistrate Court on Saji Cherian Anti-constitution remark case