കരുനാഗപ്പള്ളി ലഹരിക്കടത്തിൽ സിപിഎം നടപടി; ഇജാസിനെ പുറത്താക്കി, ഷാനവാസിന് സസ്പെൻഷൻ
Mail This Article
ആലപ്പുഴ ∙ കരുനാഗപ്പള്ളി ലഹരിക്കടത്തിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയുമായി സിപിഎം. മുഖ്യപ്രതിയായ ഇജാസ് അഹമ്മദിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ആലപ്പുഴ സീവ്യു വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ് ഇജാസ്. കേസിൽ ഉൾപ്പെട്ട ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗം എ.ഷാനവാസിനെ അന്വേഷണ വിധേയമായി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഷാനവാസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി.ഹരിശങ്കർ, ജി.വേണുഗോപാൽ, കെ.എച്ച്.ബാബുജാൻ എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.
രാത്രി ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊണ്ടത്. മന്ത്രി സജി ചെറിയാനും യോഗത്തിൽ പങ്കെടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി.
കേസിൽ പിടിയിലായവർ സിപിഎം, ഡിവൈഎഫ്ഐ അംഗങ്ങളാണെന്ന് നേരത്തെ വ്യക്തമായിരുന്നു. മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗവും വെള്ളക്കിണർ സ്വദേശി സജാദ് ഡിവൈഎഫ്ഐ വലിയമരം യൂണിറ്റ് സെക്രട്ടറിയുമാണ്. ആലപ്പുഴ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റിയംഗം എ. ഷാനവാസിന്റെ ലോറിയിലാണ് ഇവർ ലഹരി കടത്തിയത്. പ്രതികളെ അറിയില്ലെന്നാണു ഷാനവാസ് ആദ്യം പറഞ്ഞത്. എന്നാൽ പ്രതികൾക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ഷാനവാസിന്റെ ചിത്രം പുറത്തുവന്നിരുന്നു. ലഹരിക്കടത്തിന് പിടിയിലാകുന്നതിനു നാലുദിവസം മുന്‍പായിരുന്നു ആഘോഷം.
ഞായറാഴ്ചയാണ് ലോറിയിൽ കടത്തുകയായിരുന്ന ഒരു കോടിയോളം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കരുനാഗപ്പള്ളിയിൽ പിടികൂടിയത്. 1,27,410 പാക്കറ്റ് ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്. ലോറികളിൽ സവാള ചാക്കുകൾക്കിടയിൽ വിവിധ പെട്ടികളിലും ചാക്കുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു. ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ജനുവരി ആറിനു കട്ടപ്പന സ്വദേശി പി.എസ്.ജയന് ലോറി വാടകയ്ക്കു നൽകിയതാണെന്നാണു ഷാനവാസിന്റെ വിശദീകരണം. ഷാനവാസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾക്കു പൊലീസ് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.
English Summary: Karunagapalli drug case, Updates