നിലവറകളിൽ ഭയന്ന് അവർ; ആയിരക്കണക്കിന് ശവക്കുഴി, ‘മരണത്തിന്റെ നഗര’ത്തിൽ തകരും ‘ക്രുഷ്ചേവിന്റെ ചേരി’യും
Mail This Article
ഉപ്പുഖനികൾക്കു പ്രശസ്തമാണ് യുക്രെയ്നിന്റെ കിഴക്കൻ നഗരമായ ബഖ്മുട്ട്. യുക്രെയ്നുമായി യുദ്ധം ആരംഭിച്ച് 11 മാസത്തിനിടെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് റഷ്യ നിലവിൽ അവിടെ നടത്തുന്നത്. അതും റഷ്യൻ പ്രസിഡന്ഖ് വ്ളാഡിമിർ പുട്ടിൻ പ്രഖ്യാപിച്ച 36 മണിക്കൂർ ക്രിസ്മസ് വെടിനിർത്തൽ അവസാനിച്ചതിനു തൊട്ടുപിന്നാലെ. പക്ഷേ യുദ്ധം ബഖ്മുട്ടിലാണെങ്കിലും അതിനെ വിശേഷിപ്പിക്കാൻ പാശ്ചാത്യ മാധ്യമങ്ങൾ ഉൾപ്പെടെ ഇപ്പോൾ ഉപയോഗിക്കുന്ന ഒരു വാചകമുണ്ട്– ‘മരിയുപോളിലേത് പോലെയാണ് റഷ്യൻ ആക്രമണം..’ എന്ന്. അത്രയേറെ ഭീകരമാംവിധം എന്താണ് മരിയുപോളിൽ സംഭവിച്ചത്? അസോവ് കടലിന്റെ വടക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന മരിയുപോള്‍ നഗരം ഇന്ന് റഷ്യൻ യുദ്ധഭീകരതയുടെ പേടിപ്പെടുത്തുന്ന ഉദാഹരണമാണ്. ‘മരണത്തിന്റെ നഗരമാ’യാണ് ലോകം ഇന്നതിനെ വിശേഷിപ്പിക്കുന്നതുതന്നെ. മരിയുപോള്‍ റഷ്യയുടെ കൈകളില്‍ അകപ്പെട്ട് എട്ടു മാസം കഴിയുമ്പോള്‍, യുദ്ധക്കുറ്റങ്ങളുടെ തെളിവുകള്‍ സഹിതം യുക്രെയ്നുമായി ബന്ധപ്പെട്ട എല്ലാ അവശിഷ്ടങ്ങളും മായ്ച്ചുകളയാനാണ് പുട്ടിന്റെ സേനയുടെ ശ്രമം. റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളെല്ലാം പൊളിച്ചുനീക്കുകയാണവിടെ. വഴികളിലെങ്ങും റഷ്യന്‍ സൈനിക വാഹനങ്ങളുടെ ശബ്ദം നിറഞ്ഞിരിക്കുന്നു. തുറന്നിരിക്കുന്ന സ്‌കൂളുകളില്‍ റഷ്യന്‍ പാഠ്യപദ്ധതിയാണ് പഠിപ്പിക്കുന്നത്. ഫോണ്‍, ടെലിവിഷന്‍ നെറ്റ്‌വര്‍ക്കുകള്‍ എല്ലാം റഷ്യന്‍. യുക്രെയ്‌നിയന്‍ കറന്‍സി വിനിമയവും കുറവ്, പകരം റഷ്യൻ റൂബിളാണ്. ചുരുക്കത്തില്‍, പഴയ മരിയുപോളിന്റെ അവശിഷ്ടങ്ങൾക്കു മേൽ, ഒരു പുതിയ റഷ്യന്‍ നഗരം ഉയരുകയാണ്. ആ അവശിഷ്ടങ്ങൾക്കടിയിലാകട്ടെ മൃതദേഹങ്ങളുടെ കൂമ്പാരമുണ്ടെന്നും രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അതിനൊന്നും തെളിവില്ല. എല്ലാം തേയ്ച്ചുമാച്ചു കളയപ്പെടുന്നു. ഒരു റഷ്യന്‍ പുനര്‍നിര്‍മാണ പദ്ധതിക്കും തിരിച്ചു തരാൻ കഴിയാത്തവിധമാണ് മരിയുപോളിലുണ്ടായ നഷ്ടം. അവിടുത്തുകാരുടെ പ്രിയപ്പെട്ടവരെ മാത്രമല്ല, അവർക്കു പ്രിയപ്പെട്ട മണ്ണിനെയും കാഴ്ചകളെയും ഓര്‍മകളെയും വരെ മറവിയുടെ മൂടുപടത്തിലേക്കു വലിച്ചിഴച്ചു മാറ്റിയിരിക്കുകയാണ് റഷ്യ. ബഖ്മുട്ടിൽ ഉൾപ്പെടെ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോൾ മരിയുപോളിന്റെ ചരിത്രത്തിലൂടെ, അവിടുത്തെ മനുഷ്യരിലൂടെ, മണ്ണിലൂടെ, യുദ്ധഭീകരതയിലൂടെ ഒരു യാത്ര...