പോപ്പുലർഫ്രണ്ട് ഹർത്താൽ: നേതാക്കളുടെ സ്വത്ത് ഉടൻ ജപ്തി ചെയ്യണം: അന്ത്യശാസനവുമായി ഹൈക്കോടതി
Mail This Article
കൊച്ചി ∙ മിന്നൽ ഹർത്താലിൽ ആക്രമണങ്ങളിൽ പൊതുമുതലുകൾ നശിപ്പിച്ചെന്ന പരാതികളിൽ നിരോധിത സംഘടന പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകൾ ജപ്തി ചെയ്യുന്ന വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്നു നിർദേശിച്ച കോടതി, നടപടികൾ പൂർത്തിയാക്കി ഈ മാസം 23നകം റിപ്പോർട്ടു നൽകണമെന്നും ആവശ്യപ്പെട്ടു. ജപ്തി നടപടികൾക്കു നോട്ടിസ് നൽകേണ്ടതില്ലെന്നും കോടതി അറിയിച്ചു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇന്നു കേസ് പരിഗണിക്കുമ്പോൾ സർക്കാർ നടപടികൾ വൈകുന്നതിനെതിരെ കടുത്ത നിലപാടെടുത്തത്. ജനുവരി 15നു മുൻപു ജപ്തി നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പു നേരത്തെ കോടതിയെ അറിയിച്ചത്. കോടതി നിർദേശത്തിൽ നേരിട്ടു ഹാജരായ ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു നടപടി വൈകിയതിൽ ഹൈക്കോടതിയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു.
English Summary: PFI Hartal: Kerala Highcourt's Last Warning to Government