സജി ചെറിയാന്റെ വിവാദ പ്രസംഗം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അപക്വമെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഈ ഘട്ടത്തിൽ അപക്വമെന്നു ഹൈക്കോടതി. ആവശ്യമെങ്കിൽ പൊലീസ് റഫറൽ റിപ്പോർട്ടിനെതിരെ മജിസ്ട്രേട്ട് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിച്ചു. കേസ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റിവച്ചു. അഭിഭാഷകൻ ബിജു നോയലാണ് പൊലീസ് റിപ്പോർട്ടിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
പൊലീസ് അന്വേഷണം പ്രതിയെ രക്ഷിക്കാൻ വേണ്ടി നടത്തിയതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. കേസ് അവസാനിപ്പിച്ച് പൊലീസ് നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും സിബിഐക്കോ കർണാടക പൊലീസിനോ അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ടിരുന്നു. സാക്ഷികളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ ജൂലൈയിൽ, മന്ത്രിയായിരിക്കെ പത്തനംതിട്ട മല്ലപ്പള്ളിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ മനോഹരമായ ഭരണഘടനയാണ് നമ്മുടേത് എന്ന പരാമർശം കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചു. പ്രതിഷേധം രൂക്ഷമായതോടെ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചു. സജി ചെറിയാനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഈ മാസമാദ്യം വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
English Summary: Kerala High Court Slams Plea Seeking CBI Probe in Saji Cherian's Speech