2047ല്‍ ഇസ്‌ലാമിക ഭരണം ലക്ഷ്യമിട്ട് പോപ്പുലര്‍ ഫ്രണ്ട്: പ്രവീണ്‍ നെട്ടാരു കേസ് കുറ്റപത്രം
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയിൽ 2047ല്‍ ഇസ്‌ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ലക്ഷ്യമിട്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കണ്ടെത്തൽ. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎയുടെ കണ്ടെത്തൽ.
ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം കൊണ്ടുവരാനായി സർവീസ് ടീമും കില്ലർ ടീമും പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സർവീസ് ടീം രൂപീകരിച്ചത്. കൊലപാതകമുൾപ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് കില്ലർ ടീമിനെ രൂപീകരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.
പോപ്പുലർ ഫ്രണ്ടിലെ പ്രധാന നേതാക്കളുടെ നിർദേശപ്രകാരമാണ് രണ്ടു ടീമുകളും പ്രവർത്തിച്ചിരുന്നത്. സമൂഹത്തിൽ ഭീതിയുണ്ടാക്കുക, അസ്വസ്ഥത ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചിരുന്നതെന്നും എൻഐഎ പറയുന്നു. പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതിയിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. 20 പേരാണ് കേസിലെ പ്രതികൾ. ഇതിൽ ആറുപേർ ഒളിവിലാണ്.
Read also: വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു
കഴിഞ്ഞ വർഷം ജൂലൈ 26നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. മുഹമ്മദ് ഷിയാബ്, അബ്ദുല്ല ബഷീര്‍, റിയാസ്, മുസ്തഫ പായിച്ചാർ, കെ.എ.മസൂദ്, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കർ സിദ്ദിഖ്, എം.നൗഫൽ, ഇസ്മായിൽ ഷാഫി, കെ.മഹമ്മദ് ഇഖ്ബാൽ, എം.ഷഹീദ്, ജി.മഹമ്മദ് ഷഫീഖ്, ഉമ്മർ ഫാറൂഖ്, അബ്ദുൽ കബീർ, മുഹമ്മദ് ഇബ്രാഹിം ഷാ, വൈ.സൈനുൽ ആബിദ്, ഷെഖ് സദ്ദാം ഹുസൈൻ, സാക്കിയാർ, എൻ.അബ്ദുൽ ഹാരിസ്, എം.എച്ച്.തുഫൈൽ എന്നിവരാണ് കുറ്റപത്രത്തിലെ പ്രതികൾ. ഇതിൽ മുസ്തഫ പായിച്ചാർ, കെ.എ.മസൂദ്, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കർ സിദ്ദിഖ്, ഉമ്മർ ഫാറൂഖ്, എം.എച്ച്.തുഫൈൽ എന്നിവരാണ് ഒളിവിലുള്ളത്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: NIA charge sheet reveals details of PFI 'killer squads' that targeted Praveen Nettaru