സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം; കേന്ദ്രത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍
Mail This Article
തിരുവനന്തപുരം∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. അതേസമയം, ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുതീര്‍പ്പെന്ന് മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. സാമൂഹിക, സാമ്പത്തിക മേഖലകളിൽ മികച്ച നേട്ടം കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞതായി ഗവർണർ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും കേരളം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. 17 ശതമാനം വളർച്ച നേടി. സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. ദുർബല വിഭാഗങ്ങൾക്കായാണ് സംസ്ഥാനത്തിന്റെ വികസനം നയം. നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിച്ചു. നിക്ഷേപത്തിന് അനുകൂല സാഹചര്യമൊരുക്കാൻ നടപടിക്രമങ്ങൾ സുഗമമാക്കി. വ്യവസായ മേഖലയിൽ കുതിച്ചുചാട്ടമുണ്ടായി. സാമ്പത്തിക ഫെഡറലിസം ശക്തമാക്കണമെന്നും ഗവർണർ പറഞ്ഞു.
വയോജന സംരക്ഷണത്തിൽ രാജ്യത്തുതന്നെ കേരളം മുന്നിലാണ്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും സംസ്ഥാനം മുൻപിലാണ്. കേരള നോളജ് എക്കണോമി മിഷനിലൂടെ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കി. സർക്കാർ ജീവനക്കാർക്കായി ഇൻഷുറൻസ് പദ്ധതി ആവിഷ്ക്കരിച്ചു. സർക്കാർ സേവനങ്ങൾ ഓൺലൈനാക്കി. തൊഴിലില്ലായ്മ പരിഹരിക്കാൻ വിവിധ പദ്ധതികൾ നടപ്പിലാക്കി. സർക്കാർ ജീവനക്കാർക്കായി ഇൻഷുറൻസ് പദ്ധതി ആവിഷ്ക്കരിച്ചു. സാധാരണക്കാർക്ക് വീടു നൽകാനുള്ള ലൈഫ് മിഷൻ പദ്ധതി തുടരും. തോട്ടം മേഖലയ്ക്ക് ഊന്നല്‍ നൽകും.
കേന്ദ്രസർക്കാരിനെ വിമർശിച്ച ഗവർണർ, സംസ്ഥാനത്തിന്റെ കടമെടുപ്പ് തടയാൻ നീക്കം നടക്കുന്നുവെന്ന് പറഞ്ഞു. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബന്ധമാണെന്നും ഗവർണർ പറഞ്ഞു. ശക്തമായ രാജ്യത്തിനു ശക്തമായ കേന്ദ്രവും അധികാരശ്രേണികളും വേണം. ജനങ്ങളുടെ താൽപര്യങ്ങൾ പ്രതിഫലിക്കുന്ന നിയമസഭകൾ സംരക്ഷിക്കപ്പെടണമെന്നും ഗവർണർ പറഞ്ഞു.
മാധ്യമ സ്വാതന്ത്യത്തെ ഹനിക്കുന്ന വാർത്തകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കേൾക്കുന്നു. എന്നാൽ, കേരള സർക്കാർ മാധ്യമ സ്വാതന്ത്യം സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിത, തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ നടപടി സ്വീകരിച്ചു. വീടുകളില്ലാത്ത മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതിയിലൂടെ വീടുകൾ നിർമിച്ചു നൽകി. തുറമുഖങ്ങൾ നവീകരിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചതായും ഗവർണർ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലും പുരോഗതിയുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായി കേരളം മാറി. പാഠ്യപദ്ധതി കാലോചിതമായി പരിഷ്ക്കരിക്കും. ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടു. ജനങ്ങൾക്ക് ആരോഗ്യമേഖലയില്‍ വിശ്വാസം കൂടി. പ്രസവ–ശിശുമരണ നിരക്ക് കുറഞ്ഞു. ആർദ്രം മിഷൻ അടിസ്ഥാന ചികിത്സാ മേഖലയിൽ പുരോഗതിയുണ്ടാക്കി. സർക്കാർ ആശുപത്രികളിൽ കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭിക്കുന്നു.
മാലിന്യനിർമാർജത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. പട്ടിജാതി–പട്ടിക വർഗ വിഭാഗത്തിന് തൊഴിൽ നൽകാൻ പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിച്ചു. നിക്ഷേപം ആകർഷിക്കുന്നതിന് ഭാവിയെമുന്നിൽ കണ്ടുള്ള വ്യവസായ നയം രൂപീകരിച്ചു. സ്റ്റാർട്ട്അപ് മിഷൻ സ്റ്റാർട്ട്അപ്പുകളുടെ രൂപീകരണത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നു. അതിഥി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു. ന്യൂനപക്ഷ ക്ഷേമത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു.
2023 എന്റർപ്രൈസസ് വർഷമായി ആചരിക്കും. 2023–24ൽ പബ്ലിക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് തുടങ്ങും. ചെറുകിട–മധ്യമേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രളയ സാധ്യത കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. സില്‍വർ ലൈൻ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നു. വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചു. ദേശീയപാതാ വികസനത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം നടപ്പിലാക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചര്‍ച്ച നടക്കും. തുടര്‍ന്ന് മൂന്നിനാണ് ബജറ്റ് അവതരണം. റിപ്പബ്ലിക് ദിനം മുതല്‍ 31 വരെ ഇടവേളയാണ്. ഫെബ്രുവരി 6 മുതല്‍ 8 വരെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. 13 മുതല്‍ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മപരിശോധന നടത്തും. 2023-24 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെ കാലയളവില്‍ 13 ദിവസം നീക്കിവച്ചിട്ടുണ്ട്.
ഈ സാമ്പത്തികവര്‍ഷത്തെ അന്തിമ ഉപധനാഭ്യര്‍ഥനകളെയും ബജറ്റിനെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും. സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നീക്കിവച്ച ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേര്‍ന്ന് പിന്നീട് തീരുമാനിക്കുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് ഉത്തരം നിശ്ചിത സമയത്തിനകം നല്‍കണമെന്ന കാര്യം മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തുമെന്നും ഷംസീര്‍ വ്യക്തമാക്കി.
English Summary: Budget Session of Kerala Assembly begins