മഞ്ഞുരുക്കാൻ മുൻകയ്യെടുത്ത് ഇന്ത്യ; പാക്ക് വിദേശകാര്യമന്ത്രിക്ക് ക്ഷണം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മഞ്ഞുരുക്കൽ നീക്കത്തിന് മുൻകയ്യെടുത്ത് ഇന്ത്യ. ഷാങ്ഹായ് കോ–ഓപ്പറേഷൻ ഓർഗനൈസേഷന്റെ, ഗോവയിൽ വച്ച് നടക്കാനിരിക്കുന്ന വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിലേക്ക് പാക്കിസ്ഥാനെ ഇന്ത്യ ക്ഷണിച്ചതായാണ് റിപ്പോർട്ട്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ വഴിയാണ് വിദേശകാര്യമന്ത്രി എസ്.ജയ്‍ശങ്കർ ക്ഷണം ബിലാവൽ ഭൂട്ടോയ്ക്ക് കൈമാറിയത്.
മേയ് ആദ്യവാരമാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് യുദ്ധങ്ങളിൽനിന്ന് തന്റെ രാജ്യം പാഠം പഠിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇന്ത്യൻ ക്ഷണം പാക്കിസ്ഥാൻ സ്വീകരിച്ചാൽ അത് ചരിത്രമാകുമെന്ന് നയതന്ത്ര വിദ്ഗധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ 12 വർഷത്തിനിടെ ഒരു ക്ക് വിദേശകാര്യമന്ത്രിയും ഇന്ത്യ സന്ദർശിച്ചിട്ടില്ല.
2011 ജൂലൈയിൽ അന്നത്തെ പാക്ക് വിദേശകാര്യമന്ത്രിയായിരുന്ന ഹിന റബ്ബാനി ഖർ ആണ് അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സുഷമ സ്വരാജ് ആണ് അവസാനമായി പാക്കിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രി. എട്ട് വർഷമായി ശിഥിലമായി തുടരുന്ന ഉഭയകക്ഷി ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഇതൊരു തുടക്കമായേക്കാമെന്നും നയതന്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമേ റഷ്യ, ചൈന, കസഖ്‍സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണ് എസ്സിഒയിൽ അംഗങ്ങളായുള്ളത്. പാക്കിസ്ഥാന് പുറമേ മറ്റ് അംഗരാജ്യങ്ങൾക്കും ഇന്ത്യ ക്ഷണക്കത്ത് അയച്ചതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുന്നു.
English Summary: India invites pak foreign minister