ADVERTISEMENT

ബെയ്ജിങ് ∙ യുഎസിന്റെ ആകാശത്തേക്കു വഴിതെറ്റി പറന്നതെന്ന് ചൈന അവകാശപ്പെടുന്ന ബലൂൺ കാരലൈന തീരത്ത് യുഎസ് പോർവിമാനങ്ങൾ വെടിവച്ചിട്ടതിനു പിന്നാലെ, ശക്തമായ മുന്നറിയിപ്പുമായി ചൈന. യുഎസ് നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ ചൈന, തക്കതായ മറുപടി നൽകുമെന്ന് താക്കീത് നൽകി. രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് യുഎസ് നടപടിയെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ആ‌ണവ മിസൈൽ കേന്ദ്രങ്ങളുള്ള തന്ത്രപ്രധാന യുഎസ് സംസ്ഥാനമായ മോണ്ടാനയിലാണ് ബലൂൺ പ്രത്യക്ഷപ്പെട്ടത്. ജനവാസമേഖലയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വെടിവച്ചു താഴെയിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടമുണ്ടായേക്കുമെന്നതിനാൽ ബലൂൺ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് വെടിവച്ചു വീഴ്ത്തിയത്. വെടിവച്ചു വീഴ്‌‍ത്താൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതിനു പിന്നാലെ അറ്റ്ലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്രകിലോമീറ്റർ പരിധിയിലുള്ള വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് റദ്ദാക്കിയിരുന്നു.

കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കാനാണ് യുഎസ് പ്രതിരോധവകുപ്പിന്റെ തീരുമാനം. എഫ്–22 വിമാനത്തിൽനിന്ന് മിസൈൽ വർഷിച്ചാണ് ബലൂൺ നശിപ്പിച്ചതെന്നും സമുദ്രത്തിൽ ഏകദേശം 47 അടി മാത്രം ആഴത്തിലാണ് ഇതു വീണതെന്നും യുഎസ് പ്രതിരോധ വകുപ്പായ പെന്റഗൺ അറിയിച്ചു. ആലോചിച്ചെടുത്ത തീരുമാന പ്രകാരം നിയമാനുസൃതമാണ് ഓപ്പറേഷൻ നടത്തിയതെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി.

എന്നാൽ, രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് യുഎസ് നടപടിയെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നയപരമായ നടപടികൾ സ്വീകരിക്കുന്നതിനു പകരം യുഎസ് നടത്തിയ ബലപ്രയോഗത്തിനെതിരെ അതൃപ്തിയും പ്രതിഷേധവും രേഖപ്പെടുത്തുന്നതായും അവർ വ്യക്തമാക്കി. നിയമാനുസൃതമായ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുകയും അനിവാര്യമായ പ്രതികരണം നടത്തുകയും ചെയ്യുമെന്ന് ചൈന പ്രസ്താവനയിൽ പ്രതികരിച്ചു.

ഹീലിയം വാതകം നിറച്ചതും സോളർ പാനൽ ഘടിപ്പിച്ചതുമായ ബലൂൺ ആണ് യുഎസ് വെടിവച്ചിട്ടത്. ബലൂണിന്റെ അടിയിൽ ക്യാമറകളും റഡാറുകളും സെൻസറുകളും അടക്കും നിരീക്ഷണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നായിരുന്നു യുഎസ് കണ്ടെത്തൽ. അതേസമയം, യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിനു മുൻപ് തന്നെ ബലൂണിനെപ്പറ്റി ബൈഡന് അറിവുണ്ടായിരുന്നെന്നും അക്കാര്യം അദ്ദേഹം ജനങ്ങളിൽ നിന്ന് മറച്ചുവച്ചെന്നും ആരോപണമുയർന്നു. സുപ്രധാന ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വെള്ളിയാഴ്ച ബെയ്ജിങ്ങിലേക്കു പുറപ്പെ‍ടാനിരിക്കെയാണ് ബലൂൺ വാർത്തകൾ പുറത്തുവന്നതും യാത്ര റദ്ദാക്കിയതും.

English Summary: China Warns Of "Necessary Response" After US Downs Suspected Spy Balloon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com