ADVERTISEMENT

ഇസ്തംബുൾ∙ 28,000 മരണം, ആറായിരലത്തിലധികം തകർന്ന കെട്ടിടങ്ങൾ, നൂറുകണക്കിന് തുടർചലനങ്ങൾ - തിങ്കളാഴ്‌ചയുണ്ടായ ഭൂകമ്പത്തിന്റെ ആഘാതത്തിൽനിന്നു തുർക്കി ഇനിയും കരകയറിയിട്ടില്ല. പക്ഷേ, നാശത്തിന്റെയും നിരാശയുടെയും നടുവിൽ അതിജീവനത്തിന്റെ അദ്ഭുതകഥകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

തണുത്തുറഞ്ഞ കാലാവസ്ഥയ്ക്കിടയിലും ആയിരക്കണക്കിന് രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഭൂകമ്പം സർവനാശം വിതച്ച തുർക്കിയിലെ ഹതായിൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിടാവിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തിയതാണ് ഏറ്റവും പുതിയ വാർത്ത. ഭൂകമ്പത്തിന് 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്.

ഇതുകൂടാതെ, രണ്ടു വയസ്സുള്ള പെൺകുട്ടിയും ആറു മാസം ഗർഭിണിയും 70 വയസ്സുള്ള സ്ത്രീയും ഭൂകമ്പത്തിന് അഞ്ച് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തിയവരിൽ ഉൾപ്പെടുന്നെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ചയുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം, തുർക്കിയിലും സിറിയയിലും ഉടനീളം വൻ നാശമാണ് വിതച്ചത്. ഈ നൂറ്റാണ്ടിലെ ലോകത്തിലെ ഏറ്റവും മാരകമായ ഏഴാമത്തെ പ്രകൃതിദുരന്തമായി ഇതു കണക്കാക്കപ്പെടുന്നു, 2003ൽ അയൽരാജ്യമായ ഇറാനിലുണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ട 31,000ലേക്ക് മരണസംഖ്യ അടക്കുകയാണ്.

തുർക്കിയിൽ മാത്രം ഇതുവരെ 24,617 മരണമാണ് സ്ഥിരീകരിച്ചത്. 1939 ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. വെള്ളിയാഴ്ചയ്ക്കു ശേഷം മരണസംഖ്യ വെളിപ്പെടുത്താത്ത സിറിയയിൽ 3500ലധികം പേർ മരിച്ചു.

English Summary: This Two-Month-Old Survived Under Rubble For 128 Hours After Turkey Quake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com