ADVERTISEMENT

ന്യൂഡല്‍ഹി∙ അദാനി ഓഹരി വിവാദം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുര്‍ബലപ്പെടുത്തുമെന്നും ഇന്ത്യയില്‍ ജനാധിപത്യ പുനരുജ്ജീവനത്തിനുള്ള വഴിതുറക്കുമെന്നും വിമര്‍ശിച്ച ഹംഗേറിയന്‍ ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിനെതിരെ രൂക്ഷ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 

ബോറോസിന്റെ വിമര്‍ശനം ഇന്ത്യയ്ക്കെതിരായ ആക്രമണമാണെന്നും രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ കടന്നുകയറാനുള്ള വിദേശശക്തികളുടെ നീക്കത്തെ ഇന്ത്യക്കാര്‍ ചെറുക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു. അദാനി വിഷയത്തില്‍ വിദേശ നിക്ഷേപകരോടും പാര്‍ലമെന്റിനോടും മോദി ഉത്തരം പറയണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും 92കാരനായ സോറോസ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.

‘‘സോറോസിന്റെ നീക്കം ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ്. രാജ്യത്തിന്റെ ആദ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടുള്ള ഇത്തരം പല വിദേശശക്തികളെയും ഇന്ത്യ പരാജയപ്പെടുത്തിയിട്ടുണ്ട്. സോറോസിന് ചുട്ടമറുപടി നല്‍കണമെന്ന് എല്ലാ ഇന്ത്യക്കാരോടും ആവശ്യപ്പെടുന്നു’’– സ്മൃതി ഇറാനി പറഞ്ഞു.

അറിയപ്പെടുന്ന ‘സാമ്പത്തിക യുദ്ധക്കുറ്റവാളി’യാണ് സോറോസെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ‘‘ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകര്‍ത്ത സോറോസ് ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സര്‍ക്കാരുകളെ വീഴ്ത്തി തങ്ങള്‍ക്ക് താല്‍പര്യമുളളവരെ അധികാരത്തിലെത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. വിദേശശക്തികള്‍ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇടയില്‍ ശക്തമായി നിലകൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടുത്ത ലക്ഷ്യം. ഇതൊരു യുദ്ധമായി കണക്കാക്കണം’’– സ്മൃതി ഇറാനി പറഞ്ഞു.

Read Also: രാത്രി പിന്നിലൂടെത്തി കടന്നു പിടിച്ചു; 'സ്വര്‍ണം എടുത്തോളൂ, കൊല്ലരുത്': കരഞ്ഞ് പറഞ്ഞിട്ടും തലയ്ക്കടിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥിരം വിമര്‍ശകനാണ് ജോര്‍ജ് സോറോസ്. 2020ല്‍ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലും സോറോസ്, മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട മോദി, ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്ന് സോറോസ് ആരോപിച്ചു. ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം റദ്ദാക്കിയും ആയിരക്കണക്കിനു മുസ്‌ലിംകളുടെ പൗരത്വം നഷ്ടപ്പെടുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു.  ദേശീയത വിപരീതദിശയില്‍ കൂടുതല്‍ മുന്നേറുകയാണെന്നും ഏറ്റവും ഭയപ്പെടുത്തുന്നത് ഇന്ത്യയിലെ സംഭവവികാസങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

English Summary: "Attack On India": BJP On Billionaire George Soros's PM Remarks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com