‘കതകടച്ചശേഷം മകളുടെ മുഖത്തിടിച്ചു; മലർത്തി കിടത്തി വയറ്റിൽ ചവിട്ടി: വെള്ളം കുടിക്കാൻപോലും വയ്യ’
Mail This Article
തെങ്കാശി∙ തമിഴ്നാട്ടിൽ തെങ്കാശിക്കു സമീപം പാവൂർഛത്രത്തിൽ റെയിൽവേ ലെവൽ ക്രോസിൽ ജോലിയിലിരിക്കെ യുവതിയെ ആക്രമിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്കായി അന്വേഷണം ശക്തമാക്കി. പ്രതിയുടേതെന്നു സംശയിക്കുന്ന ചെരുപ്പ് പൊലീസിനു ലഭിച്ചു. പെയിന്റിങ് തൊഴിലാളിയാണ് പ്രതിയെന്നാണ് നിഗമനം. ഷർട്ട് ധരിക്കാതെ മദ്യപിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായാണ് മൊഴി.
ഫോൺ ചെയ്തുകൊണ്ടിരിക്കെ എത്തിയ പ്രതി, മുറി പൂട്ടിയ ശേഷമാണ് അതിക്രമം നടത്തിയത്. മുഖത്ത് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തെന്ന് മകൾ പറഞ്ഞതായി യുവതിയുടെ അച്ഛൻ പറഞ്ഞു. ‘കാക്കി പാന്റ് ധരിച്ചയാളാണ് മുറിയിൽ കയറി മകളെ വരിഞ്ഞുമുറുക്കിയത്. ആദ്യം നെറ്റിയിലും പിന്നീട് ഫോണെടുത്ത് തലയ്ക്കും അടിച്ചു. പിന്നീട് മലർത്തി കിടത്തി വയറ്റിൽ ചവിട്ടുകയായിരുന്നു. അക്രമി മുടി കുത്തിപ്പിടിച്ചിട്ടും അവൾ കുടഞ്ഞെഴുന്നേറ്റ് അടച്ചിട്ട കതക് തുറന്ന് പുറത്തുചാടി. ഒടുവിൽ ഹൈവേയിൽ വന്ന് മകൾ കിടക്കുകയായിരുന്നു. ആളുകൾ കൂടിയതോടെ അക്രമി തെങ്കാശി ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു’– പിതാവ് പറഞ്ഞു.
Read Also: മോഹൻലാലിൽനിന്നും ആന്റണി പെരുമ്പാവൂരിൽനിന്നും ഐടി വകുപ്പ് വിവരങ്ങൾ ശേഖരിച്ചു
പ്രതിയെ ഉടൻ പിടികൂടണമെന്നും ഇനി മറ്റൊരു പെൺകുട്ടിക്കും ഇതുപോലെ ഒരനുഭവം ഉണ്ടാകരുതെന്നും യുവതിയുടെ അമ്മ ആവശ്യപ്പെട്ടു. നെഞ്ചിനും വയറ്റിനും ചവിട്ടേറ്റതിനെ തുടർന്ന് വെള്ളം കുടിക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ് മകൾ. മനോവിഷമം കാരണം സംസാരിക്കാനും വയ്യ. നിലവിൽ രണ്ടാളുടെ സഹായം അവൾക്ക് ആവശ്യമുണ്ടെന്നും അമ്മ പറഞ്ഞു.
English Summary: Malayali woman railway gatekeeper attacked in Tenkasi, escapes from sexual assault