‘മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ല, ഉദ്യോഗസ്ഥർ മോശമായി പെരുമാറി’
Mail This Article
ന്യൂഡൽഹി∙ ആദായ നികുതി വകുപ്പ് ഡൽഹി, മുംബൈ ഓഫിസുകളിൽ നടത്തിയ പരിശോധനകൾക്കെതിരെ ബിബിസി. പരിശോധനയ്ക്കെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ബിബിസിയുടെ ആരോപണം. മണിക്കൂറുകളോളം മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെട്ടു. ചില മാധ്യമപ്രവർത്തകരോട് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും മോശമായി പെരുമാറിയെന്നും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയായിരുന്നു വിമർശനം.
Read also: ‘സുരക്ഷിതൻ, അന്വേഷിക്കേണ്ട’: ഇസ്രയേലിൽ കാണാതായ കർഷകൻ കുടുംബത്തെ ബന്ധപ്പെട്ടു
മാധ്യമപ്രവർത്തകരുടെ കംപ്യുട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും അവരുടെ ഫോണുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. മാധ്യമപ്രവർത്തകരുടെ പ്രവർത്തനരീതിയെ കുറിച്ച് ചോദിച്ചറിഞ്ഞതായും ലേഖനത്തിൽ പറയുന്നു. ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മുതിർന്ന എഡിറ്റർമാർ നിരന്തരമായി അഭ്യർഥിച്ചതിന്റെ ഫലമായി ചിലരെ അതിന് അനുവദിച്ചെങ്കിലും ഹിന്ദി, ഇംഗ്ലീഷ് വിഭാഗത്തിലുള്ള മാധ്യമപ്രവർത്തകരെ അതിൽനിന്നു വിലക്കി. പ്രക്ഷേപണം സമയം അവസാനിച്ചതിനു ശേഷം മാത്രമാണ് ഈ ഭാഷകളിലുള്ളവരെ ജോലി ചെയ്യാൻ അനുവദിച്ചത്. ഡൽഹി ഓഫിസിലെ ജീവനക്കാർക്ക് പരിശോധനാ നടപടികളെക്കുറിച്ച് എഴുതുന്നതിൽ വിലക്കുണ്ടായിരുന്നെന്നും ലേഖനത്തിൽ പറഞ്ഞു.
ബിബിസിയുടെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി കേന്ദ്ര ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 58 മണിക്കൂർ നീണ്ട പരിശോധന വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. ബിബിസി ഗ്രൂപ്പിൽപ്പെട്ട പല കമ്പനികളുടെയും കണക്കിൽ കാണിച്ചിട്ടുള്ള വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനത്തിന്റെ തോതുമായി ഒത്തുപോകുന്നില്ലെന്നാണു പ്രധാന കണ്ടെത്തൽ. ജീവനക്കാരുടെ മൊഴി, ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ വരുംദിവസങ്ങളിൽ പരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ധനകാര്യവിഭാഗം, കണ്ടന്റ് ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ പ്രധാനപ്പെട്ടവരുടെ മൊഴികളാണ് എടുത്തത്.
English Summary: BBC claims its journalists ‘not allowed to work’ for hours during income tax survey