ഗതാഗതക്കുരുക്കിൽപ്പെട്ട കാറിൽനിന്ന് ഇറങ്ങിയോടി നവവരൻ; കാണാതായിട്ട് മൂന്നാഴ്ച
Mail This Article
ബെംഗളൂരു∙ ഗതാഗതക്കുരുക്കിൽപ്പെട്ട കാറിൽനിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ബെംഗളൂരു മഹാദേവപുരയിൽനിന്നു കാണാതായ യുവാവിനായി പൊലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. യുവാവിനായി ബന്ധുക്കളും തിരച്ചിൽ നടത്തുന്നുണ്ട്.
Read also: ‘മോദി സ്റ്റേഡിയത്തിൽ മോദി’; സ്വയം പുകഴ്ത്തലിന്റെ അങ്ങേയറ്റം: പരിഹസിച്ച് കോൺഗ്രസ്
സംഭവം ഇങ്ങനെ: ഫെബ്രുവരി 15നായിരുന്നു യുവാവിന്റെ വിവാഹം. കാണാതായത് പിറ്റേ ദിവസമാണ്. 16ന് പള്ളിയിൽനിന്നു തിരിച്ചുവരുമ്പോൾ വധുവും വരനും വന്ന വാഹനം ട്രാഫിക്കിൽപ്പെട്ടു. നവവരൻ കാറിന്റെ ഡോർ തുറന്ന് ഓടിപ്പോകുകയായിരുന്നു. ഭാര്യ പിന്നാലെ ഓടിയെങ്കിലും അയാൾ രക്ഷപ്പെട്ടു.
കുറച്ചു ദിവസം കാത്തിരുന്നശേഷം മാർച്ച് 5നാണ് ഭാര്യ പൊലീസിൽ പരാതിനൽകിയത്. കാമുകിയുടെ കൈവശം രഹസ്യ ഫൊട്ടോകൾ ഉണ്ടെന്നും അവ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് നവവരൻ മുങ്ങിയതെന്നാണ് പരാതി.
ചിക്ബല്ലാപുർ ജില്ലയിലെ ചിന്താമണി സ്വദേശിയാണ് നവവരനെന്ന് ഇരുപത്തിരണ്ടുകാരിയായ ഭാര്യ പറയുന്നു. കർണാടകയിലും ഗോവയിലും പെൺകുട്ടിയുടെ പിതാവ് നടത്തുന്ന കമ്പനിയിൽ ഇയാൾ സഹായിച്ചിരുന്നു. അങ്ങനെ ഗോവയിൽ എത്തിയപ്പോഴാണ് കാമുകിയുമായി ബന്ധം ഇയാൾ ആരംഭിച്ചത്. ഈ ബന്ധം അവസാനിപ്പിക്കുമെന്ന് ഭാര്യയോടു പറഞ്ഞെങ്കിലും തുടർന്നുകൊണ്ടിരുന്നു.
വിവാഹത്തിനുമുൻപുതന്നെ തന്നോട് ഇയാൾ ഇക്കാര്യം പറഞ്ഞിരുന്നെന്നും ബന്ധം അവസാനിപ്പിക്കുമെന്ന ഉറപ്പിലാണ് കല്യാണത്തിനു സമ്മതിച്ചതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ കാമുകി ബ്ലാക്മെയിൽ ചെയ്തതോടെയാണ് നവവരൻ മുങ്ങിയത്. ഇയാൾ ആത്മഹത്യാപ്രവണത കാണിച്ചിരുന്നെന്നും അവർ പരാതിയിൽ പറയുന്നു.
English Summary: How Bengaluru Traffic Helped Groom Ditch Newlywed Bride a Day After Marriage